നാല് ദിവസം നീണ്ട സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സിഡ്‌നിയിലെത്തി. കുടിയേറ്റ കാര്യ മന്ത്രി ഡേവിഡ് കോൾമാൻ സിഡ്നി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഭാര്യ സവിത കോവിന്ദിനോപ്പം ഓസ്‌ട്രേലിയയിലെത്തുന്ന അദ്ദേഹം സിഡ്‌നിയ്ക്ക് പുറമെ മെൽബനും സന്ദർശിക്കും.

Ram Nath Kovind, President Of The Republic Of India, is welcomed by Mr David Coleman, Minister for Immigration, Citizenship and Multicultural Affairs Source: AAP Image/Dean Lewins
സാമ്പത്തിക മേഖലയിലും, ശാസ്ത്ര-സാങ്കേതിക രംഗത്തും, കാർഷിക മേഖലയിലും മറ്റും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ രാഷ്ട്രപതിയുടെ സന്ദർശനം കൂടുതൽ സഹായകമാകുമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ ഡോ എ എം ഗോണ്ടാനെ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി സ്കോട്ട് മോറിസനുമായും ഗവർണ്ണർ ജനറൽ പീറ്റർ കോസ്ഗ്രോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കൂടാതെ സിഡ്‌നിയിലെ പാരമറ്റയിൽ നടക്കുന്ന 150 ആം ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ അദ്ദേഹം വ്യാഴാഴ്‌ച അനാച്ഛാദനം ചെയ്യും.

Ram Nath Kovind, President Of The Republic Of India, and his wife Mrs Savita Kovind disembark their flight as they arrive in Australia Source: AAP Image/Dean Lewins
വ്യാപാരം, ഖനനം, വിദ്യാഭ്യാസം എന്നീ മേഖലകളെ സംബന്ധിക്കുന്ന ധാരണാ പത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും.
ഇതിനു പുറമെ രാജ്യത്തെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്.
മെല്ബണിലെത്തുന്ന രാഷ്‌ട്രപതി, വിക്ടോറിയൻ ഗവർണ്ണർ ലിൻഡ ഡെസ്സോയുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് മെല്ബണിലെ വിദ്യാർത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്യും. നവംബർ 24 വരെയാണ് അദ്ദേഹം ഓസ്ട്രേലിയയിലുള്ളത്.
ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്‌ട്രപതി ഓസ്ട്രേലിയ സന്ദർശിക്കുന്നത്.
ഓസ്‌ട്രേലിയൻ ഗവർണ്ണർ ജനറൽ പീറ്റർ കോസ്ഗ്രോവ് മാർച്ചിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം.