ബ്രിസ്‌ബൈനിലെ സെന്റ് ലൂസിയയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫീസ്റ്റ് റെസ്റ്റോറന്റില്‍ 2017ല്‍ നടത്തിയ രണ്ടു പരിശോധനകളിലായിരുന്നു വലിയ തോതില്‍ മാലിന്യം കണ്ടെത്തിയത്.
റെസ്‌റ്റോറന്റിലെ ഫ്രീസറിനു പിന്നിലും ഡിഷ് വാഷറിനു പിന്നിലും പാറ്റകള്‍ വന്‍ തോതില്‍ കൂടുകൂട്ടിയിരിക്കുന്നതായി ജൂലൈയില്‍ നടത്തി പരിശോധനയില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ കണ്ടെത്തി. പാറ്റയുടെ വിസര്‍ജ്ജ്യങ്ങളും വന്‍ തോതിലുണ്ട് എന്നായിരുന്നു കണ്ടെത്തല്‍.
ഇതിനു പുറമേ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അടുക്കളയിലുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് ലൈസന്‍സ് ഉടനടി മരവിപ്പിച്ച ഫുഡ് ഇന്‍സ്‌പെക്ടര്‍ അഞ്ചു ദിവസത്തേക്ക് റെസ്റ്റോറന്റ് അടച്ചിടാന്‍ ഉത്തരവിട്ടു.
ഇതോടെയാണ് റെസ്‌റ്റോറന്റുടമയായ രാവേന്ദ്ര പ്രസാദ് ഫുഡ് ഇന്‍സ്‌പെക്ടറോട് മോശമായി പെരുമാറിയത്.
ഫുഡ് ഇന്‍സ്‌പെക്ടറോട് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ രാവേന്ദ്ര പ്രസാദ് ആക്രോശിച്ചു
കിഴക്കന്‍ യൂറോപ്യന്‍ വംശജയായ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് ഈ ജോലി ചെയ്യാന്‍ കഴിവില്ല എന്ന് രാവേന്ദ്ര പ്രസാദ് പരിഹസിച്ചു. സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ ഇവരോട് രാവേന്ദ്ര പ്രസാദ് ആക്രോശിക്കുകയും ചെയ്തു എന്നാണ് കേസ്.
പൊതുജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല റെസ്റ്റോറന്റിന്റെ അടുക്കളയെന്നും, അക്കാര്യമാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍ ചൂണ്ടിക്കാട്ടിയതന്നും പ്രോസിക്യൂട്ടര്‍ ബ്രിസ്‌ബൈന്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.
ഒരു മാസത്തിനു ശേഷം ഇതേ ഓഫീസര്‍ വീണ്ടും പരിശോധന നടത്തിയപ്പോള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നെങ്കിലും ഭക്ഷണം സൂക്ഷിക്കുന്നത് ശരിയായ രീതിയിലല്ല എന്ന് കണ്ടെത്തിയിരുന്നു.
ഫുഡ് ഇന്‍സ്്‌പെക്ടറെ അധിക്ഷേപിച്ചുവെന്നും, റെസ്റ്റോറന്റ് നടത്തിപ്പിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും രാവേന്ദ്ര പ്രസാദ് കോടതിയില്‍ കുറ്റം സമ്മതിച്ചു.
ഇതേത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 20,000 ഡോളറും, ഓഫീസറെ വംശീയമായി അധിക്ഷേപിച്ചതിന് 150 ഡോളറും കോടതി പിഴശിക്ഷ വിധിച്ചത്.