വിക്ടോറിയയിലെ വംഗാരറ്റയിലുള്ള ഇന്ത്യൻ തന്തൂരി റെസ്റ്റോറന്റ് ഉടമ ഫറൂഖ് ഷെയ്ഖിനെതിരെയാണ് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് കേസെടുത്തത്.
മെൽബണിൽ നിന്നും 230 കിലോമീറ്റർ അകലെ വംഗാരറ്റയിലുള്ള റെസ്റ്റോറന്റിൽ 2012 ഓഗസ്റ്റിനും 2013 ഒക്ടോബറിനുമിടയിലാണ് ദമ്പതികൾ ജോലി ചെയ്തത്.
പെർമനന്റ് റെസിഡൻസിക്ക് സ്പോൺസർ ചെയ്യാം എന്ന് വാഗ്ദാനം നൽകി ഇവരെ ശമ്പളം നൽകാതെ അടിമപ്പണി ചെയ്യിച്ചു എന്നാണ് കേസ്.
നിർബന്ധിത ജോലി ചെയ്യിച്ചു എന്ന കുറ്റം ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഒമ്പത് വര്ഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്.
42,500 ഡോളർ വേതനവും സൗജന്യ താമസവും വാഗ്‌ദാനം നൽകിയായിരുന്നു ഷെയ്ക്ക് ഇവർക്ക് ജോലി നൽകിയതെന്നാണ് ആരോപണം.
യാരവോങ്കയിലുള്ള ഇയാളുടെ മറ്റൊരു റെസ്റ്റോറന്റിന്റെ സ്റ്റോർമുറിയിലായിരുന്നു ഇവർക്ക് താമസസൗകര്യം നൽകിയിരുന്നത്. മാത്രമല്ല, ഒരു പ്രാവശ്യം പോലും ഇവർക്ക് വേതനം നൽകിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
14 മാസം ജോലി ചെയ്തതിന് 85,000 ഡോളറാണ് ഇവർക്ക് ശമ്പളമായി നൽകേണ്ടത്.
പെർമനന്റ് റെസിഡൻസിക്കായി സ്പോൺസർ ചെയ്യാമെന്ന് വാഗ്ദാനം നല്കിക്കൊണ്ടായിരുന്നു ഇവരെ അടിമപ്പണി ചെയ്യിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
പെർമനന്റ് റെസിഡൻസി ലഭിക്കാനായി ഇയാളെ ആശ്രയിക്കുകയായിരുന്നു ഇവരെന്നും അതുകൊണ്ടുതന്നെ ഈ ജോലിയിൽ തുടരാൻ ഇവർ നിർബന്ധിതരാവുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ശമ്പളം ചോദിച്ച സ്ത്രീയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ വാദിച്ചു. രോഗബാധിതനായ ഇവരുടെ ഭർത്താവിനെ ആശുപത്രിയിൽ പോകാൻ ഇയാൾ വിസമ്മതിക്കുകയും ചെയ്തിരുന്നു. മാനസിക സമ്മർദ്ദം നേരിട്ട ഇവരും ഭർത്താവും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നതായും പ്രോസിക്യൂഷൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഫെയർ വർക്ക് ഓംബുഡ്സ്മാൻ ദമ്പതികൾക്ക് 50,800 ഡോളർ നൽകണമെന്ന് ഷെയ്ക്കിനോട് ഉത്തരവിട്ടിരുന്നു. മാസത്തിൽ നൂറു ഡോളർ വച്ച് ഇതിന്റെ പകുതി തുക ഇയാൾ നൽകിയെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
2014ൽ ഇയാളുടെ റെസ്റ്റോറന്റ് ബിസിനസ് ലിക്വിഡേഷനിലേക്ക് പോയിരുന്നു.
ആന്റി സ്ലേവറി ഓസ്ട്രേലിയയാണ് കേസ് ഫെഡറൽ പൊലീസിന് റിപ്പോർട്ട് ചെയ്തത്.
ജൂൺ 22 ന് കോടതി ശിക്ഷ വിധിക്കും.
ഈ കുറ്റത്തിന് ഷെയ്ക് ജയിൽ ശിക്ഷയ്ക്ക് അർഹനാണെന്ന് കൗണ്ടി കോടതി ജഡ്ജി മൈക്കൽ കാഹിൽ വ്യക്തമാക്കി. ജയിൽശിക്ഷ നൽകുമോ അതോ ഇളവ് നൽകുമോ എന്ന കാര്യം ശിക്ഷ വിധിക്കുമ്പോൾ വ്യക്തമാക്കുമെന്നും കോടതി പറഞ്ഞു.