ഓസ്ട്രേലിയയിൽ നിന്ന് 700 മില്യൺ ഡോളറിന്റെ കൽക്കരിയുമായി ജൂലൈ അവസാനമാണ് MV അനസ്താഷ്യ എന്ന കപ്പൽ ചൈനയിലേക്ക് പോയത്.
എന്നാൽ ഓസ്ട്രേലിയ-ചൈന വ്യാപാരത്തർക്കം രൂക്ഷമായതോടെ കപ്പലിൽ നിന്ന് കൽക്കരി ഇറക്കാൻ ചൈനീസ് അധികൃതർ അനുവദിച്ചില്ല. ഓഗസ്റ്റ് ആദ്യവാരം മുതൽ ചൈനയിലെ കഫോഡിയൻ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്.
ഇന്ത്യാക്കാരായ കപ്പൽ നാവികരാണ് ഓസ്ട്രേലിയയും ചൈനയും തമ്മിലുള്ള ഈ തർക്കത്തിന് ഇരയായത്.
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള MV അനസ്താഷ്യ കപ്പലിൽ 18 ജീവനക്കാരാണുള്ളത്. ഇതിൽ 16ഉം ഇന്ത്യാക്കാരാണ്.
നാലു മലയാളികളും ഈ കപ്പലിൽ ജീവനക്കാരായുണ്ട്.
കൽക്കരി ഇറക്കാൻ വിസമ്മതിച്ചതിനു പുറമേ, കപ്പലിൽ നിന്ന് ജീവനക്കാരെ പുറത്തിറങ്ങാനും ചൈനീസ് അധികൃതർ സമ്മതിച്ചില്ല എന്നായിരുന്നു പരാതി.
18 മാസത്തിലേറെയായി കടലിൽ തന്നെ കഴിയുകയാണ് പല നാവികരെന്നും, ഇതിൽ ചിലർ ആത്യമഹത്യക്ക്ശ്രമിച്ചതായും കപ്പലിലെ സെക്കന്റ് ഓഫീസർ ഗൗരവ് സിംഗ് കഴിഞ്ഞ മാസം എസ് ബി എസ് മലയാളത്തോട് പറഞ്ഞിരുന്നു.

Source: Supplied
നങ്കൂരമിട്ടിരുന്ന സ്ഥലത്തു നിന്ന് കപ്പൽ നീങ്ങിയാൽ, കപ്പലിനെയും അതിലെ ജീവനക്കാരെയും അറസ്റ്റ്ചെയ്യുമെന്ന് ചൈനീസ് അധികൃതരുടെ ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയൻ സർക്കാരും ഇന്ത്യൻ സർക്കാരും ചൈനയുമായി ഷിപ്പിംഗ് കമ്പനിയുമായും നിരവധിചർച്ചകൾ ഇതേക്കുറിച്ച് നടത്തിയിരുന്നു.
കപ്പലിലെ ജീവനക്കാരെ മാറ്റി പുതിയ ജീവനക്കാരെ എത്തിക്കാൻ അനുവദിക്കണം എന്നായിരുന്നു പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെയും അതിന് അനുമതി ലഭിച്ചിരുന്നില്ല.
മറ്റൊരു പരിഹാരമാർഗ്ഗവും കണ്ടെത്താൻ കഴിയാത്തതിനാൽ, നാവികർക്ക് കരയിലിറങ്ങാൻ അവസരമൊരുക്കുന്നതിനായി കപ്പൽ ജപ്പാനിലേക്ക് നീങ്ങാൻ നിർദ്ദേശിച്ചിരിക്കുകയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ്കമ്പനി.
കപ്പൽ ജീവനക്കാരുടെ ആരോഗ്യസാഹചര്യവും സുരക്ഷയും മോശം അവസ്ഥയിലായിട്ടുണ്ടെന്നും, കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നതെന്നും ഷിപ്പിംഗ് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

Source: Supplied
കപ്പലിലെ 18 ജീവനക്കാരും വ്യാഴാഴ്ച കരയിലിറങ്ങും.
ഇതിനു ശേഷം ഇവരുടെ ആരോഗ്യപരിശോധന നടത്തും. അതുകഴിഞ്ഞാകും നാവികർ സ്വന്തം നാട്ടിലേക്ക് മടങ്ങുക.
ചൈനീസ് തീരത്ത് കുടുങ്ങിയിരുന്ന മറ്റൊരു ഇന്ത്യൻ കപ്പലിലെ ജീവനക്കാർ കഴിഞ്ഞ ദിവസം കരയിലിറങ്ങി നാടുകളിലേക്ക് മടങ്ങിയിരുന്നു. ജാഗ് ആനന്ദ് എന്ന കപ്പലിലെ ജീവനക്കാരാണ് ഇത്.
ഇവരും ജപ്പാൻ വഴിയാണ് മടങ്ങിയത്.