സൗത്ത് ഓസ്‌ട്രേലിയയിലെ കൊവിഡ് ക്ലസ്റ്റര്‍ സംസ്ഥാനത്ത് കൂടുതല്‍ വ്യാപകമാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
ഇത് നിയന്ത്രിക്കുന്നതിനായാണ് രോഗബാധ സ്ഥിരീകരിച്ചവര്‍ സന്ദര്ശിച്ച സ്ഥലങ്ങളുടെ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.
നവംബര്‍ എട്ട് ഞായറാഴ്ച ഫള്‍ഫാം കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ രോഗബാധ സ്ഥിരീകരിച്ചയാള്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കമ്മ്യൂണിറ്റി സെന്ററും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനു പുറമേ, രോഗബാധ സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും സന്ദര്ശിച്ച നിരവധി സ്ഥാപനങ്ങളെയും പ്രദേശങ്ങളെയും കുറിച്ച് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതില്‍ ഒരു ഇന്ത്യന്‍ സ്റ്റോറും ഉള്‍പ്പെടുന്നു.
അഡ്‌ലൈഡിലെ എൻഫീൽഡ് പ്ലാസയിലുള്ള ഏകം ഇന്ത്യൻ ഗ്രോസറീസിലാണ് രോഗം ബാധിച്ചയാൾ സന്ദർശിച്ചതെന്നാണ് സൗത്ത് ഓസ്ട്രേലിയ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ പറയുന്നത്.
ഏകം ഇന്ത്യൻ ഗ്രോസറീസിൽ നവംബർ 13 വെള്ളിയാഴ്ച ഒന്നരക്കും നാലരക്കും ഇടയിലും, നവംബർ എട്ടിന് ഫൽഹാം ഗാർഡൻസ് കമ്മ്യൂണിറ്റി സെന്ററും സന്ദർശിച്ചവർ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
ഇതിനു പുറമെ രോഗം ബാധിച്ചയാൾ സന്ദർശിച്ച നിരവധി സ്ഥലങ്ങളുടെ പേരുകളും ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് കട പൂർണമായും വൃത്തിയാക്കുകയും, ജീവനക്കാർ കൊറോണ പരിശോധനക്ക് വിധേയരാവുകയും ചെയ്തതതായി ഏകം ഇന്ത്യൻ ഗ്രോസറീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇതിനു ശേഷം കട വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി.
ഇതിനിടെ സൗത്ത് ഓസ്‌ട്രേലിയയിൽ വീണ്ടും രോഗം പടർന്ന സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതിൽ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലുമുള്ളവർ സംസ്ഥാനത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന പ്രീമിയർമാർ അറിയിച്ചു.
എന്നാൽ അതിർത്തി അടക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ വ്യക്തമാക്കി. സമാനമായ നിലപാടാണ് വിക്ടോറിയയയും അറിയിച്ചിരിക്കുന്നത്.
വിക്ടോറിയയിലേക്കുള്ള എല്ലാ യാത്രകളും റദ്ദാക്കണമെന്ന് സൗത്ത് ഓസ്‌ട്രേലിയക്കാരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.