ചിന്മയ് നായിക് എന്ന 23 കാരനായ മാധ്യമ വിദ്യാർത്ഥിയാണ് മൊണാഷ് സർവ്വകലാശാലക്കെതിരെ നിയമനടപടി സ്വീകരിച്ചത്. 2017 ൽ പല ബ്രീഡുകളിലുള്ള നായ്ക്കളെ സംബന്ധിച്ച വീഡിയോ അസൈന്മെന്റിൽ ചിന്മയ് പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഇത് പുനഃപരിശോധനക്ക് നൽകിയിരുന്നെങ്കിലും ചിന്മയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
അസൈന്മെന്റ് ആദ്യം വിലയിരുത്തിയ അതേ പരീക്ഷകൻ തന്നെയാണ് പുനഃപരിശോധനക്ക് നൽകിയപ്പോഴും വിലയിരുത്തിയതെന്നും സർവ്വകലാശാല പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ചിന്മയ് കോടതിയെ സമീപിച്ചത്.
ഇത് സംബന്ധിച്ച കേസ് വെള്ളിയാഴ്ച വിക്ടോറിയൻ സുപ്രീം കോടതി പരിഗണിച്ചപ്പോൾ ചിന്മയ് കോടതിയിൽ ഹാജരായി സ്വയം കേസ് വാദിക്കുകയായായിരുന്നു.
നിലവിലെ ഫലം റദ്ദാക്കിക്കൊണ്ട് തന്നെ വിജയിപ്പിക്കണമെന്ന് ചിന്മയ് കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ ഒരു അസ്‌സൈൻമെന്റിൽ തോൽക്കുക എന്നത് ലോകാവസാനമല്ലെന്ന് പറഞ്ഞുകൊണ്ട് ഈ കേസ് തള്ളിക്കളഞ്ഞതായി ജസ്റ്റിസ് മെലിന്ഡ റിച്ചാർഡ്‌സ് ഉത്തരവിട്ടു.
മാത്രമല്ല കോടതി നടപടികൾക്കായി സർവ്വകലാശാലയ്ക്ക് ചിലവായ 8000 ഡോളർ ചിന്മയ് അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ താൻ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പണം അടയ്ക്കാൻ കഴിയില്ലെന്ന് ഇദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
കോടതിയുടെ ഉത്തരവിനെ ബഹുമാനിക്കുന്നതായി കോടതി പിരിഞ്ഞ ശേഷം ചിന്മയ് മാധ്യമങ്ങളോട് പറഞ്ഞു. വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ നടപ്പിലാകാത്തതുകൊണ്ട് താൻ ചെയ്തതിൽ തെറ്റുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ചിന്മയ് കൂട്ടിച്ചേർത്തു.
ഈ വിഷയം ചൂണ്ടിക്കാണിച്ച് ചിന്മയ് മനുഷ്യാവകാശ കമ്മീഷനെയും ഓംബുഡ്സ്മാനെയും നേരത്തെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.