ബ്രിസ്‌ബൈനിലെ വെജി രാമ എന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റാണ് ജീവനക്കാരന് ശമ്പളം കുറച്ച് നൽകിയെന്ന ആരോപണത്തെത്തുടർന്ന് നിയമനടപടികൾ നേരിടുന്നത്.
വെജി രാമയുടെ ഡയറക്ടർ രുചിക ശർമ്മ, ഓപ്പറേറ്റർ റിദ്ദി സിദ്ദി പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് ഫെയർവർക്ക് ഓംബുഡ്സ്മാൻ കേസെടുത്തിരിക്കുന്നത്.
വെജി രാമയിലെ ജീവനക്കാരൻറെ പരാതിയെതുടർന്നാണ് ഫയർവർക് ഓംബുഡ്സ്മാൻ അന്വേഷണം ആരംഭിച്ചത്.
2018 ഏപ്രിലിനും 2019 ഓഗസ്റ്റിനുമിടയിൽ കാഷ്വൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന നേപ്പാളി യുവാവിന് അർഹതപ്പെട്ട ശമ്പളം നൽകിയില്ലെന്നും വ്യാജ രേഖകളും പേ സ്ലിപ്പും മറ്റുമാണ് ഇവർ ഫെയർവർക്കിന് നല്കിയതെന്നുമാണ് ആരോപണം.
ആഴ്ചയിൽ 50 മണിക്കൂറിനും 60 മണിക്കൂറിനുമിടയിലാണ് നേപ്പാളി യുവാവ് ഇവിടെ ജോലിചെയ്തത് എന്നാണ് ഫെയർവർക്ക് പറയുന്നത്. എന്നാൽ ഇയാൾ ജോലിചെയ്ത സമയവും കുറച്ച് കാണിച്ചാണ് ഇവർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കുറ്റം തെളിഞ്ഞാൽ നിയമലംഘനം നടത്തിയതിന് കമ്പനി 31,500 ഡോളർ പിഴയും, ഡയറക്ടർ രുചിക ശർമ 6,300 ഡോളർ പിഴയും നൽകേണ്ടി വന്നേക്കും. കൂടാതെ വ്യാജ റെക്കോർഡുകളും പേ സ്ലിപ്പുകളും നൽകിയതിന് കമ്പനി 63,000 ഡോളറും ഡയറക്ടർ 12,600 ഡോളർ പിഴയും നൽകേണ്ടി വരും.
ഹൊബാർട്ട് ടേക്ക് എവേ ബിസിനസിനെതിരെയും നിയമനടപടി
ഹൊബാർട്ടിലെ ലിറ്റിൽ ഇന്ത്യ ടേക്ക് എവേ റെസ്റ്റോറന്റിനെതിരെയാണ് ഫയർവേക് ഓംബുഡ്സ്മാൻ നിയമനടപടികൾ കൈക്കൊണ്ടത്.
ഇവിടെ ജോലി ചെയ്ത 17 കാഷ്വൽ ജീവനക്കാർക്ക് വേതനം കുറച്ചു നൽകിയെന്ന പരാതിയെതുടർന്നാണ് ഫെയർ വർക് അന്വേഷണം ആരംഭിച്ചത്. 63,065 ഡോളറാണ് ഇവർ കുറച്ച് നൽകിയത്.
ഇതേതുടർന്ന് സച്ചിതാനന്ദ എൻ ചെല്ലിയാ-മഹേശ്വരി ടൂൾസെറം ദമ്പതികൾക്കെതിരെയാണ് ഫെയർ വർക്ക് ഫെഡറൽ സിർക്യൂട്ട് കോടതിയെ സമീപിച്ചത്.
മിനിമം വേതനം, കാഷ്വൽ ലോഡിങ്, പെനാൽറ്റി ഉൾപ്പെടെയുള്ളവ നൽകിയില്ലെന്നും 270 ഡോളർ മുതൽ 15,224 ഡോളർ വരെയാണ് റെസ്റ്റോറന്റ് വേതനം കുറച്ച് നല്കിയതെന്നുമാണ് ആരോപണം.
ഓരോ നിയമലംഘനത്തിനും 12,600 ഡോളർ വീതമാണ് ഇവർ നൽകേണ്ടി വരുന്ന പിഴ.