ഹോബാര്‍ട്ടിലെ അര്‍ഗൈല്‍ സ്ട്രീറ്റിലുള്ള മക്‌ഡൊണാള്‍ഡ്‌സ് റെസ്‌റ്റോറന്റില്‍ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് ലീ മാക്‌സ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. മക്‌ഡൊണാള്‍ഡ്‌സില്‍ ടോയ്‌ലറ്റില്‍ പോയ ശേഷം തിരിച്ചിറങ്ങുമ്പോള്‍ നാലു യുവാക്കളും ഒരു യുവതിയും റെസ്‌റ്റോറന്റ് ജീവനക്കാരിയുമായി തര്‍ക്കിക്കുന്നത് കണ്ടു. അവര്‍ ജീവനക്കാരിയെ അപമാനിക്കുന്നത് കണ്ട സാഹചര്യത്തില്‍ താന്‍ ഭക്ഷണം ഒന്നും വാങ്ങാതെ പുറത്തേക്കിറങ്ങി.
തനിക്ക് പിന്നാലെ പുറത്തേക്കിറങ്ങിയ ഈ യുവാക്കള്‍ പിന്നീടുള്ള രോഷം തന്റെ നേരേ തീര്‍ക്കുകയായിരുന്നു. 'കറുത്തവനായ ഇന്ത്യാക്കാരന്‍ എന്തിന് തങ്ങളെ നോക്കുന്നു' എന്നു ചോദിച്ചുകൊണ്ടായിരുന്നു ഇവര്‍ തന്റെ നേരേ അടുത്തത് എന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ലീ മാക്‌സ് പറയുന്നു.
താന്‍ അവരെ നോക്കുന്നില്ല എന്നു പറഞ്ഞപ്പോള്‍ യുവാക്കള്‍ കൂട്ടമായി ആക്രമിച്ചു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കൈയിലിട്ടിരുന്ന ലോഹവളയം കൊണ്ട് ഒരാള്‍ തുടരെ ഇടിച്ചുവെന്നും, അങ്ങനെയാണ് മുഖത്തിന് മുറിവു പറ്റിയതെന്നും ലീ മാക്‌സ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ആക്രമണം നടത്തിയവരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ലീ മാക്‌സ് അതുള്‍പ്പെടെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
റോയല്‍ ഹോബാര്‍ട്ട് ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ച ലീയെ, സ്‌കാനിംഗിനും പ്രാഥമിക ചികിത്സകള്‍ക്കും ശേഷം ഡിസ്ചാര്‍ജ് ചെയ്തു. സംഭവം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Source: Supplied
(ലീ മാക്‌സ് ഈ സംഭവത്തെക്കുറിച്ച് നേരിട്ട് വിശദീകരിക്കുന്നത് കേള്‍ക്കാം - ഇന്നു രാത്രി 9 മണിക്ക് എസ് ബി എസ് മലയാളം റേഡിയോയില്‍)
കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്‌സ് എട്ടു വര്‍ഷമായി ഹോബാര്‍ട്ടില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ്.
നഗരത്തില്‍ വംശീയമായ വിദ്വേഷം ഇപ്പോള് വര്‍ദ്ധിച്ചുവരികയാണെന്നും ലീ മാക്‌സ് ആരോപിച്ചു. കഴിഞ്ഞയാഴ്ച ഒരു സ്‌കൂളിന് പുറത്തുവച്ച് ഒരു വിദ്യാര്‍ത്ഥി വായില്‍ വെള്ളം നിറച്ച് തന്റെ നേരേ തുപ്പുന്ന സംഭവവും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു പരാതിയും ഇദ്ദേഹം പൊലീസിന് നല്‍കിയിട്ടുണ്ട്.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ടാസ്‌മേനിയ പോലീസിനെ എസ് ബി എസ് മലയാളം ബന്ധപ്പെട്ടിട്ടുണ്ട്.