2016 ഓഗസ്റ്റ് എട്ടിന് മെല്‍ബണിലെ ക്രാന്‍ബേണിലാണ് കേസിനാസ്പദമായ കാറപകടമുണ്ടായത്. സൗത്ത് ഗിപ്സ്ലാന്റ് ഹൈവേയില്‍ റോഡിലെ സൈന്‍ ബോര്‍ഡ് തെറ്റിച്ച് വലതുവശത്തേക്ക് തിരിയാന്‍ നോക്കിയപ്പോഴാണ് അപകടകമുണ്ടായത് എന്നാണ് കേസ്.
നിര്‍ബന്ധമായും ഇടത്തേക്ക് തിരിയണം (Must Turn Left) എന്ന നിബന്ധനയുള്ള ഈ പ്രദേശത്ത്, ഹൈവേയിലെ മൂന്നു ലൈനുകള്‍ കടന്ന് ഡിംപിള്‍ റോഡിന്റെ മധ്യത്തുള്ള മീഡിയനിലേക്ക് എത്തി. ഈ സമയത്ത് മറുവശത്തു നിന്ന് വന്ന കാര്‍ ഡിംപിളിന്റെ കാറില്‍ ഇടിക്കുകയായിരുന്നു.
28 ആഴ്ച ഗര്‍ഭിണിയായ ആഷ്‌ലി അലനായിരുന്നു ഈ കാര്‍ ഓടിച്ചിരുന്നത്. വയറ്റില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ ആഷ്‌ലിയെ ആശുപത്രിയില#് പ്രവേശിപ്പിക്കുകയും, എമര്‍ജന്‍സി സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു.
എന്നാല്‍ അപകടത്തിന്റെ ആഘാതം മൂലം രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞ് മരിച്ചു.
മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വണ്ടിയോടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിന് മെല്‍ബണ്‍ കൗണ്ടി കോടതി രണ്ടര വര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കുറ്റം ഡിംപിള്‍ നേരത്തേ സമ്മതിച്ചിരുന്നു.
31കാരിയായ ഡിംപിള്‍ തോമസ്, ആരോഗ്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. സംഭവ സമയത്ത് ഗര്‍ഭിണിയായിരുന്ന ഡിംപിളിന്റെ ഗര്‍ഭം അപകടത്തിനു ശേഷം അലസുകയും ചെയ്തിരുന്നു.
പത്തു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണെങ്കിലും, ഡിംപിളിന്റെ പേരില്‍ ഇതുവരെ കേസുകളൊന്നും ഇല്ല എന്നതും, കുടുംബത്തിന്റെ സ്ഥിതിയും കൂടി പരിഗണിച്ചാണ് രണ്ടര വര്‍ഷമാക്കി തടവു കുറച്ചത്. അതില്‍ 15 മാസം മാത്രം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.
നാടുകടത്താന്‍ സാധ്യത
ഒരു വര്‍ഷത്തിനു മേല്‍ ശിക്ഷ കിട്ടുന്ന പെര്‍മനന്റ് റെസിഡന്റ്‌സി വിസയിലുള്ളവരെ നാടു കടത്താം എന്നാണ് ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ നിയമം.
ഈ നിയമം ചൂണ്ടിക്കാണിച്ച് ശിക്ഷാ വിധി ഒരു വര്‍ഷത്തില്‍ താഴെയാക്കണം എന്ന് ഡിംപിളിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ട് എന്ന കാര്യം വിധിയിലും ചൂണ്ടിക്കാണിച്ച കോടതി, എന്നാല്‍ വിധി ഇളവു ചെയ്തിട്ടില്ല.
കുടിയേറ്റകാര്യമന്ത്രിയുടെ പ്രത്യേക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശിക്ഷാ കാലാവധിക്കു ശേഷം ഡിംപിളിനെ നാടു കടത്താന്‍ കഴിയും. കണ്ണൂർ സ്വദേശിയായ ഡിംപിളും കുടുംബവും 2012 ലാണ് ഓസ്‌ട്രേലിയയിലെത്തിയത് .