സിഡ്‌നിയിലെ റൂട്ടി ഹില്ലിലുള്ള രണ്ടു വീടുകളിൽ പ്രാർത്ഥന നടത്താനായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
2016ൽ പ്രാർത്ഥന നടത്താനായി എത്തിയ വീടിന്റെ കിടപ്പുമുറിയിൽ വച്ച് 38 കാരനായ ആനന്ദ് ഗിരി 29 വയസ്സുള്ള സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.
ഇതിനു ശേഷം 2018 നവംബറിൽ പ്രാർത്ഥന നടത്താൻ എത്തിയ മറ്റൊരു വീടിന്റെ സ്വീകരണമുറിയിൽ വച്ച് 34 കാരിയോടും അപമര്യാദയായി പെരുമാറിയെന്നും പൊലീസ് ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൗണ്ട് ഡ്രൂയിറ്റ് പൊലീസ് ഏരിയ കമാന്റിന് പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുന്നയായിരുന്നു. തുടർന്ന് ഓക്സലെ പാർക്കിൽ നിന്നും ഇയാളെ ഞായറാഴ്ച വെളുപ്പിനെ പന്ത്രണ്ടരയോടെ അറസ്റ്റ് ചെയ്തതായി NSW പൊലീസ് സ്ഥിരീകരിച്ചു.
ആറാഴ്ചത്തെ ആത്‌മീയ പ്രഭാഷണങ്ങൾക്കും യോഗയ്ക്കുമായി ഓസ്‌ട്രേലിയയിലെത്തി ഗിരി തിങ്കളാഴ്ച തിരികെ മടങ്ങാനിരിക്കവെയാണ് അറസ്റ്റ്.
16 വയസ്സിനു മേൽ പ്രായമായ രണ്ട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
അറസ്റ്റിലായ ആനന്ദ് ഗിരിയെ ഞായറാഴ്ച തന്നെ പാരമറ്റ മജിസ്‌ട്രേറ്സ് കോടതിയിൽ ഹാജരാക്കി.
ഇയാൾക്ക് ജാമ്യം അനുവദിച്ചു നൽകണമെന്നും ഓക്സലെ പാർക്കിലുള്ള ക്ഷേത്രത്തിൽ തങ്ങാൻ അനുവദിക്കണമെന്നും ഗിരിയുടെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചുവെങ്കിലും കോടതി ഈ അഭ്യർത്ഥന നിരസിക്കുകയായിരുന്നു . മാത്രമല്ല ഇയാൾക്ക് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.
ജൂൺ 26നു മൗണ്ട് ഡ്രൂയിറ്റ് ലോക്കൽ കോടതിയിൽ വീണ്ടും ഹാജരാകുന്നത് വരെ ഇയാളെ കോടതി റിമാൻഡ് ചെയ്തു.