കൊറോണവൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതികൾ അവസാനിക്കുന്നതോടെ രാജ്യത്തെ നിരവധി കമ്പനികൾ നഷ്ടത്തിലേക്ക് പോകും എന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യം മുന്നിൽ കണ്ടാണ് സാമ്പത്തിക നഷ്ടത്തിലാകുന്ന കമ്പനികൾക്ക് അടച്ചുപൂട്ടുകയോ, പ്രവർത്തന രീതി പുനർക്രമീരിക്കുകയോ ചെയ്യു്ന്നത് എളുപ്പത്തിലാക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്.
“ഇൻസോൾവൻസി” നിയമത്തിലെ പ്രധാന വകുപ്പ് ഇതിനായി ഭേദഗതി ചെയ്യുമെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അറിയിച്ചു.
അമേരിക്കൻ മാതൃകയിൽ, രണ്ടു തട്ടുകളായുള്ള “പാപ്പരാകൽ” നടപടിക്രമങ്ങളാണ് വേണ്ടി കൊണ്ടുവരുന്നത്.
വൻകിട കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലായാലും നിലവിലുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോകണം.
അതായത്, അവർ സാമ്പത്തിക പ്രതിസന്ധിയിലായാൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് പോകുകയും, കമ്പനി ഉടമകൾക്ക് പിന്നീടുള്ള പ്രവർത്തനത്തിൽ നിയന്ത്രണം നഷ്ടമാകുകയും ചെയ്യും.
എന്നാൽ പത്തു ലക്ഷം ഡോളറിൽ താഴെ മാത്രം സാമ്പത്തിക ബാധ്യതയുള്ള കമ്പനികൾക്ക് ഇത് കൂടുതൽ എളുപ്പമാക്കുന്നതിനാണ് പുതിയ നിയമ ഭേദഗതി.
അഡ്മിനിസ്ട്രേറ്റർ ഭരണം വേണ്ട
പുതിയ ഭേദഗതി പ്രകാരം, ചെറുകിട സ്ഥാപനങ്ങൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും ഇൻസോൾവൻസിയിലേക്കും (ബാധ്യതകൾ തീർക്കാൻ പണമില്ലാത്ത അവസ്ഥ) പോയാലും ഉടൻ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻ കീഴിലാക്കില്ല.
മറിച്ച്, സ്ഥാപനത്തെ എങ്ങനെ രക്ഷിക്കാമെന്നതിന് പദ്ധതി സമർപ്പിക്കാൻ ഉടമയ്ക്ക് തന്നെ 20 ദിവസം സമയം ലഭിക്കും.
ഈ കാലാവധിയിൽ സ്ഥാപനത്തിന്റെ നിയന്ത്രണവും ഉടമയ്ക്ക് തന്നെയായിരിക്കും.
സാധാരണരീതിയിൽ അഡ്മിനിസ്ട്രേറ്ററാകും ഈ കാലാവധിയിൽ സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനവും നിയന്ത്രിക്കുന്നത്.
കമ്പനി പുനർക്രമീകരിക്കുന്നതിനുള്ള പദ്ധതി ഉടമ സമർപ്പിച്ചാൽ, അതിൻമേൽ 15 ദിവസത്തിനുള്ളിൽ ക്രെഡിറ്റർമാർക്ക് (പണം ലഭിക്കാനുള്ളവർ) വോട്ട് ചെയ്യാം.

Source: Photo by Benedikt Geyer on Unsplash
അഥവാ സ്ഥാപനം വീണ്ടും പ്രവർത്തന ക്ഷമമാക്കാൻ കഴിയില്ല എന്നാണ് തീരുമാനിക്കുന്നതെങ്കിൽ, അത് അടച്ചുപൂട്ടുന്നതിനുള്ള നടപടിക്രമങ്ങളും ലഘൂകരിക്കും.
സാധാരണ ഗതിയിൽ സ്ഥാപനം പിരിച്ചുവിടുന്നതിന് ലിക്വിഡേറ്റർമാരെ നിയമിക്കുകയും, അവരുടെ അന്വേഷണവും, ക്രെഡിറ്റർമാരുമായുള്ള കൂടിക്കാഴ്ചകളും, റിപ്പോർട്ട് സമർപ്പണവുമെല്ലാം പൂർത്തിയാക്കണം.
എന്നാൽ ഈ നടപടിക്രമങ്ങൾ ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
ലിക്വിഡേറ്റർമാരുടെ നിയന്ത്രണത്തിലേക്ക് പോകുമ്പോൾ പല ബിസിനസുകളുടെയും ബാക്കിയുള്ള സാമ്പത്തിക ആസ്തി കൂടി അതിന്റെ നടപടിക്രമങ്ങൾക്കായി ചെലവാക്കേണ്ടി വരും.
പണം ലഭിക്കാനുള്ള ക്രെഡിറ്റർമാർക്കും ഇത് നഷ്ടമാണ് വരുത്തുന്നത്.
എന്നാൽ അതിനു പകരം സ്ഥാപന ഉടമയ്ക്ക് തന്നെ ക്രെഡിറ്റർമാരുമായി ചർച്ച നടത്തി കമ്പനിയെ രക്ഷിക്കാൻ ശ്രമിക്കാനുള്ള അവസരമാണ് നൽകുന്നതെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അറിയിച്ചു.
അടുത്ത മാസമാദ്യം ഫെഡറൽ സർക്കാർ ബജറ്റ് അവതരിപ്പിക്കുമ്പോൾ, കൊവിഡ് കാലത്തിനു ശേഷം ബിസിനസുകളെ സംരക്ഷിക്കാനുള്ള കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.