വീണ്ടും പലിശ നിരക്ക് വർദ്ധിപ്പിക്കുന്ന നടപടികൾ താത്കാലികമായി റിസർവ് ബാങ്ക് നിർത്തലാക്കാൻ സാധ്യതയെന്ന് സൂചന.
ഈ ആഴ്ച പുറത്ത് വരുന്ന തൊഴിലില്ലായ്‌മ നിരക്കും ശമ്പളവും സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ മോശമായ പ്രകടനമാണ് ചൂണ്ടിക്കാട്ടുന്നതെങ്കിൽ ഉടൻ ഒരു വർദ്ധനവിന് സാധ്യത കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 2023 അവസാനത്തോടെ 4.5 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ഡൊയിച്ച് ബാങ്കിന്റെ കണക്കുകൂട്ടൽ.
എന്നാൽ 3.7 ശതമാനമെന്നതാണ് റിസർവ് ബാങ്കിന്റെ പ്രവചനം.
ഈ ആഴ്ച പുറത്ത് വരുന്ന തൊഴിലില്ലായ്‌മ നിരക്ക് റിസർവ് ബാങ്ക് സൂക്ഷ്മമായി വിലയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ.
മഹാമാരിക്കാലത്ത് പൊതുജനത്തിന് പലിശ നിരക്ക് സംബന്ധിച്ച് നൽകിയ വിവരങ്ങളിൽ പിഴവ് പറ്റിയതായും റിസർവ് ബാങ്ക് സമ്മതിച്ചു.
2024 വരെ പലിശ നിരക്ക് ഉയരാൻ സാധ്യതയില്ലെന്നായിരുന്നു റിസർവ് ബാങ്ക് പറഞ്ഞിരുന്നത്.
ഇത് വിശ്വാസ്യതയെ ബാധിച്ചതയും RBA തുറന്നു സമ്മതിച്ചു.
നവമ്പർ ഒന്നിന് 0.25 ശതമാനമാണ് ബാങ്കിംഗ് പലിശ നിരക്ക് ഉയർത്തിയത്.
തുടർച്ചയായി ഏഴാം മാസമാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്.
രാജ്യത്തെ നാണയപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്.
കൂടുതൽ വർദ്ധനവിനുള്ള മുന്നറിയിപ്പ് റിസർവ് ബാങ്ക് നൽകിരുന്നതെങ്കിലും, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം കൂടുതൽ നടപടികൾ പരിഗണിക്കുമെന്നുള്ള സൂചനയാണ് റിസർവ് ബാങ്ക് നൽകിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് താല്കാലികമായി നിർത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.