ഈ വർഷം ഇത് മൂന്നാം തവണയാണ് ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കുന്നത്.
2020 തുടങ്ങുമ്പോൾ 0.75 ശതമാനമായിരുന്നു പലിശ. ഇത് ആദ്യം 0.5 ശതമാനമായും, പിന്നീട് 0.25 ശതമാനമായും കുറച്ചിരുന്നു.
മാർച്ച് മാസം മുതൽ 0.25 ശതമാനമായിരുന്നു പലിശ.
ഇതാണ് പുതിയൊരു റെക്കോർഡിലേക്ക് റിസർവ് ബാങ്ക് വെട്ടിക്കുറച്ചിരിക്കുന്നത്.
0.1 ശതമാനമാണ് രാജ്യത്തെ പുതിയ ബാങ്കിംഗ് പലിശനിരക്ക്.
നാലു വർഷം മുമ്പ്, അതായത് 2016ൽ രണ്ടു ശതമാനമുണ്ടായിരുന്ന പലിശ നിരക്കാണ് ഇത്രയും കുറഞ്ഞിരിക്കുന്നത്.
ഒക്ടോബറിലെ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച നടപടികൾക്കു പിന്നാലെ, പലിശനിരക്ക് വീണ്ടും കുറയും എന്ന് സൂചനയുണ്ടായിരുന്നു.
പലിശ നിരക്കിലെ കുറവ് പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകൾ തയ്യാറായാൽ, ഒരു ശരാശരി ഉപഭോക്താവിന് വർഷം 500 ഡോളർ മുതൽ 1,000 ഡോളർ വരെ പലനിശയിനത്തിൽ ലാഭമുണ്ടാകും.
വീടു വാങ്ങാനായി 4,80,000 ഡോളർ വായ്പയെടുത്തിട്ടുള്ള ഒരു ഉപഭോക്താവിന്, ഈ ഇളവ് പൂർണമായും ലഭിച്ചാൽ മാസം 495 ഡോളറാകും പലിശ കുറയുന്നത്.
ഇതിനു പുറമേ, സാമ്പത്തിക ഉത്തേജനത്തിനായി കൂടുതൽ പദ്ധതികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നു പതിറ്റാണ്ടിനു ശേഷം ഓസ്ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലായ പശ്ചാത്തലത്തിലാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്.
ഫെഡറൽ സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരുകളിൽ നിന്നുമായി 100 ബില്യൺ ഡോളറിന്റെ ബോണ്ടുകൾ വാങ്ങാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനമാണ് ഇതിൽ ഏറ്റവും പ്രധാനം.
ക്വാണ്ടിന്റേറ്റീവ് ഈസിംഗ് എന്നറിയപ്പെടുന്ന നടപടിയാണ് ഇത്.
“കൂടുതൽ പണം അച്ചടിക്കുക” എന്നാണ് ഇത് സാധാരണരീതിയിൽ അറിയപ്പെടുന്നത്.
വായ്പ നൽകുന്നതും, നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ നടപടികള് സഹായിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോവി പറഞ്ഞു.