മെയ് ആദ്യം മുതലുള്ള കണക്ക് പ്രകാരം രാജ്യത്തെ ശരാശരി ഭവന മൂല്യത്തിൽ രണ്ട് ശതമാനത്തിൻറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലിശ നിരക്ക് ഉയരുന്നതോടെ വരും മാസങ്ങളിൽ വീട് വിലയിൽ ഇനിയും ഇടിവുണ്ടാകുമെന്നാണ് പ്രോപ്പർട്ടി അനലിറ്റിക്സ് സ്ഥാപനമായ കോർ ലോജിക്കിൻറെ പ്രവചനം. പലിശ നിരക്കിലുണ്ടായ വർദ്ധനവ് ഓരോ നഗരങ്ങളിലെയും ഭവന വിപണിയെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന് പരിശോധിക്കാം..
വീട് വില കുറഞ്ഞ നഗരങ്ങൾ
- സിഡ്നി
- മെൽബൺ
- ബ്രിസ്ബൈൻ
- കാൻബറ
- ഹൊബാർട്ട്
ജൂലൈ മാസത്തിൽ സിഡ്നിയിലെ ഭവന വിലയിൽ ശരാശരി 2.2 ശതമാനത്തിൻറെ കുറവുണ്ടായതായി കോർ ലോജിക്കിൻറെ റിപ്പോർട്ട് പറയുന്നു. സിഡ്നിയിലെ മീഡിയൻ വീടുകളുടെ വില 1,346,193 ഉം, മീഡിയൻ യൂണിറ്റുകളുടെ വില 806,310 ഉം ആയി കുറഞ്ഞെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മൂല്യ തകർച്ചയാണ് സിഡ്‌നിയിലെ ഭവന വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മെൽബണിലെ വീട് വിലയിൽ ജൂലൈ മാസത്തിൽ 1.5 ശതമാനത്തിൻറെ കുറവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ അഞ്ചാം മാസമാണ് ഭവന വിപണിയിൽ കുറവ് രേഖപ്പെടുത്തുന്നത് .
ഓഗസ്റ്റിന് ശേഷം ആദ്യമായി ബ്രിസ്‌ബൈനിലെ ഭവന വിലയിൽ കുറവുണ്ടായതായി കോർ ലോജിക്കിൻറെ റിപ്പോർട്ടിൽ പറയുന്നു. ബ്രിസ്ബൈനിൽ 0.8 ശതമാനത്തിൻറെ കുറവാണ് വീട് വിലയിൽ ജൂലൈ മാസത്തിൽ രേഖപ്പെടുത്തിയത്.
രാജ്യ തലസ്ഥാനമായ കാൻബറയിലെ ഭവനവിപണിയിൽ 1.1ശതമാനത്തിൻറെ കുറവാണ് ജൂലൈ മാസത്തിൽ രേഖപ്പെടുത്തി. ജൂലൈ മാസത്തിൽ ഹൊബാർട്ട് നഗരത്തിലും ഭവന വിപണിയിൽ 1.5 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തി.
വില ഉയർന്ന നഗരങ്ങൾ
പലിശ നിരക്കിൽ വർദ്ധനവുണ്ടായിട്ടും രാജ്യത്തെ മൂന്ന് നഗരങ്ങളിൽ വില വർദ്ധിച്ചതായി കോർ ലോജിക്കിൻറെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
- അഡ്ലെയ്ഡ്
- ഡാർവിൻ
- പെർത്ത്
അഡ്ലെയ്ഡിൽ ജൂലൈ മാസത്തിൽ 0.4 ശതമാനത്തിൻറെ വർദ്ധനവാണ് ഭവന വിപണിയിൽ രേഖപ്പെടുത്തിയത്. അഡ്‌ലെയ്‌ഡിലെ ഭവനവിപണിയിൽ 24.1 ശതമാനത്തിൻറെ വാർഷിക വർദ്ധനവുണ്ടായതായും കോർ ലോജിക്കിൻറെ കണക്കുകൾ പറയുന്നു.
ഡാർവിൻ നഗരത്തിലും 0.5 ശതമാനത്തിൻറെ വർദ്ധനവ് ജൂലൈ മാസത്തിൽ രേഖപ്പെടുത്തി. പെർത്തിലെ ഭവന വിപണിയിൽ നേരിയ വർദ്ധനവുണ്ടായതായാണ് കണക്കുകൾ. 0.2 ശതമാനത്തിൻറെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെർത്തിലെ വീടുകളുടെ വാർഷിക വിലയിൽ 5.5 ശതമാനത്തിൻറെ വർദ്ധനവുണ്ടായതായും കോർ ലോജിക്കിൻറെ റിപ്പോർട്ടിൽ പറയുന്നു.
കൊവിഡിനെ തുടർന്ന് റെക്കോർഡ് താഴ്ചയിലെത്തിച്ച ക്യാഷ് റേറ്റ്, പണപ്പെരുപ്പം പിടിച്ച് നിറുത്താൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് ഉയർത്തി തുടങ്ങിയത്. നിലവിലെ 1.85% എന്ന ക്യഷ് റേറ്റ് നിരക്ക് വരും മാസങ്ങളിൽ വീണ്ടും ഉയരുമെന്ന സൂചനയും റിസർവ്വ് ബാങ്ക് നൽകിയിട്ടുണ്ട്.