വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത ഓസ്‌ട്രേലിയയുടെയും ന്യൂസിലന്റിന്റെയും സൈനികരെ ആദരിക്കാനുള്ള ദിവസമാണ് ആൻസാക് ദിനം. ഓസ്ട്രേലിയ ആൻഡ് ന്യൂസിലന്റ് ആർമി കോർപ്സ് (Australia and New Zealand Army Corps) എന്നതാണ് ANZAC എന്ന വാക്കിന്റെ അർത്ഥവും. എല്ലാ വർഷവും ഏപ്രിൽ 25 നാണ് ആൻസാക് ദിനം ആചരിക്കുന്നത്.
ആൻസാക് എന്ന വാക്കിനുള്ള നിയന്ത്രണങ്ങൾ
ആൻസാക് എന്ന വാക്കിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് ഓസ്ട്രേലിയ. ആൻസാക് ദിനത്തിന് നൽകുന്ന അതെ ആദരവ് ഈ വാക്കിനും രാജ്യം കല്പിക്കുന്നുണ്ട്.
അതിനാൽ Anzac എന്ന വാക്ക് ഉപയോഗിക്കുന്നതിൽ ഓസ്ട്രേലിയ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിക്കുന്നത്.
Anzac എന്ന വാക്കിന്റെ സംരക്ഷണത്തിനായി 1920ല്‍ ഒരു നിയമം തന്നെ പാസാക്കിയിട്ടുമുണ്ട്. ഈ നിയമപ്രകാരം സ്വകാര്യ ആവശ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും Anzac എന്ന വാക്കുപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് കെട്ടിടങ്ങൾ, വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ചാരിറ്റി സംഘടനകൾ, ലോട്ടറി പോലുള്ള വിനോദങ്ങൾ തുടങ്ങിയവയ്ക്ക് ഈ പേര് ഉപയോഗിക്കാൻ അനുവാദമില്ല.
ഇനി അഥവാ ഉപയോഗിക്കണമെങ്കിൽ വെറ്ററൻസ് അഫയേഴ്സ് മന്ത്രിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
മാത്രമല്ല, അനുമതിയോടെയല്ലാതെ ആൻസാക്കിന്റെ പേരിൽ രാജ്യത്തേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Source: SBS
ആന്‍സാക് എന്ന പേരില്‍ ബിസിനസാകാം, പക്ഷേ...
Anzac ദിനത്തിലും അതിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമായി മാത്രമേ മുന്‍കൂര്‍ അനുവാദമില്ലാതെ Anzac എന്ന വാക്ക് ഉപയോഗിക്കാവൂ എന്നാണ് നിയമം.
ഓസ്ട്രേലിയ ആൻഡ് ന്യൂസിലന്റ് ആർമി കോർപ്സിനെക്കുറിച്ച് പരാമർശം നടത്തുമ്പോൾ മാത്രമേ ഇംഗ്ളീഷിലെ വലിയ അക്ഷരത്തിലുള്ള ANZAC എന്ന വാക്കും ഉപയോഗിക്കാവൂ എന്നാണ് പൊതുവിലുള്ള നിർദ്ദേശം.
അതേസമയം, ഒന്നാം ലോകമഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും സ്മാരകങ്ങൾക്ക് സമീപത്തായുള്ള റോഡുകൾക്കും സ്ട്രീറ്റുകൾക്കും പാർക്കുകൾക്കും Anzac എന്ന പേര് ഉപയോഗിക്കാൻ അനുവാദമുണ്ട്.
ഇവയുടെ സമീപത്തായി പ്രവർത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങള്‍ക്ക് റോഡിന്റെ പേരിനോട് ചേർത്ത് പേരുമിടാം. പക്ഷെ ഇതും ചില നിബന്ധനകളോടെ മാത്രം.
റോഡിന്റെ പേര് പൂര്‍ണമായി ഉള്‍പ്പെടുത്തി വേണം വാണിജ്യസ്ഥാപനത്തിന്റെ പേര് നൽകാൻ.
ഉദാഹരണത്തിന് ആൻസാക് അവന്യൂ എന്ന നിരത്തിൽ പ്രവർത്തിക്കുന്ന പഴക്കടയ്ക്ക് 'Anzac Avenue Fruit Mart' എന്ന് പേരിടുന്നതിൽ വിലക്കില്ല.

Source: nzhistory.govt.nz
ആൻസാക് നിയമം ലംഘിച്ചാൽ കഠിന ശിക്ഷ
ആൻസാക് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷയും കഠിനമാണ്. Anzac എന്ന വാക്ക് ദുരുപയോഗം ചെയ്യുന്നത് ഒരു വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ആന്‍സാക് ബിസ്‌കറ്റില്‍ ചോക്കലെറ്റ് ചേർത്താലും പിഴ!
ആൻസാക് ദിനാഘോഷങ്ങളുടെ ഭാഗമാണ് ഓസ്‌ട്രേലിയയുടെ സ്വന്തം ആൻസാക് ബിസ്കറ്റ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പഴക്കമുണ്ട് ആൻസാക് ബിസ്കറ്റിന്റെ ചരിത്രത്തിന്.
യുദ്ധത്തിൽ പങ്കെടുത്തിരുന്ന സൈനികർക്ക് അവരുടെ ഭാര്യമാർ തയ്യാറാക്കിയിരുന്നതാണ് ആൻസാക് ബിസ്കറ്റുകൾ. കപ്പൽ മാർഗം സൈനികൾക്ക് എത്തിച്ചു കൊടുത്തിരുന്ന ഈ ബിസ്കറ്റിന്റെ ചേരുവയ്ക്കുമുണ്ട് പ്രത്യേകതകൾ.
കടൽ മാർഗം ഇവ കൊടുത്തുവിട്ടിരുന്നതുകൊണ്ട് തന്നെ ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇത് സൈനികർക്ക് ലഭിച്ചിരുന്നുള്ളു.
അതിനാൽ മറ്റ് ഭക്ഷണ സാധനങ്ങൾ പോലെ എളുപ്പത്തിൽ കേടാവുന്നതല്ല ആൻസാക് ബിസ്കറ്റ്. ദിവസങ്ങളോ മാസങ്ങളോ വരെ അല്പം പോലും കേടുവരാത്ത വിധത്തിലുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയിരുന്നതും.
അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തില്‍ ആൻസാക് ബിസ്കറ്റുകൾ തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബിസ്കറ്റ് തയ്യാറാക്കുന്നവർ വെറ്ററൻസ് അഫയേഴ്‌സ് വിഭാഗത്തിന് അപേക്ഷ സമർപ്പിച്ച് അനുമതി നേടേണ്ടതാണ്.

Source: (AAP Image/Stephanie Flack)
മാത്രമല്ല ഇതിന്റെ യഥാർത്ഥ ചേരുവയിൽ മാറ്റം വരുത്തുന്നത് കഠിന ശിക്ഷ ലഭിക്കാനും കാരണമായേക്കും. മുട്ട, ചോക്കലെറ്റ് ചിപ്സ് തുടങ്ങി പുതുതായി ഒരു ചേരുവയും ഇതിൽ ചേർക്കാൻ അനുവാദമില്ല.
ബിസ്കറ്റ് അതിന്റെ തനത് രൂപത്തിൽ യഥാർത്ഥ ചേരുവകൾ ഉപയോഗിച്ച് മാത്രമേ തയ്യാറാക്കാൻ അനുവാദം ഉള്ളു. വീടുകളിൽ ബിസ്ക്കറ്റ് ഉണ്ടാക്കുമ്പോൾ ചേരുവയിൽ മാറ്റം വരുത്താം. എന്നാൽ ഇവ Anzac ബിസ്ക്കറ്റ് എന്ന പേരിൽ വിൽക്കാൻ പാടുള്ളതല്ല.
മാത്രമല്ല ‘Anzac biscuits’ അഥവാ ’Anzac slice’ എന്ന പേരുകൾ മാത്രമേ ഇവയ്ക്ക് നൽകാവൂ .
ഓർക്കുക ഓസ്‌ട്രേലിയൻ സ്വഭാവം ഇല്ലാത്ത 'Anzac Cookies' എന്ന പേര് ഉപയോഗിച്ചാൽ പോലും അപേക്ഷക്ക് അനുമതി ലഭിക്കുകയില്ലെന്ന് മാത്രമല്ല ശിക്ഷയും നേരിടേണ്ടി വന്നേക്കാം. നിയമം ലംഘിക്കുന്ന സാധാരണക്കാർക്ക് 10,000 ഡോളറും കോർപ്പറേറ്റുകൾക്ക് 51,000 ഡോളറുമാണ് പിഴ. ജയിൽ ശിക്ഷക്ക് പകരമായാണ് ഈ പിഴ ശിക്ഷ.
Anzac ബിസ്കറ്റിന്റെ ചേരുവകൾ :
Ingredients for Anzac biscuits:
- 1 cup rolled oats
- 1 cup desiccated coconut
- 3/4 cup brown sugar
- 3/4 cup plain flour
- 2 tbsp butter or margarine
- 2 tbsp golden syrup
- 2 tbsp boiling water
- 1 tsp bicarbonate soda (add a little more water if mixture is too dry)