മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും മൂന്ന് കൊളംബിയൻ വിദ്യാർത്ഥികൾക്കുമാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.
ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിദ്യാർത്ഥികളായ കാജൽ, വിനീത്, വൈഷ്ണവി എന്നിവരെ തൊഴിലുടമകൾ ചൂഷണം ചെയ്തു എന്നാണ് കണ്ടെത്തിയത്.
2020ൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ കാഷ്വൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇവർ ചൂഷണത്തിന് ഇരയായത്.
ഗംട്രീ പോർട്ടലിൽ പരസ്യം കണ്ടതിന് ശേഷമാണ് ഇവർ ജോലിക്ക് അപേക്ഷിച്ചത്.
ഇംഗ്ളീഷ് പ്രാഥമിക ഭാഷ അല്ലാത്തവരെ തൊഴിലുടമകൾ ചൂഷണം ചെയ്യാൻ സാധ്യത കൂടുതലാണെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥികളെയും കൊളംബിയൻ വിദ്യാർത്ഥികളെയും പ്രതിനിധീകരിച്ച് ജോബ് വാച്ച് ആണ് കോടതയിൽ എത്തിയത്.
ഓരോ വിദ്യാർത്ഥിക്കും 3,000 ഡോളർ മുതൽ 15,000 ഡോളർ വരെ കുറവ് ശമ്പളമാണ് നൽകിയിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കുറവ് ശമ്പളം ലഭിച്ച രീതിയിൽ കൊളംബിയയിൽ നിന്നുള്ള വിദ്യാർത്ഥികളും ചൂഷണത്തിന് ഇരയായി.
കൊളംബിയയിൽ നിന്നുള്ള ജുവാൻ, മരിയ, മാരിലിൻ എന്നീ വിദ്യാർത്ഥികൾ ഇംഗ്ളീഷ് പഠനത്തിനൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്.
വ്യത്യസ്ത കോൺട്രാക്ടർമാർക്കായി ഓഫീസ് ക്‌ളീനിംഗ് ജോലി ചെയ്തിരുന്ന ഇവർക്ക് മണിക്കൂറിന് ഇരുപത് ഡോളറാണ് ശമ്പളം വാഗ്ദാനം നൽകിയിരുന്നത്. വാക്കാലുള്ള ധാരണയായിരുന്നു ഇത്.
എന്നാൽ, 522 മണിക്കൂർ ജോലി ചെയ്തിട്ടും $740 ഡോളർ മാത്രമാണ് ലഭിച്ചതെന്ന് മാരിലിൻ ചൂണ്ടിക്കാട്ടി. ആദ്യം വിശ്വസിച്ച തൊഴിലുടമയെ ഇതോടെ സംശയിക്കാൻ തുടങ്ങുകയായിരുന്നുവെന്നും മാരിലിൻ കൂട്ടിച്ചേർത്തു.
കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് തൊഴിലുടമയോട് പരാതിപ്പെട്ടപ്പോൾ, തൊഴിലുടമ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികൾ പറഞ്ഞു.
പണം കൈയിൽ വാങ്ങുന്നതായി ചൂണ്ടിക്കാട്ടിയ തൊഴിലുടമ, വിദ്യാർത്ഥികൾ നിയമവിരുദ്ധമായാണ് ജോലി ചെയ്യുന്നതെന്ന് ഭീഷണപ്പെടുത്തി. കുടിയേറ്റ വകുപ്പിനെ ഇക്കാര്യം അറിയിക്കുമെന്നും തൊഴിലുടമ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികൾ വ്യക്തമാക്കി.
ഇന്റർനാഷണൽ സ്റ്റുഡന്റ് എംപ്ലോയ്‌മെന്റ് ആൻഡ് ഹൗസിംഗ് സർവീസിനോട് സഹായം അഭ്യർത്ഥിച്ചപ്പോൾ അവരാണ് വിദ്യാർത്ഥികളെ ജോബ് വാച്ചിലേക്ക് അയച്ചത്.
ഇന്ത്യൻ, കൊളംബിയൻ വിദ്യാർത്ഥികളുടേത് വ്യത്യസ്ത സംഭവങ്ങളാണെങ്കിലും രണ്ടും സമാനമായ സാഹചര്യങ്ങളാണെന്ന് ജോബ് വാച്ചിന്റെ അഭിഭാഷകയായ ഗബ്രിയേൽ മാർച്ചെറ്റി ചൂണ്ടിക്കാട്ടി.
ഇംഗ്ളീഷിൽ പ്രാവിണ്യം കുറവുള്ളവരും ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്തെ അവകാശങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരും എളുപ്പത്തിൽ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും ഗബ്രിയേൽ മാർച്ചെറ്റി പറഞ്ഞു.
ഓസ്‌ട്രേലിയയിൽ വിസകളിൽ ഉള്ളവരിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്നതെന്ന് ഫെയർ വർക്സ് ഓംബുഡ്സ്മാൻ ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിലുള്ളവരുടെ പരാതികൾ തന്നെയാണ് കോടതിയിൽ എത്തുന്ന പകുതിയോളം കേസുകളെന്നും ഓംബുഡ്സ്മാൻ വ്യക്‌തമാക്കി.