കൊറോണവൈറസ് ബാധയെത്തുടർന്ന് ഒന്നര വർഷമായി നിർത്തിവച്ചിരിക്കുന്ന രാജ്യാന്തര വിദ്യാർത്ഥി പ്രവേശനം വീണ്ടും തുടങ്ങാനാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.
ജൂലൈ മാസം മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനാണ് പദ്ധതി.
ഫെഡറൽ സർക്കാരിന്റെ അനുമതിക്കായി ഈ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ രണ്ടാഴ്ചയിൽ 250 വിദ്യാർത്ഥികളെ വീതം എത്തിക്കാനാണ് തീരുമാനം.
ഈ വർഷം അവസാനത്തോടെ, ഇത് രണ്ടാഴ്ചയിൽ 500 വിദ്യാർത്ഥികൾ വീതമായി ഉയർത്തുമെന്നും ട്രഷറർ ഡൊമിനിക് പെരോറ്റേ അറിയിച്ചു.
ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ അവ്യക്തത
നിശ്ചിത രാജ്യങ്ങളിലെ വിദ്യാർത്ഥികളെയായിരിക്കും പൈലറ്റ് പദ്ധതിയുടെ ഭാഗമായി എത്തിക്കുക എന്നാണ് ട്രഷറി വ്യക്തമാക്കിയത്.
എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഇതിൽ ഉൾപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം മെച്ചമായതോടെ യാത്രാ നിയന്ത്രണങ്ങളിൽ ഫെഡറൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ സാഹചര്യങ്ങളിൽ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പോകാനും, തിരിച്ചും യാത്രാ ഇളവ് നൽകുമെന്നാണ് വിദേശകാര്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഈ ഇളവ് വിദ്യാർത്ഥികൾക്കും ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.
പൈലറ്റ് പദ്ധതിയിൽ ഏതൊക്കെ രാജ്യങ്ങളിലെ വിദ്യാർത്ഥികളെയാണ് അനുവദിക്കുക എന്ന ചോദ്യത്തിന്, ഇക്കാര്യം പരിഗണിച്ചുവരുന്നതേയുള്ളൂവെന്ന് ട്രഷറി വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ പിന്നീട് മാത്രമേ തീരുമാനം അറിയിക്കാൻ കഴിയൂ എന്നും ട്രഷറി വക്താവ് വ്യക്തമാക്കി.
ഇന്ത്യൻ വിദ്യാർത്ഥികളില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനം
അതേസമയം, ആദ്യഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ടാകില്ല എന്ന് ഈ പൈലറ്റ് പദ്ധതിയുടെ ഭാഗമായ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വ്യക്തമാക്കിയിട്ടുണ്ട്.
ചൈന, ഹോംങ്കോംഗ്, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളെയാണ് പൈലറ്റിൽ ആദ്യം ഉൾപ്പെടുത്തുക എന്ന് പദ്ധതിയുടെ ഭാഗമായ കാപ്ലാൻ ബിസിനസ് സ്കൂൾ ( KBS) അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കി.
ഇന്ത്യയിലെയും നേപ്പാളിലെയും ആരോഗ്യസാഹചര്യങ്ങൾ മെച്ചമായിക്കഴിഞ്ഞാൽ അവിടെ നിന്നുള്ള വിദ്യാർത്ഥിളെയും അനുവദിക്കുമെന്നും സർക്കാരിൽ നിന്നുള്ള അറിയിപ്പായി KBS ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പദ്ധതി ഫെഡറൽ സർക്കാർ അംഗീകരിച്ചുകഴിഞ്ഞാൽ ആറു മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ വിദ്യാർത്ഥികൾക്ക് എത്തിത്തുടങ്ങാൻ കഴിയുമെന്ന് ട്രഷറി വക്താവ് എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.