വീണ്ടും പറക്കാം: 590 ദിവസങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ അതിർത്തി തുറന്നു

ഓസ്ട്രേലിയ 20 മാസങ്ങൾക്ക് ശേഷം രാജ്യാന്തര അതിർത്തി തുറന്നു. ന്യൂ സൗത്ത് വെയിൽസിലേക്കും, വിക്ടോറിയയിലേക്കും വിദേശത്ത് നിന്ന് വിമാനങ്ങൾ എത്തിത്തുടങ്ങി.

flight

A traveller (right) arriving on one of the first international flights is greeted by her daughter at Sydney International Airport, Monday, November 1, 2021. Source: AAP

"ഓസ്‌ട്രേലിയയ്ക്കിത് ആഘോഷത്തിന്റെ ദിവസമാണ്" എന്നാണ് ട്രെഷറർ ജോഷ് ഫ്രൈഡൻബർഗ് ഈ നിർണായക ദിവസത്തെ വിശേഷിപ്പിച്ചത്.

കൊവിഡ് ഭീതിയിലമർന്ന ഓസ്ട്രേലിയ 590 ദിവസങ്ങൾക്ക് ശേഷം ഇന്ന് (തിങ്കളാഴ്ച) രാജ്യാന്തര അതിർത്തി തുറന്നു. ഏറെ നാൾ കൊവിഡിനോട് പൊരുതിയ ശേഷം ഓസ്ട്രേലിയയ്ക്കിത് പുതിയ മാറ്റത്തിലേക്കുള്ള ചുവടുവയ്‌പ്പാണ്.

ഇതോടെ ന്യൂ സൗത്ത് വെയിൽസിലേക്കും, വിക്ടോറിയയിലേക്കും വിദേശത്ത് നിന്ന് വിമാനങ്ങൾ എത്തിത്തുടങ്ങി.

Advertisement
വികാരനിർഭരമായ മുഹൂർത്തങ്ങൾക്കാണ് വിമാനത്താവളങ്ങൾ സാക്ഷ്യം
വഹിക്കുന്നത്. ദീർഘ നാളുകളായി വേർപിരിഞ്ഞു നിന്നിരുന്ന കുടുംബാംഗങ്ങൾ ഒത്തുചേർന്നതിന്റെ സന്തോഷ പ്രകടനങ്ങളായിരുന്നു വിമാനത്താവളങ്ങളിൽ നിറഞ്ഞു നിന്നത്.

തിങ്കളാഴ്ച വെളുപ്പിനെ അഞ്ചരയ്ക്ക് ആദ്യ വിമാനം സിഡ്‌നി കിംഗ്‌സ്‌ഫോർഡ് സ്മിത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തി.

സിംഗപ്പൂരിൽ നിന്നുള്ള ക്വണ്ടസ് വിമാനമായിരുന്നു ആദ്യം ലാൻഡ് ചെയ്തത്. അര മണിക്കൂറിന് ശേഷം ലോസ് എയ്‌ഞ്ചൽസിൽ നിന്നുള്ള QF12 വിമാനവും നിലത്തിറക്കി.

സിംഗപ്പൂരിൽ നിന്നുള്ള വിമാനമാണ് മെൽബൺ വിമാനത്താവളത്തിൽ തിങ്കളാഴ്ച എത്തിയത്. ഉച്ചയോടെ ഹോംഗ് കോംഗിൽ  നിന്നുള്ള വിമാനം എത്തും.  

നീണ്ട 20 മാസങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കുന്നത്.

വിദേശത്ത് നിന്ന് എത്തുന്ന രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് ഇന്ന് മുതൽ ന്യൂ സൗത്ത് വെയിൽസിലും, വിക്ടോറിയയിലും ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ വാക്‌സിൻ സ്വീകരിക്കാത്തവർ ക്വാറന്റൈൻ ചെയ്യണം.ഇതോടെ ക്രിസ്ത്മസ് ആകുമ്പോൾ കൂടുതൽ കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള അവസരം ലഭിക്കുമെന്ന് പ്രീമിയർ ഡൊമിനിക് പെറോറ്റെ ചൂണ്ടിക്കാട്ടി.

14 രാജ്യാന്തര വിമാനങ്ങളാണ് തിങ്കളാഴ്ച സിഡ്നി വിമാനത്താവളത്തിൽ എത്തുന്നത്.

ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡന്റ്സിനും പൗരൻമാർക്കും ആണ് രാജ്യത്തേക്കെത്താനുള്ള മുൻഗണന. സ്‌കിൽഡ് വിസക്കാർക്കും, ടൂറിസ്റ്റുകൾക്കും, രാജ്യാന്തര വിദ്യാർത്ഥികൾക്കും ഈ വര്ഷം അവസാനത്തോടെ രാജ്യത്തേക്കെത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

രാജ്യാന്തര അതിർത്തി തുറക്കുന്നത് വഴി നേരിടുന്ന എല്ലാ വെല്ലുവിളികളും നേരിടുമെന്ന് ആഭ്യന്തര മന്ത്രി കാരൻ ആൻഡ്രൂസ് അറിയിച്ചു.

വിദേശത്ത് നിന്ന് മാതാപിതാക്കൾക്കും ഓസ്‌ട്രേലിയയിലേക്കെത്താം. അതിനുള്ള അപേക്ഷയും സ്വീകരിച്ചു തുടങ്ങി.

കൂടാതെ, വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്കും ഇന്ന് പിൻവലിച്ചു. വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇളവുകൾ ഇല്ലാതെ ഇനി വിദേശത്തേക്ക് യാത്ര ചെയ്യാൻ കഴിയും. 


Share
Published 1 November 2021 at 12:22pm
By SBS Malayalam
Source: SBS