Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഇരട്ടപൗരത്വം: ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ഉള്‍പ്പെടെ അഞ്ചു പേരെ കോടതി അയോഗ്യരാക്കി

തെരഞ്ഞെടുപ്പ് സമയത്ത് ഇരട്ടപൗരത്വം വഹിച്ചുവെന്ന പേരില്‍ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്‌സ് ഉള്‍പ്പെടെ അഞ്ചു പേരുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. ഇതോടെ മാല്‍ക്കം ടേണ്‍ബുള്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷവും ഭീഷണിയിലായി.

high court
Source: AAP

ബാര്‍ണബി ജോയ്‌സ് ഉള്‍പ്പെടെ ഏഴുപേരുടെ കേസിലാണ് ഓസ്‌ട്രേലിയയിലെ പരമോന്നത നീതിപീഠമായ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഇതില്‍ അഞ്ചു പാര്‍ലമെന്റംഗങ്ങള്‍ക്കും സഭയില്‍ തുടരാന്‍ അവകാശമില്ലെന്ന് കോടതി ഉത്തരവിട്ടു.

കാബിനറ്റ് മന്ത്രി ഫിയോണ നാഷ്, സെനറ്റര്‍ സ്ഥാനം രാജിവച്ച ഗ്രീന്‍സ് അംഗങ്ങളായ സ്‌കോട്ട് ലഡ്‌ലം, ലാരിസ വോട്ടേഴ്‌സ്, വണ്‍ നേഷന്‍ സെനറ്റര്‍ മാല്‍ക്കം റോബര്‍ട്‌സ് എന്നിവരാണ് അയോഗ്യരാക്കപ്പെട്ട മറ്റുള്ളവര്‍.

മുന്‍ ക്യാബിനറ്റ് മന്ത്രി മാറ്റ് കാരവന്‍, ക്രോസ് ബഞ്ച് സെനറ്റര്‍ നിക് സെനോഫോണ്‍ എന്നിവരുടെ അംഗത്വത്തിന് തടസ്സമില്ലെന്നും കോടതി വിധിച്ചു.

മറ്റൊരു രാജ്യത്തിന്റെ കൂടി  പൗരത്വം വഹിക്കുന്നവര്‍ പാര്‍ലമെന്റംഗമാകുന്നത് ഓസ്‌ട്രേലിയന്‍ ഭരണഘടനയുടെ 44ാം വകുപ്പ് വിലക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ന്യൂസിലന്റ് പൗരത്വം കൂടി ഉണ്ടായിരുന്നതിനാലാണ് ഉപപ്രധാനമന്ത്രിയും നാഷണല്‍സ് പാര്‍ട്ടി നേതാവുമായ ബാര്‍ണബി ജോയ്‌സിനെ പുറത്താക്കിയത്.

ഭൂരിപക്ഷം ഭീഷണിയില്‍

അയോഗ്യരാക്കപ്പെട്ടതില്‍ ബാര്‍ണബി ജോയ്‌സ് മാത്രമാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗം.

സഭയില്‍ സര്ക്കാരിന് ഒറ്റ അംഗത്തിന്റെ മാത്രം ഭൂരിപക്ഷമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ബാര്‍ണബി ജോയ്‌സ് അയോഗ്യനാകുന്നതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകും.

ബാര്‍ണബി ജോയ്‌സിന്റെ ന്യൂ ഇംഗ്ലണ്ട് സീറ്റില്‍ ഡിസംബര്‍ രണ്ടിന് ഉപതെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സഭയില്‍ പ്രധാനപ്പെട്ട ബില്ലുകളുടെ വോട്ടെടുപ്പില്‍ ഇരുപക്ഷവും തുല്യമാകാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിന് സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിനെ ആശ്രയിക്കേണ്ടി വരും.


1 min read

Published

Updated

By ദീജു ശിവദാസ്


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now