കഴിഞ്ഞ ഒരാഴ്ചയോളമായി തുടര്‍ന്ന പേമാരിയില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്ന ന്യൂ സൗത്ത് വെയില്‍സില്‍, മൂവായിരത്തോളം സൈനികരെയാണ് വിന്യസിച്ചിരുന്നത്.
വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് ഇതുവരെ ഒമ്പതു പേര്‍ മരിക്കുകയും, ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത സൈന്യം, വീടുകളും റോഡുകളും വൃത്തിയാക്കുന്നതിലും, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം പുനസ്ഥാപിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിരുന്നു.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ സൈനികര്‍ ഹെലികോപ്റ്റര്‍ മുഖേന അവശ്യസാധനങ്ങള്‍ എത്തിക്കുകയും ചെയ്തു.
എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനും, സ്ഥലം വൃത്തിയാക്കാന്‍ സഹായിക്കുന്നതിനുമിടയില്‍ സൈനികര്‍ ഫോട്ടോഷൂട്ട് നടത്തുകയാണ് എന്ന് ചൂണ്ടിക്കാട്ടി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും രംഗത്തെത്തിയത്.
'ഭാരമുള്ള സാധനങ്ങള്‍ എടുക്കുകയാണ് എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തില്‍' ക്യാമറയ്ക്ക് മുന്നില്‍ സൈനികര്‍ അഭിനയിക്കുന്നത് കണ്ടു എന്ന് നോര്‍തേണ്‍ റിവേഴ്‌സ് സ്വദേശിയായ റസ് ബെറി പറഞ്ഞു.
ചെളി നിറഞ്ഞ വീടുകളിലേക്ക് മടങ്ങിയെത്താന്‍ ജനം ശ്രമിക്കുമ്പോള്‍ ഇത്തരത്തിലെ ഫോട്ടോഷൂട്ട് കാണുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും റസ് ബെറി ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രദേശത്തുള്ള സൈനികര്‍ക്കെതിരെയല്ല ജനങ്ങളുടെ വികാരമെന്നും, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെയാണെന്നും അ്‌ദേഹം പറഞ്ഞു.
അതേസമയം, സൈന്യം നടത്തിയ പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളെന്ന് സൈനിക വക്താവ് എസ് ബി എസിനോട് പറഞ്ഞു.
'ഇതിനെ ഫോട്ടോഷൂട്ട് എന്ന് വിശേഷിപ്പിക്കുന്നത് സൈന്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാട്ടലാണ്' - സൈനിക വക്താവ് പ്രതികരിച്ചു.
വെള്ളപ്പൊക്കം തുടങ്ങി ആദ്യ ദിവസങ്ങളിലൊന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രദേശത്തേക്ക് എത്തിച്ചേര്‍ന്നില്ല എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
വോളന്റീയര്‍മാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും ഏകോപിപ്പിച്ചതുമെന്ന് നോര്‍തേണ്‍ റിവറില്‍ അതിന്റെ ഭാഗമായിരുന്ന അലക്‌സാണ്ട്ര പറഞ്ഞു.
ഒരാഴ്ചയ്ക്കു ശേഷമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപന ചുമതല ഏറ്റെടുക്കുന്നതെന്നും അലക്‌സാണ്ട്ര കുറ്റപ്പെടുത്തി.
സ്വന്തം വീട്ടിന്റെ മുകളില്‍ നിന്ന് ചെളി വാരി കളയുന്ന ആര്‍ക്കും ക്യാമറ കാണാന്‍ പോലും താല്‍പര്യമില്ലെന്നും, എന്നാല്‍ യൂണിഫോം ധരിച്ചവര്‍ അവിടെ വന്ന് ഫോട്ടോ എടുക്കുന്നത് ജനങ്ങളില്‍ രോഷമുണ്ടാ്കുകയാമെന്നും അവര്‍ പറഞ്ഞു.
സൈന്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാജ്യത്തെ ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഇത്തരം ഫോട്ടോകള്‍ എടുക്കേണ്ടിവരും എന്നാണ് സൈനിക വക്താവ് പ്രതികരിച്ചത്.
രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്ത് സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങളിലും ഇത്തരം ഫോട്ടോ എടുക്കുന്നത് പതിവാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.
അതേസമയം, കാലാവസ്ഥ മോശമായിരു്ന്ന സമയത്ത് അങ്ങോട്ടേക്ക് സൈന്യത്തെ അയക്കാതിരുന്ന നടപടിയില്‍ തെറ്റൊന്നുമില്ലെന്ന് പ്രതിരോധമന്ത്രി പീറ്റര്‍ ഡറ്റന്‍ പറഞ്ഞു. 113 ജീവനുകള്‍ രക്ഷിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളപ്പൊക്കം ദേശീയ അടിയന്തരാവസ്ഥയാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.