ഐസ് ക്രീം, പുഡ്ഡിംഗ്, ചിലയിനം കേക്കുകൾ തുടങ്ങിയവ കട്ടിയാവാനാണ് ജെലാറ്റിൻ ഉപയോഗിക്കുക. വിവിധ മൃഗങ്ങളുടെ ശരീര ഭാഗങ്ങളിൽ നിന്ന് തയ്യാറാക്കുന്ന ജലാറ്റിനിൽ ഉപയോഗിച്ചിട്ടുള്ള ചേരുവകൾ കൃത്യമായി പാക്കറ്റിൽ രേഖപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈന്ദവ സമൂഹം ഓസ്‌ട്രേലിയൻ സർക്കാരിനോടും ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്ട്രേലിയ ന്യൂസിലാൻഡിനോട് (FSANZ) ഉന്നയിച്ചിരിക്കുന്നത്.
ഏറെക്കാലമായി ഭക്ഷിക്കുന്ന പല പദാർത്ഥങ്ങളിലും ബീഫിൽ നിന്ന് നിർമ്മിച്ച ജെലാറ്റിൻ അടങ്ങിയിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോൾ ഹിന്ദുക്കളുടെ വികാരത്തെ അത് വ്രണപ്പെടുത്തും എന്നാണ് യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ പ്രസിഡന്റ് രാജൻ സെഡ് യു എസ്സിൽ പുറത്തിറക്കിയ പ്രസ്താവയിൽ പറയുന്നത്.
ഓസ്‌ട്രേലിയയിൽ ജെലാറ്റിനിലെ ഘടകങ്ങൾ എന്തൊക്കെയെന്ന് രേഖപ്പെടുത്തേണ്ട നിയമപരമായ ആവശ്യമില്ല. അതുകൊണ്ടുതന്നെ വർഷങ്ങളായി ബീഫിന്റെ സാന്നിധ്യമുള്ള ജെലാറ്റിൻ ഉപയോഗിക്കുന്ന ഓസ്‌ട്രേലിയയിലെ ഹൈന്ദവ സമൂഹം ഇത് അറിയാതെ ഭക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഗൗരവമേറിയ വിഷയമാണെന്നും, എത്രയും വേഗം ഈ ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം ഗവർണ്ണർ ജനറൽ പീറ്റർ കോസ്ഗ്രോവ്, പ്രധാനമന്ത്രി മാൽകം ടേൺബുൾ, ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട്, എഫ് എസ് എ എൻ സെഡ് സി ഇ ഓ മാർക്ക് ബൂത്ത് എന്നിവരോട് ആവശ്യപ്പെട്ടു.
പശു, കോഴി, പന്നി, മൽസ്യം തുടങ്ങി വിവിധ ജീവികളുടെ ശരീര ഭാഗങ്ങൾ ഉപയോഗിച്ചാണ് കൂടുതലും ജലാറ്റിൻ തയ്യാറാക്കുന്നത്. എന്നാൽ വിവിധ ചെടികളിൽ നിന്നും ജലാറ്റിൻ തയ്യാറാക്കാറുണ്ട്. ഇതിൽ മൃഗങ്ങളുടെ അംശം അടങ്ങിയിട്ടില്ല.