SKIP TO MAIN CONTENT

ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം: UAE എക്‌സ്‌ചേഞ്ച് 13 ലക്ഷം ഡോളര്‍ തിരികെ നല്‍കണമെന്ന് ഉത്തരവ്

പ്രമുഖ ഫോറിൻ എക്സ്ചേഞ്ച് കമ്പനിയായ യു എ ഇ എക്സ്ചേഞ്ചിന്റെ ഓസ്‌ട്രേലിയൻ ശാഖകൾ ജീവനക്കാര്‍ക്ക്‌ മിനിമം വേതനം നൽകിയില്ലെന്ന് ഫെയർ വർക്ക് ഓംബുഡ്സ്മാൻ കണ്ടെത്തി. ഇതേതുടർന്ന് 1.3 മില്യൺ ഡോളർ തൊഴിലാളികൾക്ക് കമ്പനി തിരികെ നൽകണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടു.

minimum wage UAE Exchange
Minimum wage in Australia Source: AAP

2 min read

Published


Skip to article content

യു എ ഇ എക്‌ചേഞ്ചിന്റെ അഡ്‌ലൈഡിലെയും ക്വീൻസ്ലാൻഡിലെയും  ശാഖകളാണ് തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിയതായി പരാതി ഉയർന്നത്. ഫെയർ വർക്ക് ഓംബുഡ്സ്മാന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യക്കാരായ മൂന്ന് തൊഴിലാളികൾക്ക് കമ്പനി മിനിമം വേതനവും, വാരാന്ത്യത്തിൽ നൽകേണ്ട പെനാൽറ്റി റേറ്റും, ഓവർടൈം തുകയും നൽകിയിട്ടില്ല എന്ന് കണ്ടെത്തിയത്. 

2015 ലാണ് ഫെയർ വർക്ക് ഓംബുഡ്സ്മാൻ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്. 2011 - 2015 കാലയളവിൽ ക്വീൻസ്ലാൻഡിലുള്ള ഒരു ജീവനക്കാരന് മണിക്കൂറിൽ 15.38 ഡോളറും, 20.42 ഡോളറും മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തൽ.

ഓസ്‌ട്രേലിയൻ തൊഴിൽ നിയമപ്രകാരം കാഷ്വൽ ലോഡിങ് ഉൾപ്പടെ മണിക്കൂറിൽ 23.74 ഡോളറും ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നതിന് ലഭിക്കുന്ന പെനാൽറ്റി റേറ്റ് കണക്കിലെടുത്ത് 37.98 ഡോളർ വരെയും നൽകേണ്ടതാണ്. കൂടാതെ പൊതു അവധി ദിവസങ്ങളിൽ 52.22 ഡോളറായിരുന്നു കമ്പനി ശമ്പളമായി നൽകേണ്ട തുക.

ജീവനക്കാരന് ലഭിക്കേണ്ട ഈ  ശമ്പളക്കുടിശ്ശിക തിരികെ നൽകാൻ ഫെയർ വർക്ക് ഓംബുഡ്സ്മാൻ കമ്പനിയോട് ഉത്തരവിടുകയായിരുന്നു.

പരാതിക്കാരായ മൂന്ന് ജീവനക്കാര്‍ക്കുമായി ഒരു ലക്ഷം ഡോളർ കമ്പനി തിരികെ നൽകിയതായി ഫെയർ വർക് ഓംബുഡ്സ്മാൻ പ്രസ്താവനയിൽ അറിയിച്ചു.

കമ്പനി പിന്നീട് നടത്തിയ ഓഡിറ്റിംഗിൽ മറ്റു ജീവക്കാര്‍ക്കും മതിയായ ശമ്പളം നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. 240 ജീവനക്കാര്‍ക്ക് ഒന്നേകാല്‍ മില്യണ്‍ ഡോളറാണ് കമ്പനി കുറച്ചുനല്‍കിയതായി കണ്ടെത്തിയിട്ടുള്ളത്. ഓഡിറ്റിംഗിനു ശേഷം നാലു ലക്ഷം ഡോളറോളം കമ്പനി തിരികെ നല്‍കിയതായും ഓംബുഡ്‌സ്മാന്‍ അറിയിച്ചു.

ബാക്കി തുക ഈ വര്‍ഷം സെപ്റ്റംബറിന് മുമ്പ് ജീവനക്കാര്‍ക്ക് നല്‍കണമെന്നും UAE എക്‌സ്‌ചേഞ്ചിനോട് ഫെയര്‍ വര്‍ക് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു.

കുറഞ്ഞ വേതനം നൽകിയ പരാതിയിന്മേലുള്ള അന്വേഷണത്തെത്തുടർന്ന് തൊഴിലിടങ്ങളിലെ രീതികൾക്കും ശമ്പളകാര്യത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള ഫെയർ വർക് ഓംബുഡ്സ്‌മാന്റെ ഉടമ്പടിയിൽ യു എ ഇ എക്സ്ചേഞ്ച് ഒപ്പു വച്ചു.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now