ഓസ്ട്രേലിയൻ ജനസംഖ്യ ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ രണ്ടര കോടി തികയ്ക്കും എന്നാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ചൈനയിൽ നിന്ന് സ്റ്റുഡന്റ് വിസയിലെത്തുന്ന ഒരു യുവതിയായിരിക്കും രണ്ടര കോടി എന്ന സംഖ്യ തികയ്ക്കുന്നയാൾ എന്നും ബ്യൂറോ പ്രവചിച്ചു.
ഓരോ 83 സെക്കന്റിലും രാജ്യത്ത് ഒരാൾ കൂടി വർദ്ധിക്കുന്നു എന്നാണ് കണക്ക്. ഓരോ 102 സെക്കന്റിലും രാജ്യത്ത് ഒരു പുതിയ കുട്ടി ജനിക്കുമ്പോൾ, 61 സെക്കന്റിൽ പുതുതായി ഒരാൾ കുടിയേറിയെത്തുന്നു.
അതായത്, ഇവിടെ ജനിക്കുന്നവരെക്കാൾ കൂടുതലായി കുടിയേറിയെത്തുന്നവരാണ് രാജ്യത്തിന്റെ ജനസംഖ്യ വർദ്ധിപ്പിക്കുന്നത്. മുമ്പ് പ്രതീക്ഷിച്ചിരുന്നതിനെക്കാൾ ദശാബ്ദങ്ങൾക്ക് മുമ്പു തന്നെ രണ്ടരക്കോടി എന്ന നിലയിലേക്കെത്തുകയാണ് ഓസ്ട്രേലിയൻ ജനസംഖ്യ.
നഗരങ്ങൾക്ക് ഭാരം
രാജ്യത്തിന്റെ ചില ഭാഗങ്ങൾ ഈ ജനസംഖ്യാ വർദ്ധനവിന്റെ ഭാരം അധികമായി അനുഭവിക്കുകയാണെന്ന് സിറ്റിസൺഷിപ്പ് മന്ത്രി അലൻ ടഡ്ജ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും സിഡ്നിയും മെൽബണും.
എന്നാൽ പല ഉൾനാടൻ പ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും ഇപ്പോഴും ജനസാന്ദ്രത വളരെ കുറവാണെന്നും, അവർ കൂടുതൽ ജനങ്ങളെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു
ഈ സാഹചര്യത്തിൽ പുതിയ കുടിയേറ്റക്കാർ ഉൾനാടൻ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പോകാൻ തയ്യാറാകണമെന്നും അലൻ ടഡ്ജ് ആവശ്യപ്പെട്ടു.
ഇതിനായി സ്കിൽഡ് വിസയിൽ ഓസ്ട്രേലിയയിലെത്തുന്നവർക്ക് മേൽ കൂടുതൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ അവർ നിശ്ചിത കാലം ജീവിച്ചിരിക്കണം എന്ന വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം.
ജനസംഖ്യ കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നല്ലതാണെങ്കിലും, വീടുവില കൂടുന്നതും തിരക്കേറുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കുടിയേറ്റ നിരക്ക് കുറയ്ക്കണം എന്ന ആവശ്യം മുൻ പ്രധാനമന്ത്രി ടോണി ആബറ്റ് ഉൾപ്പെടെയുള്ള പല ഭരണകക്ഷി എം പിമാരും ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ജനസംഖ്യ രണ്ടര കോടിയാകുന്ന സാഹചര്യത്തിൽ ഇവർ ഈ ആവശ്യം കൂടുതൽ ശക്തമാക്കുകയുമാണ്.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമെത്തുന്നവരാണ് രാജ്യത്തെ ജനസംഖ്യ വർദ്ധിക്കാൻ കാരണമെന്നും പല നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
കുടിയേറിയെത്തുന്നവർക്ക് ഓസ്ട്രേലിയൻ മൂല്യങ്ങളെക്കുറിച്ച് പരീക്ഷ ഏർപ്പെടുത്തും എന്ന സൂചന സർക്കാർ നൽകിയിട്ടുണ്ട്.