കൊതുകു വഴി പകരുന്ന ജാപ്പനീസ് എന്‍കെഫലൈറ്റിസ് അഥവാ ജപ്പാന്‍ ജ്വരം കഴിഞ്ഞയാഴ്ചയാണ് ആദ്യം കണ്ടെത്തിയത്.
ന്യൂ സൗത്ത് വെയില്‍സ്-വിക്ടോറിയ അതിര്‍ത്തിയിലെ ഒരു പന്നിവളര്‍ത്തല്‍ ഫാമിലായിരുന്നു ഇത് സ്ഥിരീകരിച്ചത്.
വിക്ടോറിയയില്‍ നാലു പേര്‍ക്ക് കഴിഞ്ഞയാഴ്ച തന്നെ രോഗബാധ കണ്ടെത്തി.
ഇപ്പോള്‍ 12ലേരെ മനുഷ്യര്‍ക്കും, 21ലേറെ പന്നി ഫാമുകളിലും രോഗബാധ സ്ഥിരീകരിച്ചതായി ഓസ്‌ട്രേലിയന്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ മാര്‍ക്ക് ഷിപ്പ് അറിയിച്ചു.
ന്യൂ സൗത്ത് വെയില്‍സിനും വിക്ടോറിയയ്ക്കും പുറമേ, ക്വീന്‍സ്ലാന്‌റ്, സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ്ലാന്‌റിലും രോഗം ബാധിച്ച് ഓരോ സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡസന്‍ കണക്കിന് പേരെ രോഗബാധ സംശയം കാരണം പരിശോധിക്കുന്നുണ്ടെന്ന് ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സോണിയ ബെന്നെറ്റ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
എന്താണ് ജപ്പാന്‍ ജ്വരം?
വെള്ളത്തില്‍ ജീവിക്കുന്ന പക്ഷികളില്‍ നിന്നും പന്നികളില്‍ നിന്നും മനുഷ്യരിലേക്കോ കുതിരകളിലേക്കോ പകരുന്ന വൈറസാണ് ജപ്പാന്‍ ജ്വരത്തിന് കാരണമാകുന്നത്.
കൊതുകുകളിലൂടെയാണ് ഇത് പകരുന്നത്.

Source: AP
രോഗബാധിതരായ മനുഷ്യര്‍ പരസ്പരം ഇടപഴകുന്നതുകൊണ്ടോ, പന്നിയിറച്ചി കഴിക്കുന്നതുകൊണ്ടോ ജപ്പാന്‍ ജ്വരം പകരില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗം ബാധിക്കുന്ന ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധന്‍ പോള്‍ ഗ്രിഫിന്‍ എ ബി സിയോട് ചൂണ്ടിക്കാട്ടി.
എന്നാല്‍ ചില കേസുകളില്‍ ഇത് മസ്തിഷ്‌ക വീക്കത്തിനു കാരണമാകാം. ഇത് മാരകമാകാനും സാധ്യതയുണ്ട്.
പനി, ഛര്‍ദി, കടുത്ത തലവേദന, കഴുത്ത് അനക്കാന്‍ പ്രയാസം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം തുടങ്ങിയവയാകും ഇതിന്റെ ലക്ഷണങ്ങള്‍.
കൊതുകു കടിയേല്‍ക്കുന്നത് ഒഴിവാക്കുക എന്നതാണ് രോഗബാധ തടയാനുള്ള മാര്‍ഗ്ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ രോഗം തടയാന്‍ വാക്‌സിനും ലഭ്യമാണ്. രോഗബാധയുള്ള പ്രദേശങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സോണിയ ബെന്നെറ്റ് പറഞ്ഞു.
കൊതുകു നശീകരണത്തിനും പല സംസ്ഥാനങ്ങളും ശക്തമായ നടപടി തുടങ്ങിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ സാധാരണ രീതിയില്‍ കണ്ടുവരുന്ന ഒരു രോഗമല്ല ഇത്. ട്രോപ്പിക്കല്‍ മേഖലയിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്.
തെക്കന്‍ ഓസ്‌ട്രേലിയയില്‍ രോഗം കണ്ടെത്തിയത് അസാധാരണ സംഭവമാണെന്ന് വെറ്ററിനറി ഓഫീസര്‍ മാര്‍ക്ക് ഷിപ്പ് പറഞ്ഞു.