കൊറോണബാധയെ തുടർന്ന് ഓസ്ട്രേലിയയിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന സാഹചര്യത്തിലേക്ക് നീങ്ങിയപ്പോഴാണ് ഫെഡറൽ സർക്കാർ തൊഴിലുകൾ സംരക്ഷിക്കാനായി ജോബ് കീപ്പർ പദ്ധതി പ്രഖ്യാപിച്ചത്.
മാർച്ച് അവസാനം പ്രഖ്യാപിച്ച ഈ പദ്ധതി ആറു മാസത്തേക്കായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
ഈ ആറു മാസ കാലാവധി അവസാനിക്കുന്ന സെപ്റ്റംബർ 30 മുതൽ, മാറ്റങ്ങളോടെ പദ്ധതി ദീർഘിപ്പിക്കാൻ പിന്നീട് തീരുമാനിച്ചു. ജോബ്കീപ്പർ ദീർഘിപ്പിക്കണം എന്ന ആവശ്യം ശക്തമായതോടെയായിരുന്നു ഇത്.
അടുത്ത വർഷം മാർച്ച് വരെയാണ് പദ്ധതി നീട്ടിയിരിക്കുന്നത്. എന്നാൽ അതിനിടെ രണ്ടു തവണ പദ്ധതിയിൽ മാറ്റം വരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ആനുകൂല്യ തുക കുറയുന്നു
സെപ്റ്റംബർ 30 മുതൽ പദ്ധതി തുക കുറയും എന്നതാണ് ഏറ്റവും പ്രധാന മാറ്റം.
ഇതുവരെ നടപ്പാക്കിയിരുന്ന പദ്ധതി പ്രകാരം, ജോബ്കീപ്പർ ആനുകൂല്യത്തിന് അർഹരായ എല്ലാവർക്കും രണ്ടാഴ്ചയിലൊരിക്കൽ 1500 ഡോളർ വീതമാണ് നൽകിയിരുന്നത്.
എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നത് ഇതിന് അടിസ്ഥാനമായിരുന്നില്ല.
എന്നാൽ ഇനി മുതൽ ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്കും, 20 മണിക്കൂറിൽ കുറവ് ജോലി ചെയ്യുന്നവർക്കും വ്യത്യസ്തമായ തുകയാകും ലഭിക്കുന്നത്.
20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് ഫുൾ ടൈം ജോബ് കീപ്പർ നിരക്ക് ലഭിക്കും.
എന്നാൽ ഈ നിരക്ക് 1,500 ഡോളറിൽ നിന്ന് 1,200 ഡോളറാക്കി കുറച്ചിട്ടുണ്ട്.
20 മണിക്കൂറിൽ കുറവ് ജോലി ചെയ്യുന്നവർക്ക് പാർട്ട് ടൈം ജോബ് കീപ്പർ നിരക്കിൽ 750 ഡോളറാകും രണ്ടാഴ്ചയിലൊരിക്കൽ ലഭിക്കുക.
ആനുകൂല്യം ലഭിക്കുന്ന രീതിയിൽ മറ്റു മാറ്റങ്ങൾ ഉണ്ടാകില്ല. തൊഴിലുടമ വഴി തന്നെയാകും ഇനിയും തുക ലഭിക്കുക.
എന്നാൽ തൊഴിലുടമയുടെ വരുമാനത്തിൽ കഴിഞ്ഞ മൂന്നു മാസങ്ങളിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിൽ മാത്രമാകും ജോബ്കീപ്പറിന് അർഹത.
ഒരു ബില്യൺ ഡോളറിൽ താഴെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് 30 ശതമാനവും, ഒരു ബില്യണിൽ മുകളിലുള്ള സ്ഥാപനങ്ങൾക്ക് 50 ശതമാനവും, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് (സ്കൂളുകളും യൂണിവേഴ്സിറ്റികളും ഒഴികെ) 15 ശതമാനവും വരുമാനത്തിൽ ഇടിവുണ്ടായാൽ ജോബ് കീപ്പർ തുടർന്നും ലഭിക്കും.
സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസങ്ങളിലാണ് ഈ ഇടിവ് കാണിക്കേണ്ടത്.
പദ്ധതി നീട്ടാൻ ആദ്യം തീരുമാനിച്ചപ്പോൾ, ജൂൺ പാദത്തിലും, സെപ്റ്റംബർ പാദത്തിലും വരുമാന നഷ്ടമുണ്ടാകുന്ന കമ്പനികൾക്ക് മാത്രമേ ഇനി ആനുകൂല്യം ലഭിക്കൂ എന്നാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ വിക്ടോറിയയിൽ കൊവിഡ് സാഹചര്യം വീണ്ടും വഷളായതോടെ ഇതിൽ മാറ്റംവരുത്തി. സെപ്റ്റംബറിൽ മാത്രം നഷ്ടമുണ്ടാകുന്ന സ്ഥാപനങ്ങൾക്കും പദ്ധതിയുടെ പരിധിയിൽ വരാം.
ഒക്ടോബറോടെ വിക്ടോറിയയിലെ സ്ഥാപനങ്ങളാകും ഭൂരിഭാഗവും പദ്ധതിയിലുണ്ടാകുക എന്നാണ് സർക്കാർ വിലയിരുത്തൽ.
ജനുവരിയിൽ വീണ്ടും കുറയും
2021 ജനുവരി നാലു മുതൽ ആനുകൂല്യത്തിന്റെ നിരക്ക് വീണ്ടും കുറയുന്നുണ്ട്.
ഫുൾടൈം ജോബ്കീപ്പർ നിരക്ക് രണ്ടാഴ്ചയിലൊരിക്കൽ 1,000 ഡോളറായും, പാർട്ട് ടൈം നിരക്ക് 650 ഡോളറായും കുറയും.
ഡിസംബർ വരെയുള്ള മൂന്നു മാസങ്ങളിലെ നഷ്ടമാണ് തുടർന്നും ആനുകൂല്യം കിട്ടാൻ കമ്പനികൾ കാണിക്കേണ്ടത്.