ഓസ്ട്രേലിയിൽ അഭയം തേടുന്നവരുടെ അപേക്ഷകളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനു വേണ്ടിയാണ് വിദേശകാര്യ വകുപ്പ് (DFAT) ഓരോ രാജ്യങ്ങളുടെയും ‘കൺട്രി ഇൻഫർമേഷൻ റിപ്പോർട്ട്’ തയ്യാറാക്കുന്നത്.
ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിദേശകാര്യ വകുപ്പിന്റെ വിലയിരുത്തൽ മാത്രമാണ് റിപ്പോർട്ടെന്നും, ഓസ്ട്രേലിയ-ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള ഔദ്യോഗിക നയത്തിൽ നിന്ന് വ്യത്യസ്തമാണ് ഇതെന്നും റിപ്പോർട്ടിൽ DFAT വ്യക്തമാക്കുന്നു.
ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ വകുപ്പ് നേരിട്ട് മനസിലാക്കിയ കാര്യങ്ങളും, നിരവധി സ്രോതസുകളിൽ നിന്ന് ലഭിച്ച വിവരങ്ങളും ഉൾപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കൊവിഡ്-19 ബാധയും, പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററുമെല്ലാം ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കി എന്ന വിലയിരുത്തലാണ് ഇത്.
2018ൽ പ്രസിദ്ധീകരിച്ചിരുന്ന റിപ്പോർട്ട് പിൻവലിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച് ഇന്ത്യയെക്കുറിച്ച് പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.
മാധ്യമങ്ങൾക്ക് ഭീഷണി
ഭരണഘടനയിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും, ഇത് നഷ്ടമാകുന്നതായി ഇന്ത്യയിൽ നല്ലൊരു ഭാഗം പേർ കരുതുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ ആകെയുള്ള 180 രാജ്യങ്ങൾക്കിടയിൽ 142ാം സ്ഥാനമാണ് ഈ വർഷം ഇന്ത്യയ്ക്കുള്ളത്.
പൗരത്വ നിയമഭേദഗതിക്കെതിര നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ നിരവധി മാധ്യമപ്രവർത്തകർക്ക് നേരേ ആക്രമണമുണ്ടാവുകയോ, അറസ്റ്റിലാവുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മലയാള മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരേയുണ്ടായ അതിക്രമങ്ങളും ഈ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
എഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18, മീഡിയ വൺ, ട്വന്റി ഫോർ എന്നീ ചാനലുകളിലെ റിപ്പോർട്ടർമാരെ കർണാടക പൊലീസ് തടഞ്ഞുവയ്ക്കുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതാണ് ഒരുദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റിന്റെ (CPJ) റിപ്പോർട്ട് ഉദ്ധരിച്ചാണ് ഇത്.
ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും പ്രക്ഷേപണം കേന്ദ്രസർക്കാർ തടഞ്ഞ നടപടിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Indian men pelt stones during clashes between pro and anti-Citizenship Amendment Act (CAA) groups, in eastern Delhi, New Delhi, India, 24 February 2020. Source: EPA
സർക്കാരിനെ വിമർശിക്കുകയോ, സർക്കാർ വിരുദ്ധ വാർത്തകൾ നൽകുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്ക് കനത്ത ഭീഷണിയും, ഔദ്യോഗിക വിവേചനവും നേരിടുന്നു എന്നാണ് DFATയുടെ വിലയിരുത്തൽ.
പൗരത്വ ബിൽ, ജമ്മു കാശ്മീർ തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും, സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കുമാണ് ഇത്തരത്തിൽ കടുത്ത ഭീഷണിയുള്ളത്. DFAT റിപ്പോർട്ട് പറയുന്നു
ഹൈ റിസ്ക് (കടുത്ത ഭീഷണികൾ), മോഡറേറ്റ് റിസ്ക് (ഇടത്തരം ഭീഷണികൾ), ലോ റിസ്ക് (നേരിയ ഭീഷണികൾ) എന്നീ മൂന്നു തട്ടുകളിലായാണ് വിവിധ വിഭാഗങ്ങളിലുള്ളവർ നേരിടുന്ന ഭീഷണികളും വിവേചനവും വിലയിരുത്തിയിട്ടുള്ളത്.
സാമ്പത്തികരംഗം മെച്ചപ്പെടുന്നു
കൊവിഡ്-19 ബാധ കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം കനത്ത തിരിച്ചടി നേരിട്ടെങ്കിലും, അത് തിരിച്ചുവരവിന്റെ പാതയിലാണെന്ന് റിപ്പോർട്ട് പറയുന്നു.
2021 മുതൽ ഇന്ത്യ വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നരേന്ദ്രമോഡി സർക്കാർ സ്വകാര്യ നിക്ഷേപത്തിനും വിദേശനിക്ഷേപത്തിനും പ്രാധാന്യം നൽകുന്നത് ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നത് കൂടുതൽ എളുപ്പമാക്കി എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
നരേന്ദ്രമോഡി സര്ക്കാർ അധികാരത്തിൽ വന്ന ശേഷം അഴിമതി സൂചികയിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
അഴിമതി വച്ചുപൊറുപ്പിക്കില്ല എന്ന് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
എന്നാൽ ഉന്നതർ ഉൾപ്പെട്ട അഴിമതിക്കേസുകളിൽ നടപടിയെടുക്കാൻ ഇപ്പോഴും സർക്കാർ മടിക്കുന്നു എന്ന വിമർശനമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Indian Prime Minister Narendra Modi addresses the media as he arrives at the Parliament in New Delhi, India, Monday, Sept.14, 2020. Source: India Government Press Information Bureau via AP
അതേസമയം, അഴിമതി ഇപ്പോഴും ഇന്ത്യയിലെ നിത്യജീവിതത്തിന്റെ ഭാഗമായി തുടരുന്നു എന്നാണ് DFATയുടെ വിലയിരുത്തൽ.
വിവിധ വിഭാഗങ്ങളിലുള്ളവർ ഇന്ത്യയിൽ നേരിടുന്ന വിവേചനങ്ങളെയും ഭീഷണികളെയും കുറിച്ച് റിപ്പോർട്ടിലെ വിലയിരുത്തൽ ഇങ്ങനെയാണ്.
- പട്ടികവർഗ്ഗവിഭാഗങ്ങൾ സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും ഇടത്തരം വിവേചനം നേരിടുന്നു
- ഭൂരിഭാഗം ഹിന്ദുക്കളും സർക്കാരിൽ നിന്നോ സമൂഹത്തിൽ നിന്നോ മതത്തിന്റെ പേരിലുള്ള വിവേചനവും അതിക്രമവും നേരിടുന്നില്ല
- മുസ്ലിങ്ങൾ നേരിയ തോതിലുള്ള ഔദ്യോഗിക വിവേചനം മാത്രമാണ് നേരിടുന്നത്. രാജ്യത്ത് പലപ്പോഴും വർഗീക കലാപങ്ങളുടെ ഇരകൾ മുസ്ലീങ്ങളാണ്. പൗരത്വ നിയമത്തിന്റെ പേരിൽ ഫെബ്രുവരിയിൽ ഉണ്ടായതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അതിനാൽ മുസ്ലീങ്ങളിൽ കൂടുതൽ ഭീതിയുണ്ട്. ഗോഹത്യയുമായി ബന്ധപ്പെട്ടാണ് സാമൂഹ്യവിവേചനവും അക്രമവും കൂടുതൽ. എന്നാൽ ഭൂരിഭാഗം മുസ്ലീങ്ങളുടെയം ദൈനംദിന ജീവിതത്തെ അത് ബാധിച്ചിട്ടില്ല.
- ക്രിസ്ത്യാനികൾക്ക് നേരേയും നേരിയ തോതിലുള്ള സാമൂഹ്യ വിവേചനവും അക്രമവുമാണ് ഉണ്ടാകുന്നത്. മതംമാറിയ ക്രിസ്ത്യാനികൾ ഇടത്തരം ഭീഷണിയും, ദളിത് ക്രിസ്ത്യാനികൾ രൂക്ഷമായ ഭീഷണിയും നേരിടുന്നു.
- പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ വിവേചനങ്ങളോ അതിക്രമങ്ങളോ നേരിടുന്നില്ല
- എന്നാൽ സർക്കാരിനെ വിമര്ശിക്കുന്നവർ ഇടത്തരം വിവേചനം നേരിടുന്നുണ്ട്. അറസ്റ്റോ, വിചാരണയോ, ഭീഷണികളോ എല്ലാമായി ഇതു മാറാം എന്നും DFAT വിലയിരുത്തുന്നു.
- സ്ത്രീകൾക്കു നേരേ പൊതുവിൽ നേരിയ തോതിലുള്ള വിചേനമാണ് ഔദ്യോഗിക തലത്തിൽ ഉണ്ടാകുന്നത്. എന്നാൽ ഗ്രാമപ്രദേശങ്ങളിലും, താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾക്കും ഈ ഭീഷണി കൂടുതലാണ്. ലൈംഗിക പീഡനങ്ങളും, ഗാർഹിക പീഡനങ്ങളും, സ്ത്രീധന പീഡനങ്ങളും ഇതിൽ ഉൾപ്പെടാം.
- ദളിതരും മറ്റ് താഴേക്കിടയിലുള്ളവരും സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും കടുത്ത വിവേചനം നേരിടുന്നു എന്നാണ് DFAT പറയുന്നത്. വിദ്യാഭ്യാസവും, ചികിത്സയും ലഭിക്കുന്നതിലുള്ള വിവേചനവും, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള ലൈംഗിക അതിക്രമവും കൂടുതലാണ്.
ഇന്ത്യയെക്കുറിച്ചുള്ള പൊതുവായ ചിത്രമാണ് ഇതെന്നും, മറിച്ച് ഒരു സമഗ്രമായ ചിത്രമല്ലെന്നും റിപ്പരോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അഭയാർത്ഥി അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടത് ഇത് മാത്രം അടിസ്ഥാനമാക്കിയല്ലെന്നും, മറ്റു വിവരങ്ങളും പരിഗണിക്കാമെന്നും റിപ്പോർട്ടിന്റെ ആമുഖത്തിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.