SKIP TO MAIN CONTENT

കൊച്ചിയിൽ മെൽബൺ സിറ്റിയുടെ "ആറാട്ട്"; കേരളാ ബ്ലാസ്റ്റേഴ്സിനെ തകർത്തു

കൊച്ചിയിൽ നടക്കുന്ന ലാ ലിഗ പ്രീ സീസൺ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയെ കാഴ്ചക്കാരാക്കി മെൽബൺ സിറ്റി എഫ് സി വിജയം കൊയ്തു. എതിരില്ലാത്ത ആറുഗോളുകൾക്കാണ് മെൽബൺ വിജയിച്ചത്.

Melbourne City thrashes Kerala Blasters
Source: Pic courtesy of Twitter/Melbourne City FC

1 min read

Published

Updated


Skip to article content

കോരിച്ചൊരിയുന്ന മഴയത്ത് ഗോളുകളുടെ പെരുമഴക്കാലം തീർത്താണ് മെൽബൺ സിറ്റി കേരളാ ടൂറിന് തുടക്കമിട്ടത്. പ്രീ സീസൺ ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ മൂന്നു പോയിന്റുകളും മെൽബൺ സ്വന്തമാക്കി. 

മെൽബൺ ടീമിന്റെ വേഗതയ്ക്കും പ്രൊഫഷണലിസത്തിനും മുന്നിലാണ് കേരളാ ബ്ലാസ്റ്റേഴ്സിന് മറുപടിയില്ലാതായത്. രണ്ടു വിംഗുകളിലൂടെയും മാറി മാറി ആക്രമിച്ച മെൽബൺ കഴിഞ്ഞയാഴ്ച മാത്രം 18 വയസു തികഞ്ഞ കേരള ഗോളി ധീരജ് സിംഗിനെ നിരന്തരം പരീക്ഷിച്ചു. ക്യാപ്റ്റനും പ്രധാന പ്രതിരോധഭടനുമായ സന്ദേശ് ജിംഗനും നിന്നുതിരിയാൻ സമയം കിട്ടിയില്ല. 

ആറു ഗോൾ വഴങ്ങിയെങ്കിലും, ആദ്യ മത്സരം കളിക്കുന്ന ധീരജ് ചില തകർപ്പൻ സേവുകളുമായി കൈയടി നേടി. 

മുപ്പതാം മിനിട്ടിൽ ഡാരിയോ വിഡോസിച്, 33ാം മിനിട്ടിൽ റൈലീ മഗ്രീ എന്നിവരുടെ ഗോളുകളിലൂടെ ആദ്യ പകുതിയിൽ 2-0ന് മെൽബൺ മുന്നിലെത്തി. 

രണ്ടാം പകുതിയിൽ മാറ്റങ്ങൾ വരുത്തിയ കേരള കോച്ച് ഡേവിഡ് ജെയിംസ് നാലു മലയാളി താരങ്ങളെയാണ് കളത്തിലിറക്കിയത്. അനസ്, സക്കീർ മുണ്ടംപാറ, കെ പ്രശാന്ത്, എൻ എസ് ഋഷിദത്ത്. 

പക്ഷേ നാട്ടുകാർ കളിക്കാനിറങ്ങിയിട്ടും മെൽബന്റെ ഗോളടിക്ക് മാത്രം ഒരു കുറവുമുണ്ടായില്ല. 

റൈലീ മഗ്രീ, ലക്ലാൻ വെയ്ൽസ്, റാമി നജ്ജറിൻ, ബ്രൂണോ ഫെർണാറു എന്നിവർ ചേർന്ന് അരഡസൻ ഗോളുകൾ പൂർത്തിയാക്കി. 

ടൂർണമെന്റിലെ മൂന്നാം ടീമായ ജിറോണ എഫ് സിയുമായി വെള്ളിയാഴ്ചയാണ് മെൽബൺ സിറ്റിയുടെ അടുത്ത മത്സരം. ശനിയാഴ്ച ബ്ലാസ്റ്റേഴ്സ് ജിറോണയുമായി ഏറ്റുമുട്ടും. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now