SKIP TO MAIN CONTENT

'കോമാളി' വേഷത്തിലെത്തുന്നവർ ഭീതിപടർത്തുന്നു; ഓസ്ട്രേലിയയിൽ പൊലീസ് മുന്നറിയിപ്പ്

വിദൂഷക വേഷമണിഞ്ഞ് രാത്രികാലങ്ങളിൽ തെരുവിലിറങ്ങുകയും, ജനങ്ങളെ പേടിപ്പിക്കുകയും ചെയ്യുന്ന സംഘം ഓസ്ട്രേലിയയിലും വ്യാപകമാകുന്നു. പൊതു സമൂഹം ഇതേക്കുറിച്ചു ജാഗ്രതയോടെയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

The evil clown Pennywise from the Stephen King based miniseries It. (Supplied)
The evil clown Pennywise from the Stephen King based miniseries It. (Supplied) Source: SBS

1 min read

Published

Updated


Skip to article content

വിദൂഷക വേഷമണിഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്ന സംഭവം അമേരിക്കയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിൻറെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. 

ഇതേത്തുടർന്ന് നിരവധി സ്കൂളുകൾ പോലും അടച്ചിടേണ്ട സാഹചര്യം അമേരിക്കയിൽ ഉണ്ടായി. 

അതിനു പിന്നാലെയാണ് ഓസ്ട്രേലിയയിലേക്കും ഇത്തരം പേടിപ്പെടുത്തുന്ന 'കോമാളികൾ' എത്തിയത്. 

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും ഇത്തരം വേഷക്കാരെ കണ്ടതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സിഡ്നിയിലെ കാംപൽടൌൺ മേഖലയിലും മെൽബൻറെ വടക്കൻ സബർബുകളിലും നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്. 

ഏതൊക്കെ സ്ഥലങ്ങളിൽ ഇത്തരത്തിൽ ഭീതി പടർത്താനായി എത്തുമെന്ന് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിട്ടാണ് ഇത്തരം വിദൂഷക വേഷക്കാർ എത്തുന്നത്.

എന്നാൽ ഇതൊരു തമാശ മാത്രമായി കാണാനാവില്ലെന്ന് വിക്ടോറിയൻ പൊലീസും ന്യൂ സൌത്ത് വെയിൽസ് പൊലീസും വ്യക്തമാക്കി. 

എന്താണ് ഇത്തരം വിദൂഷക വേഷക്കാരുടെ ഉദ്ദേശ്യമെന്ന് വ്യക്തമല്ലെങ്കിലും, പലയിടത്തും തെരുവിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും മറ്റും കേടുപാടുകൾ പറ്റിയിട്ടുണ്ട്. 

വിക്ടോറിയ പോലീസ് ഫേസ്ബുക് പോസ്റ്റിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഭീതി പരത്തുന്ന ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ഇത്തരത്തിൽ ജനങ്ങളിൽ ഭയം ഉളവാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഇതിനെതിരെ അന്വേഷണം ഊര്ജിതപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now