ഓസ്‌ട്രേലിയന്‍ ജനസംഖ്യ രണ്ടര കോടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റ രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
സിഡ്‌നിയും മെല്‍ബണും പോലുള്ള വന്‍ നഗരങ്ങളിലെ ജനസാന്ദ്രത കൂടുന്നത് തടയാനും, പ്രാദേശിക മേഖലകളിലേക്ക് കുടിയേറ്റക്കാരെ ആകര്‍ഷിക്കാനുമാണ് ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് പ്രാദേശിക കൗണ്‍സിലുകള്‍ക്കും കുടിയേറ്റ വിസ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അധികാരം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും, തൊഴിലുടമകള്‍ക്കുമാണ് വിസ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അധികാരമുള്ളത്. ഇതിനൊപ്പം, തൊഴിലാളികളുടെ അഭാവമുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനായി വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രാദേശിക കൗണ്‍സിലുകള്‍ക്കും അധികാരം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഫെയര്‍ഫാക്‌സ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
നിശ്ചിത തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുടെ അഭാവം ഉണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ കൗണ്‍സിലുകള്‍ക്ക് വിസ സ്‌പോ്ണ്‍സറിംഗിനായി അപേക്ഷിക്കാം. അതിനായി ഫെഡറല്‍ സര്‍ക്കാരുമായി കരാറുണ്ടാക്കണം.
വിവിധ തൊഴില്‍ മേഖലകളിലേക്ക് വിദേശത്തു നിന്ന് തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കൗണ്‍സിലുകള്‍ക്ക് കഴിയും. ഇതിനായി വിദേശരാജ്യങ്ങളില്‍ പരസ്യം നല്‍കുന്നതിനും, റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും ഉള്ള ഉത്തരവാദിത്തവും അതാതു കൗണ്‍സിലുകള്‍ക്ക് തന്നെയായിരിക്കും.

Skilled migration Australia Source: qantara.com.au
ദൗര്‍ലഭ്യം ഉണ്ടെന്ന് വ്യക്തമാകുന്ന എല്ലാ തൊഴില്‍മേഖലകളിലും ഈ പ്രാദേശിക കുടിയേറ്റ കരാര്‍പ്രകാരം സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ കഴിയുമെന്നും സിറ്റിസണ്‍ഷിപ്പ് മന്ത്രി അലന്‍ ടഡ്ജ് പറഞ്ഞു.
ഇത്തരത്തില്‍ എത്തുന്നവര്‍ നിശ്ചിത കാലത്തേക്ക് അതേ കൗണ്‍സിലില്‍ തന്നെ ജീവിക്കണം എന്നുള്ളതാകും പ്രധാന വ്യവസ്ഥ.
നോര്‍തേണ്‍ ടെറിട്ടറിയുടെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷിക്കുന്ന ഈ പദ്ധതി മറ്റു കൗണ്‍സിലുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നു മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമായിട്ടില്ല.
കമ്പനികള്‍ക്ക് ലെവി
അതിനിടെ, വിദേശത്തു നിന്ന് തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇയാഴ്ച മുതല്‍ നിലവില്‍ വന്നു. സ്‌കില്ലിംഗ് ഓസ്‌ട്രേലിയ ഫണ്ട് ലെവിയാണ് കമ്പനികള്‍ നല്‍കേണ്ടി വരിക.
താല്‍ക്കാലിക തൊഴില്‍വിസയിലും, പെര്‍മനന്റ് വിസയിലും തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ ഈ ലെവി നല്‍കേണ്ടി വരും. താല്‍ക്കാലിക തൊഴില്‍ വിസയില്‍ വിദേശതൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ 10 മില്യണ്‍ ഡോളറില്‍ താഴെ വിറ്റുവരവുള്ള കമ്പനികള്‍ വര്‍ഷം 1200 ഡോളര്‍ വീതവും, പത്തു മില്യണില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്പനികള്‍ 1,800 ഡോളര്‍ വീതവുമാണ് ലെവി നല്‍കേണ്ടത്.
PR വിസകള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന കമ്പനികള്‍ക്ക് ഇത് യഥാക്രമം 3,000 ഡോളറും 5,000 ഡോളറുമാണ്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിച്ചിരുന്ന ഈ ബില്‍ മേയ് മാസത്തിലാണ് പാസായത്.