ടൂറിസം ഓസ്‌ട്രേലിയയുടെ വാണിജ്യ പരിപാടിയായ ഓസ്ട്രേലിയ മാർക്കറ്റ്പ്ലേസ് ഈ വര്ഷം ഓഗസ്റ്റ് എട്ട് മുതൽ പതിനൊന്ന് വരെ കൊച്ചിയിൽ നടന്നിരുന്നു. നാല് ദിവസങ്ങൾ നീണ്ട പരിപാടിയിൽ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 77 ഓസ്‌ട്രേലിയൻ വ്യവസായ സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
ടൂറിസം ഓസ്‌ട്രേലിയയുടെ കണക്ക് പ്രകാരം 2019 സാമ്പത്തിക വർഷത്തിൽ മാത്രം കേരളത്തിൽ നിന്ന് 16,840 പേരാണ് ഓസ്ട്രേലിയ സന്ദർശിച്ചത്. മാത്രമല്ല ഓസ്‌ട്രേലിയൻ സന്ദർശനത്തിനായി കേരളത്തിൽ നിന്നുള്ളവർ 450 കോടി രൂപ ചിലവഴിച്ചതായും ടൂറിസം ഓസ്ട്രേലിയ വെളിപ്പെടുത്തി.
ഇതോടെ ഓസ്‌ട്രേലിയൻ ടൂറിസം വിപണിയുടെ വികസനത്തിന് മികച്ച പങ്ക് വഹിക്കുന്നതിൽ കേരളം ഏഴാം സ്ഥാനത്താണെന്ന് ഇന്ത്യൻ ആൻഡ് ഗൾഫ് ടൂറിസം ഓസ്‌ട്രേലിയയുടെ കൺട്രി മാനേജർ നിഷാന്ത് കാശികാർ വ്യക്തമാക്കി.
2019 മെയ് അവസാനത്തോടെ ഓസ്ട്രേലിയ സന്ദർശിച്ച ഇന്ത്യൻ സന്ദർശകരുടെ എണ്ണം 3.67 ലക്ഷമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 11 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, സന്ദർശനത്തിനായി ഇന്ത്യൻ സന്ദർശകർ 1.7 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറാണ് ചിലവഴിക്കുന്നതെന്നും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണെന്നും ടൂറിസം ഓസ്‌ട്രേലിയയുടെ കണക്കുകൾ പറയുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ ഇവിടേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ നിന്നുള്ള 62,990 പേരാണ് ഈ വര്ഷം ഓസ്ട്രേലിയ സന്ദർശിച്ചത്.
ഇതോടെ ഓസ്ട്രേലിയയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയൻ സന്ദർശനത്തിനായി ഒരു ഇന്ത്യൻ സന്ദർശകൻ ശരാശരി 4,900 ഡോളർ ചിലവിടുന്നതായാണ് കണക്കുകൾ.
ഓസ്‌ട്രേലിയയിൽ അടുത്ത വര്ഷം നടക്കുന്ന T20 ക്രിക്കറ്റ് ലോക കപ്പ് മത്സരത്തിന് കൂടുതൽ സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നും 2025ഓടെ ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഒരു മില്യനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ടൂറിസം ഓസ്ട്രേലിയ.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകളും വിശേഷങ്ങളുമറിയാൻ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക