ഓര്‍മ്മകളാണ് ഇപ്പോള്‍ ജാനിസ് സ്പിങ്കിന്റെ കൂട്ട്.
1959 ഫെബ്രുവരി 14ന്, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ട ആരവങ്ങളുടെ ഓര്‍മ്മ
"ജാനിസ്, ജാനിസ്, ജാനിസ്.... സ്പുട്‌നിക്, സ്പുട്‌നിക്, സ്പുട്‌നിക്..." null

60 വര്‍ഷങ്ങള്‍ക്കിപ്പുറം, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കുമിപ്പുറം മെല്‍ബണിലെ വീടിന്റെ സ്വീകരണമുറിയിലിരിക്കുമ്പോഴും ജാനിസ് സ്പിങ്കിന്റെ കാതുകളില്‍ ആ ആരവം കേള്‍ക്കാം. കണ്ണുകളില്‍ ഒരു പതിനഞ്ചു വയസുകാരിയുടെ ആവേശം കാണാം.

റെക്കോര്‍ഡുകളുടെ ട്രാക്കില്‍
ഐക്യകേരളം സൃഷ്ടിച്ച ആദ്യത്തെ യഥാര്‍ത്ഥ അത്‌ലറ്റ് എന്നായിരുന്നു ജാനിസ് സ്പിങ്ക് അറിയപ്പെട്ടിരുന്നത്. 100 മീറ്ററില്‍ കേരളത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയെന്ന റെക്കോര്‍ഡ് 25 കൊല്ലം കാത്തു സൂക്ഷിച്ച താരം. പി ടി ഉഷയ്ക്കു പോലും തകര്‍ക്കാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡായിരുന്നു അത്.
പങ്കെടുത്ത എല്ലാ മീറ്റുകളിലും സ്വര്‍ണ്ണമെഡലുകള്‍ നേടിയ, ഒട്ടനവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത അത്‌ലറ്റായിരുന്നു ജാനിസ് സ്പിങ്ക്. 100 മീറ്റര്‍, 200 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലൊന്നും കേരളത്തില്‍ ജാനിസിന് എതിരാളിയേ ഉണ്ടായിരുന്നില്ല.
ദേശീയ മാധ്യമങ്ങള്‍ മുന്‍പേജുകളില്‍ കായികതാരങ്ങളുടെ ചിത്രം കൊടുക്കാന്‍ മടിക്കുന്ന കാലത്ത്, പല തവണ മുന്‍പേജില്‍ നിറഞ്ഞുനിന്ന താരം കൂടിയായിരുന്നു ജാനിസ്. ജാനിസിന്റെ പേരില്‍ കൊല്ലത്ത് ഒരു ഫുട്‌ബോള്‍ മത്സരം പോലും അക്കാലത്ത് സംഘടിപ്പിച്ചിരുന്നു.
തങ്കശേരി റോക്കറ്റ്
ഈസ്റ്റിന്ത്യാ കമ്പനിയിലൂടെ കൊല്ലം തങ്കശേരിയിലേക്കെത്തിയ ബ്രിട്ടീഷ് കുടുംബത്തിലെ അംഗം. പതിമൂന്നാം വയസില്‍ കൊല്ലത്തെ ഒരു പ്രാദേശിക അത്‌ലറ്റിക് മീറ്റ് കാണാന്‍ അച്ഛനൊപ്പം പോയ ജാനിസ്, വെറുതേ മത്സരിക്കാനിറങ്ങിയതാണ്. എല്ലാവരെയും ഞെട്ടിച്ച് ഒന്നാമതെത്തിയതോടെ ജാനിസിന്റെ വഴി ട്രാക്കാണെന്ന് അച്ഛനും തീരുമാനിച്ചു.
കണ്ണഞ്ചിക്കുന്ന വേഗതയില്‍ കുതിച്ചുപാഞ്ഞ ജാനിസിന് കേരള സ്പുട്‌നിക് എന്ന പേരു ചാര്‍ത്തിയത് കായികപ്രേമികളാണ്. 1959ല്‍.
സോവിയറ്റ് യൂണിയന്‍ ആദ്യ കൃത്രിമഉപഗ്രഹമായ സ്പുട്‌നിക് ഒന്ന് വിക്ഷേപിച്ചിട്ട് രണ്ടു വര്‍ഷമേ ആയിരുന്നുള്ളൂ. സ്പുട്‌നിക്കിനെപ്പോലെ കുതിച്ചുയര്‍ന്നു കായികരംഗത്ത് ജാനിസും.
പക്ഷേ മൂന്നാഴ്ച മാത്രം ഭ്രമണപഥത്തില്‍ നിന്ന സ്പുട്‌നിക് എന്ന ഉപഗ്രഹം പോലെ, വെറും രണ്ടു വര്‍ഷം കൊണ്ട് കേരളത്തിന്റെ കായികരംഗത്തു നിന്ന് വിടപറയുകയും ചെയ്തു ട്രാക്കിലെ സ്പുട്‌നിക്.
തങ്കശേരിയില്‍ നിന്ന് മദ്രാസിലേക്ക് ജോലിമാറ്റം കിട്ടിയ അച്ഛനൊപ്പം ജാനിസും അങ്ങോട്ടേക്ക് പോയി. ദക്ഷിണ റെയില്‍വേയില്‍ ജോലിയും കിട്ടി.
പിന്നെയും കായികരംഗത്തു നില്‍ക്കുകയും, ദേശീയ റെക്കോര്‍ഡുകള്‍ പലതും സ്വന്തമാക്കുകയും ചെയ്ത ജാനിസ്, അധ്യാപകനായ ഇയാന്‍ സാറ്ററെ വിവാഹം കഴിച്ച ശേഷം 1971ലാണ് മെല്‍ബണിലേക്ക് കുടിയേറുന്നത്.

കമ്പനി സെക്രട്ടറിയായും കുടുംബിനിയായും മെല്‍ബണില്‍ കഴിഞ്ഞ ജാനിസിന്, ഇപ്പോഴും ട്രാക്കിനെ കുറിച്ചുള്ള ഏറ്റവും നല്ല ഓര്‍മ്മകള്‍ കേരളത്തില്‍ തന്നെ.
കേരളത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജാനിസിന്റെ കണ്ണു നിറയ്ക്കുന്നു. ഒരു പതിനാലുകാരിയുടെ ബാല്യത്തിലേക്ക് മടങ്ങിപ്പോകാന്‍ കൊതിക്കുകയാണ് ജാനിസ് സ്പിങ്ക്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ കൂടി വിക്ടറി സ്റ്റാന്റില്‍ നില്ക്കാനും, കഴുത്തില്‍ സ്വര്‍ണ്ണമെഡല്‍ അണിയാനും.
കേരള സ്പുട്‌നിക് എന്ന ആരവം കേള്ക്കാനും.
ജാനിസ് സ്പിങ്കിന്റെ തന്നെ വാക്കുകളില്‍ കേള്‍ക്കാം...
(This article was prepared by Deeju Sivadas based on the radio interview)

