SKIP TO MAIN CONTENT

കേരളത്തിലെ കാലിക്കർഷകർക്ക് ഓസ്ട്രേലിയൻ പരിശീലനം നൽകാൻ ഒന്നര ലക്ഷം ഡോളർ സർക്കാർ ഗ്രാന്റ്

കേരളത്തിൽ പാലുൽപാദന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഓസ്ട്രേലിയൻ രീതികളിൽ പരിശീലനം നൽകുന്നതിന് ഫെഡറൽ സർക്കാർ ഒന്നര ലക്ഷം ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു. ടാസ്മേനിയയിലെ ഗ്രീൻ ഗ്രാസ് ഡയറി എന്ന സ്ഥാപനത്തിനാണ് ഓസ്ട്രേലിയ-ഇന്ത്യ കൗൺസിൽ വഴി ഗ്രാന്റ് പ്രഖ്യാപിച്ചത്.

Cow stock
Source: Pixabay

1 min read

Published

Updated

By Delys Paul


Skip to article content

പാലുൽപാദന രംഗത്ത് ലോകത്ത് ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 

ഓസ്‌ട്രേലിയയിലെ ഈ മേഖലയിലെ വൈദഗ്ധ്യം കേരളത്തിലെ കന്നുകാലിക്കർഷകർക്ക്  പകർന്ന് നൽകുന്നത് ലക്ഷ്യമിട്ടാണ്  ഗ്രീൻ ഗ്രാസ് ഡയറി ട്രെയിനിങ് എന്ന പദ്ധതിക്കായി ഓസ്ട്രേലിയൻ സർക്കാർ ഗ്രാന്റ് നൽകിയിരിക്കുന്നത്. 

കാലിത്തീറ്റ തയ്യാറാക്കുന്ന രീതികളിലും പശുക്കളെ പാർപ്പിക്കുന്ന രീതികളിലും മാറ്റം വരുത്തുന്നതായിരിക്കും പ്രധാന പരിശീലനമെന്ന് ഗ്രീൻ ഗ്രാസ് ഡയറി സ്ഥാപകനും ഡയറക്ടറുമായ ജോർജ് റിഗ്നി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ഇതുവഴി കേരളത്തിൽ പാലുൽപാദനത്തിന്റെ ചെലവ് കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഓസ്ട്രേലിയൻ രീതികളിലെ പരിശീലനം കേരളത്തിൽ ഫലപ്രദമായി നൽകുന്നതിന് ഒരു മൊബൈൽഫോൺ ആപ്പ് ഗ്രീൻ ഗ്രാസ് ഡയറി തയ്യാറാക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന അനൂപ് തങ്കൻ പറഞ്ഞു. 

മലയാളത്തിലും ഇംഗ്ലീഷിലുമായിരിക്കും ഈ ആപ്പ്. വീഡിയോകളിലൂടെയും ചോദ്യാത്തര പരിപാടികളിലൂടെയും ഓസ്ട്രേലിയൻ പശുവളർത്തൽ രീതി കേരളത്തിലെ കാലിക്കർഷകരെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 

TasTAFE, ക്വീൻസ്ലാൻഡ് അഗ്രികൾച്ചറൽ ട്രെയിനിങ് കോളേജ് തുടങ്ങി ഓസ്‌ട്രേലിയയിലെ വിദഗ്ദ്ധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ഓസ്‌ട്രേലിയയിൽ നിന്നുള്ള വിദഗ്‌ദ്ധർ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പരിശീലനം നൽകും.

ഓസ്‌ട്രേലിയൻ രീതികൾ നേരിട്ട് മനസിലാക്കുന്നതിനായി കേരളത്തിലെ കർഷകർക്ക് ടാസ്മാനിയയിലും ക്വീൻസ്ലാൻഡിലും ഡയറി ഫാമുകളിൽ പരിശീലനം ലഭ്യമാക്കുകയും ചെയ്യും.

കൂടുതൽ വിശദാംശങ്ങൾ ഞായറാഴ്ച (സെപ്റ്റംബർ 9) രാത്രി ഒമ്പതു മണിക്ക് എസ് ബി എസ് മലയാളം റേഡിയോ പ്രക്ഷേപണത്തിൽ കേൾക്കാം. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now