SKIP TO MAIN CONTENT

"കേരളത്തിലെ ക്ഷേത്രങ്ങളിൽ ആനകളോടുള്ള ക്രൂരത": ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമുന്നിൽ പ്രതിഷേധം

കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ആനകൾക്കു നേരേ നടക്കുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ പ്രതിഷേധ റാലി. രാഷ്ട്രീയനേതാക്കളും സിനിമാതാരങ്ങളുമുൾപ്പെടെയുള്ള പ്രതിഷേധക്കാർ ഇക്കാര്യമാവശ്യപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തു നൽകി.

Elephant campaigners protest at Indian High Commission, London
Source: Pic Courtesy of Independent UK

1 min read

Published

Updated


Skip to article content

കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ യോഗത്തിനായി നരേന്ദ്രമോഡി ലണ്ടനിലെത്തിയ സമയത്താണ് ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ പ്രതിഷേധ റാലി നടന്നത്. ആക്ഷൻ ഫോർ എലഫന്റസ് യു കെ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ബ്രിട്ടീഷ് രാഷ്ട്രീയക്കാരും, സിനിമാതാരങ്ങളും, എഴുത്തുകാരും, പരിസ്ഥിതി ശാസ്ത്രജ്ഞരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.  

ഇന്ത്യയിൽ ആനകൾക്കെതിരെ ഏറ്റവും ക്രൂരതകൾ നടക്കുന്ന സംസ്ഥാനം കേരളമാണ് എന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ 26 മാസത്തിനുള്ളിൽ കേരളത്തിൽ 57 ആനകളാണ് ചരിഞ്ഞതെന്ന് ഇവർ ആരോപിച്ചു. 

ലോകത്ത് മൃഗങ്ങളോടുള്ള ഏറ്റവും വലിയ ക്രൂരത നടക്കുന്ന സ്ഥലം കേരളത്തിലെ ക്ഷേത്രങ്ങളാണെന്നും ആക്ഷൻ ഫോർ എലഫന്റസ് കുറ്റപ്പെടുത്തി. 

ഏറ്റവും ഭീകരമായ സാഹചര്യത്തിലാണ് ഇന്ത്യൻ ക്ഷേത്രങ്ങളിലെ ആനകൾ കഴിയുന്നത്. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ വിശ്രമമോ ഒന്നും നൽകാറില്ലെന്നും, ക്ഷേത്രങ്ങളിലെ ഉത്സവസമയത്ത് മണിക്കൂറുകളോളം ടാർ റോഡിൽ നിർത്തുന്നത് ഇവയ്ക്ക് ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. 

പ്രതിഷേധ വേദിയിൽ നിന്ന് ബ്രിട്ടീഷ് അഭിനേതാവായ ഡാൻ റിച്ചാർഡ്സൻ ഫേസ്ബുക്കിൽ നൽകിയ ലൈവ് വീഡിയോ ഇതിനകം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ പേരാണ് പ്രതിഷേധത്തെ പിന്തുണച്ച് ഫേസ്ബുക്കിലും രംഗത്തെത്തിയത്.

ആനകൾക്കെതിരെയുള്ള ക്രൂരത ഇങ്ങനെ തുടരുകയാണെങ്കിൽ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയിലേക്കുള്ള വിദേശികളുടെ വരവിനെ അത് ബാധിക്കും എന്ന മുന്നറിയിപ്പും പ്രതിഷേധക്കാർ നൽകിയിട്ടുണ്ട്. 

ഈ പ്രതിഷേധത്തോട് ഇന്ത്യൻ സർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now