360ലേറെ പേർ കൊല്ലപ്പെടുകയും, എട്ടു ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത കേരളത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഓസ്ട്രേലിയയുടെ വിദേശ-വാണിജ്യകാര്യ വകുപ്പ് (DFAT) വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്നതിനായി കേരളത്തിന് സഹായം എത്തിക്കാൻ ഓസ്ട്രേലിയ തയ്യാറാണ്. എന്നാൽ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രമേ ഇത്തരത്തിൽ സഹായം നൽകാൻ കഴിയുള്ളൂവെന്നും വക്താവ് വ്യക്തമാക്കി.
ഏഷ്യാ പസഫിക് മേഖലയിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ ഓസ്ട്രേലിയ ദുരിതാശ്വാസ സഹായം നൽകാറുണ്ട്. DFAT യുടെ കീഴിലുള്ള ഓസ് എയിഡ് (AusAid) എന്ന പദ്ധതിയിൽ നിന്നാണ് ഈ സഹായം നൽകുന്നത്.
ദുരിതാശ്വാസത്തിന് നൽകുന്നത് കോടികൾ
2026-2017 സാമ്പത്തിക വർഷത്തിൽ 342.3 മില്യൺ ഡോളറാണ് (ഏകദേശം 1720 കോടി രൂപ) ഓസ്എയിഡിൽ നിന്ന് ദുരിതാശ്വാസ സഹായമായി നൽകിയത്. 2015 ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിനു ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി 20 മില്യൺ ഡോളർ ഓസ്ട്രേലിയ നൽകിയിരുന്നു.
2018-19 സാമ്പത്തികവർഷത്തിൽ 409.7 മില്യൺ ഡോളറാണ് (2050 കോടി രൂപ) ഏഷ്യാ പസഫിക് മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓസ്ട്രേലിയ നീക്കിവച്ചിരിക്കുന്ന ബജറ്റ്.
ദുരന്തം നേരിടുന്ന രാജ്യങ്ങളുടെ ഔദ്യോഗികമായ അഭ്യർത്ഥന ലഭിച്ചാൽ മാത്രമേ ഈ സഹായം നൽകാറുള്ളൂ. കേരളത്തിലെ ദുരന്തത്തെക്കുറിച്ച് ഇന്ത്യൻ സർക്കാരിൽ നിന്ന് ഇതുവരെയും അത്തരമൊരു അഭ്യർത്ഥന ലഭിച്ചിട്ടില്ലെന്നും ഓസ്ട്രേലിയൻ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കേരളത്തെ സഹായിക്കണമെന്ന് ജനപ്രതിനിധികൾ
പ്രളയക്കെടുതിയിൽ കേരളത്തെ സഹായിക്കണമെന്ന് ഓസ്ട്രേലിയയിലെ നിരവധി എം പിമാർ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം രാജ്യത്തെ എല്ലാ പ്രമുഖ മാധ്യമങ്ങളും കേരളത്തിലെ പ്രളയത്തെക്കുറിച്ച് റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്.
മെൽബണിൽ നിന്നുള്ള എം പി പീറ്റർ ഖലീൽ ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ജൂലീ ബിഷപ്പിന് കത്തയക്കുകയും ചെയ്തു.
നിരവധി മലയാളി കൂട്ടായ്മകളും വ്യക്തികളും ഓൺലൈൻ പെറ്റീഷനുകളിലൂടെയും നേരിട്ടും ഓസ്ട്രേലിയൻ സർക്കാരിനോട് സഹായം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടാൽ സഹായം എത്തിക്കാൻ തയ്യാറാണെന്ന് DFAT വ്യക്തമാക്കിയത്.
കൂടുതൽ ഓസ്ട്രേലിയൻ വാർത്തകൾക്ക് SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക

