ടൈപ്പ് 2 പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും പ്രതിരോധിക്കുന്നതിനായി ഏഴു വര്‍ഷം മുമ്പാണ് കേരള പ്രമേഹരോഗ പ്രതിരോധ പദ്ധതി (The Kerala Diabetes Prevention Program) തുടങ്ങിയത്.
മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ബ്രയാന്‍ ഓള്‍ഡന്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പദ്ധതിയില്‍, കേരളത്തിനും ഓസ്‌ട്രേലിയയ്ക്കും പുറമേ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും പങ്കാളികളാണ്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഓസ്‌ട്രേലിയയിലെ ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രമായ നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലാണ് (NHMRC) 1.36 ദശലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടം നെയ്യാറ്റിന്‍കരയില്‍
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കിയത്.
ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ പ്രമേഹ രോഗ തലസ്ഥാനം എന്നറിയപ്പെടുന്നത് കേരളമാണ്.
കേരളത്തിലെ 18 വയസിനു മേലുള്ളവരില്‍ 20 ശതമാനം പേര്‍ക്കും ടൈപ്പ് 2 പ്രമേഹം ഉണ്ടെന്നാണ് കണക്കുകള്‍.
ഈ സാഹചര്യത്തിലാണ് ഏഴു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ പിന്തുണയോടെ കേരളത്തില്‍ പ്രമേഹരോഗ പ്രതിരോധ പദ്ധതി തുടങ്ങിയത്. NHMRC യില്‍ നിന്ന് രണ്ടു ലക്ഷം ഡോളര്‍ ആദ്യ ഘട്ട പദ്ധതിക്ക് ഗ്രാന്റായി നല്‍കി.

Source: AAP Image/Reuters Graphic
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ 60 പ്രദേശങ്ങളിലായിരുന്നു ആദ്യഘട്ട പഠനം.
30 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള, പ്രമേഹ സാധ്യതയുള്ള 1007 പേരാണ് ഇതില്‍ പങ്കെടുത്തത്.
ജീവിത സാഹചചര്യങ്ങളും സാംസ്‌കാരിക ഘടകങ്ങളുമെല്ലാം പ്രമേഹ സാധ്യതയെ ബാധിക്കാം എന്ന് ആദ്യഘട്ട പഠനത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ബ്രയാന്‍ ഓള്‍ഡന്‍ബര്‍ഗ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഓസ്‌ട്രേലിയയിലും യൂറോപ്യന്‍ സമൂഹത്തെ അപേക്ഷിച്ച് ഇന്ത്യന്‍ സമൂഹത്തിലാണ് പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും കൂടുതലായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ കേരളത്തില്‍ നടത്തുന്ന പഠനത്തില്‍ നിന്നുള്ള അറിവുകള്‍ ഓസ്‌ട്രേലിയയിലും പ്രയോജനപ്രദമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Prof. Brian Oldenberg from University of Melbourne Source: Supplied
രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്
പദ്ധതി കേരളത്തില്‍ തന്നെ കൂടുതല്‍ വിപുലീകരിക്കാനും, തമിഴ്‌നാടിലേക്ക് കൂടി നടപ്പാക്കാനുമാണ് രണ്ടാം ഘട്ടം ലക്ഷ്യമിടുന്നത്.
പ്രമേഹസാധ്യതയുള്ളവരിലാണ് ആദ്യ ഘട്ടത്തില്‍ പഠനം നടത്തിയതെങ്കില്‍, രോഗമുള്ളവരുടെ ആരോഗ്യസംരക്ഷണമായിരിക്കും രണ്ടാം ഘട്ടത്തില്‍.
ആദ്യഘട്ട പദ്ധതിയില്‍ പങ്കെടുത്തവര്‍ക്ക് ഏഴുവര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തലായിരിക്കും രണ്ടാം ഘട്ടത്തിലെ ഒരു പ്രധാന നടപടിയെന്ന് പദ്ധതിയില് ഇന്ത്യയില് നിന്നുള്ള പ്രമുഖ ഗവേഷകരില്‍ ഒരാളായ ഡോ. കെ ആര്‍ തങ്കപ്പന്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
പ്രമേഹത്തിനു പുറമേ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ആരോഗ്യശീലങ്ങള്‍, വ്യായാമം തുടങ്ങിയ ഘടകങ്ങളില്‍ വന്നിരുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹമുള്ളവലിലെ മരുന്നുകളുടെ ഉപയോഗവും ജീവിതശൈലീ മാറ്റവുമെല്ലാം രണ്ടാം ഘട്ട പഠനത്തില്‍ ഉള്‍പ്പെടും.
കേരളത്തിലും തമിഴ്‌നാടിലും രണ്ടാം ഘട്ട പദ്ധതിയും വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ദേശീയ ആരോഗ്യ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ഇതിനു നേതൃത്വം നല്‍കുന്ന ഗവേഷകര്‍.

Dr KR Thankappan and team from Sri Chittira Tirunal Institute, Thiruvananthpuram Source: Supplied