സിഡ്‌നിയിലെ കിംഗ്‌സ് ലാംഗ്ലിയില്‍ താമസിച്ചിരുന്ന രാമന്‍ അയ്യരെ ജനുവരി 23 ന് വീടിനു സമീപത്തുണ്ടായ കാറപകടത്തെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പരുക്കേറ്റിരുന്ന അദ്ദേഹം ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ജയ രാമനാണ് ഭാര്യ. മകള്‍ മായാ രാമന്‍.
നാലര പതിറ്റാണ്ടുകാലമായി സിഡ്‌നി മലയാളി സമൂഹത്തില്‍ സജീവമായിരുന്നു രാമന്‍ കൃഷ്ണയ്യര്‍.
സിഡ്‌നി മലയാളികള്‍ക്കിടയില്‍ രാമേട്ടന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം, സംഗീത രംഗത്തും സാഹിത്യരംഗത്തുമെല്ലാം നിറസാന്നിദ്ധ്യമായിരുന്നു. ഒട്ടേറെ പേര്‍ക്ക് ഈ മേഖലകളില്‍ ഗുരുവും വഴികാട്ടിയുമായിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ ഏറ്റവും പഴയ മലയാളി കൂട്ടായ്മകളിലൊന്നായ സിഡ്‌നി മലയാളി അസോസിയേഷന്‍ രൂപീകരിച്ചപ്പോഴുള്ള ആദ്യ സെക്രട്ടറിയുമായിരുന്നു രാമന്‍ അയ്യര്‍. അസോസിയേഷന്‍ രൂപീകരണ കാലത്തെക്കുറിച്ച് അദ്ദേഹം മുമ്പ് എസ് ബി എസ് മലയാളത്തോട് സംസാരിച്ചിരുന്നു.
തൃശൂര്‍ സ്വദേശിയായ രാമന്‍ അയ്യര്‍ 1970കളിലാണ് ഓസ്‌ട്രേലിയയിലെത്തുന്നത്.
അതിനു മുമ്പ് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി ബോംബെയില്‍ (മുംബൈ) ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സംഗീതരംഗത്തെ കുലപതികളുമായി അക്കാലം മുതല്‍ അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.
ഓസ്‌ട്രേലിയയിലെത്തിയ ശേഷം മക്വാറി യൂണിവേഴ്‌സിറ്റിയില്‍ ലൈബ്രേറിയനായിരുന്നു രാമന്‍ അയ്യര്‍.

Raman Iyer with Yesudas Source: Facebook/Raman Iyer
എം എസ് സുബ്ബലക്ഷ്മിയും യേശുദാസും മുതല്‍ കലാ-സംഗീത രംഗത്തെ യുവപ്രതിഭകളുമായി വരെ ഗാഢമായ വ്യക്തിബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എം എസ് സുബ്ബലക്ഷ്മിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം മുമ്പ് പങ്കുവച്ചിരുന്നു.
അന്തിമ ചടങ്ങുകളുടെയും സംസ്‌കാരത്തിന്റെയും വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കുടുംബസുഹൃത്തുക്കള്‍ അറിയിച്ചു.
Share

