SKIP TO MAIN CONTENT

കോൾസിനുള്ളിൽ തെന്നി വീണ് പരുക്ക്; $50,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജൻ

മെൽബണിലെ ടാർനീറ്റിലുള്ള കോൾസ് സൂപ്പർമാർക്കെറ്റിൽ നിലത്തു കിടന്ന പഴത്തെ ചവിട്ടി തെന്നി വീണ് ഇന്ത്യൻ വംശജനായ രാകേഷ് ധോഡിക്ക് പരുക്കേറ്റു. സംഭവത്തിൽ കോൾസിൽ നിന്നും $50,000 നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് രാകേഷ്.

injured coles customer
Source: Rakesh Dhody

1 min read

Published

Updated


Skip to article content

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യൻ വംശജനായ രാകേഷ് ധോഡി മെൽബണിന്റെ പടിഞ്ഞാറൻ പ്രദേശമായ ടാർനീറ്റിലെ അദ്ദേഹത്തിന്റെ വീടിനു സമീപത്തുള്ള കോൾസ് സൂപ്പർമാർക്കെറ്റിനുള്ളിൽ തെന്നി വീണത്. ഇവിടെ നിലത്തു വീണ് കിടന്ന പഴത്തെ ചവിട്ടിയാണ് തെന്നി വീണതെന്നും ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ വിരലിന് ഒടിവ് സംഭവിച്ചുവെന്നും രാകേഷ് പറഞ്ഞതായി ഫെയർഫാക്സ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

സംഭവസമയത്ത് കോൾസിലെ ജീവനക്കാർ വേണ്ട സഹായങ്ങൾ ചെയ്തതായി രാകേഷ് പറയുന്നു. എന്നാൽ, ഇത് മൂലം അനുഭവപ്പെട്ട മാനസിക ബുദ്ധിമുട്ടുകൾക്കും, വേദനയ്ക്കും നഷ്ടപരിഹാരമായാണ് കോൾസിൽ നിന്നും $50,0000 രാകേഷ് ആവശ്യപ്പെട്ടിരിക്കുന്നത് .

മാത്രമല്ല, സംഭവത്തിന് ശേഷം ആറ് മാസത്തോളം ഹാൻഡ് തെറാപ്പിയ്ക്കായി ആശുപത്രി സന്ദർശിക്കേണ്ട വന്നതായും 63 കാരനായ രാകേഷ് പറയുന്നു . അതുകൊണ്ടുതന്നെ രാകേഷ് ആവശ്യപ്പെടുന്ന $50,000 നഷ്ടപരിഹാരം നൽകാൻ തയ്യാറാവാത്ത പക്ഷം കോൾസിനെതിരെ കേസുമായി കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് ഇദ്ദേഹം.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയെന്നും, ഇതുമായി ബന്ധപ്പെട്ട് രാകേഷിന്‌ സ്വന്തം കീശയിൽ നിന്നും ചിലവായ തുക നൽകാൻ തയ്യാറാണെന്നും കോൾസിന്റെ പേരന്റ് കമ്പനിയായ വെസ്റ്റ്ഫാർമേഴ്‌സ് അറിയിച്ചതായി കമ്പനി വക്താവ് വ്യക്തമാക്കി. മാത്രമല്ല, രാകേഷിൽ നിന്നും ഇതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് കമ്പനിയെന്നും വക്താവ് അറിയിച്ചു.

സിഡ്‌നിയിലെ കോൾസിനുള്ളിൽ തെന്നി വീണ് പരുക്കേറ്റ ഇന്ത്യൻ വംശജയ്ക്ക് $90,000 നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ ബുധനാഴ്ച്ച കോടതി വിധിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് നഷ്ടപരിഹാരം തേടി രാകേഷ് രംഗത്തെത്തിയിരിക്കുന്നത്. 2012 ഒക്ടോബറിലാണ് നിലത്തു കിടന്ന മുന്തിരിയെ ചവിട്ടി തെന്നി വീണ് ഇന്ത്യൻ വംശജയായ സംഗീത ഗുരുവിന്റെ കാലിന് ഒടിവ് സംഭവിച്ചത്.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now