എസ് ബി എസ് ടെലിവിഷനിലെ ദ ഫീഡും, എസ് ബി എസ് മലയാളം ഉൾപ്പെടെയുള്ള റേഡിയോ പരിപാടികളും ഫെയർഫാക്സ് മീഡിയയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായി നടക്കുന്ന വൻ വിസ തട്ടിപ്പിൻറെ വിവരങ്ങൾ ലഭ്യമായത്. വിസക്കായി സ്പോൺസർഷിപ്പ് നൽകാമെന്നും, വ്യാജ വിവാഹത്തിലൂടെ പി ആർ ലഭ്യമാക്കാമെന്നും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ഈ തട്ടിപ്പുകൾ നടന്നിരിക്കുന്നത്.
അര ലക്ഷം ഡോളറിനു മുകളിലാണ് ഈ തട്ടിപ്പിൽ കുടുങ്ങിയ പലർക്കും നഷ്ടമായത്.
"പാപ്പരായ" ഏജൻറ്: ജീവിതം മൂന്നു മില്യൺ ഡോളറിൻറെ കൊട്ടാരത്തിൽ
സിഡ്നിയിലെ ബെല്ലാ വിസ്ത കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഗ്ലോബൽ സ്കിൽസ് ആൻറ് ബിസനന് സർവീസസ് എന്ന മൈഗ്രേഷൻ ഏജൻസിയുടെ തട്ടിപ്പുകളാണ് പുറത്തുവന്നതിൽ ഒന്ന്.
ഓസ്ട്രേലിയയിലേക്ക് വരാനുള്ള സ്പോൺസർഷിപ്പും, പെർമനൻറ് റെസിഡൻസി കിട്ടാനുള്ള സാഹചര്യങ്ങളും ഒരുക്കാം എന്നുറപ്പുകൊടുത്താണ് ഈ ഏജൻസിയുടെ ഉടമ ലൂബോ ജാക്ക് റാസ്കോവിക് തട്ടിപ്പ് നടത്തിയത്. വിസ ലഭിക്കാൻ 70,000 ഡോളർ വരെയാണ് ഫീസായി ഇയാൾ ആവശ്യപ്പെട്ടിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും, മറ്റാൾക്കാരിലൂടെയുമായിരുന്നു റാസ്കോവിക്കിൻറെ പരസ്യം മുഴുവൻ. ഈ വാഗ്ദാനത്തിൽ ആകൃഷ്ടരായി എത്തിയവർ മിക്കവരും ഇന്ത്യാക്കാരായിരുന്നു.
എന്നാൽ ഏറെ മാസങ്ങൾ കാത്തിരുന്നിട്ടും വിസ ലഭിക്കാത്തതിനാൽ പലരും പണം തിരികെ ആവശ്യപ്പെട്ടു. അത് നൽകാമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ആർക്കും പൂർണമായി അത് തിരികെ ലഭിച്ചില്ല.
25 ലക്ഷം കടബാധ്യതയുള്ള റാസ്കോവിക്കിൻറെ യാത്രക്ക് ഒരു ലക്ഷം ഡോളറിൻറെ പോർഷ് കാർ
ഒടുവിൽ കഴിഞ്ഞ മാസം 25 ലക്ഷം ഡോളർ കടബാധ്യത ചൂണ്ടിക്കാട്ടി ഗ്ലോബൽ സർവീസസ് ലിക്വിഡേഷനിലേക്ക് പോയി. 45 പേർക്കായാണ് ഈ പണം നൽകാനുള്ളതെന്നാണ് ലിക്വിഡേറ്ററുടെ രേഖകൾ കാണിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യാക്കാരും.
പക്ഷേ, പത്തു മാസം മുന്പ് ബെല്ലാ വിസ്റ്റയിൽ റാസ്കോവിക് ഒരു കൊട്ടാരസദൃശ്യമായ വീട് വാങ്ങിയിരുന്നു എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. മുപ്പത് ലക്ഷം ഡോളർ മുടക്കിയാണ് ഈ വീട് വാങ്ങിയത്.
അതിനു പുറമേ ഒരുലക്ഷം ഡോളർ മുടക്കി ഒരു പോർഷ് കാറും ഇയാൾ സ്വന്തമാക്കി.
ഗ്ലോബൽ സർവീസസ് കന്പനി പാപ്പർ സ്യൂട്ട് നൽകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുന്പ് റാസ്കോവിക് മറ്റൊരു കന്പനിയിലേക്ക് മാറിയിരുന്നു. ഓൾ ബോർഡേഴ്സ് എന്ന പേരിൽ, പഴയ അതേ ഓഫീസിലാണ് ഇയാൾ ഇപ്പോഴും പ്രവർത്തിക്കുന്നത്. പഴയ ബിസിനസ് പങ്കാളിയുടെ ഉടമസ്ഥതയിലാണ് ഇപ്പോഴത്തെ കന്പനി.
പണം നഷ്ടമായി ഇന്ത്യയിലേക്ക് മടങ്ങിയവർ
സുനീൽ കുമാർ കൊച്ചേർല എന്ന 41കാരന് നഷ്ടമായത് 30,000 ഡോളറാണ്.
രണ്ടു വർഷം മുന്പ്, എങ്ങനെയെങ്കിലും ഓസ്ട്രേലിയയിൽ തുടരാനുള്ള ശ്രമത്തിലാണ് സുനീൽ കുമാർ റാസ്കോവിക്കിൻറെ ഗ്ലോബൽ സർവീസസിനെ സമീപിച്ചത്. 40,000 ഡോളർ ഫീസിൽ റിക്രൂട്ട്മെൻറ് സേവനങ്ങൾ നൽകാമെന്ന് റാസ്കോവിക് സമ്മതിച്ചു.
"Gathering CVs and requesting references", "facilitating interviews and placement opportunities", "supporting the offer and acceptance process" എന്നിവയായിരുന്നു അവർ നൽകാം എന്ന് ഉറപ്പു നൽകിയ സേവനങ്ങൾ.
ജോലി കിട്ടും എന്ന് ഉറപ്പു പറഞ്ഞില്ല. എന്നാൽ ജോലി കിട്ടാതിരിക്കുകയോ, കിട്ടുന്ന ജോലി ഒരു വർഷമെങ്കിലൂം നീളാതിരിക്കുകയോ ചെയ്താൽ മുടക്കിയ പണം തിരികെ നൽകും എന്നതായിരുന്നു വാഗ്ദാനം.
2015 ഏപ്രിലിൽ സൂനീൽ കുമാറിന് ഒരു ജോലിയുടെ ഓഫർ കിട്ടി - രേഖാമൂലം. ക്വീൻസ്ലാൻറിലെ സൺഷൈൻ കോസ്റ്റിലുള്ള ഒരു ലാൻഡ്സ്കേപ്പിംഗ് കന്പനിയുടെ ചീഫ് എക്സിക്യുട്ടീവിൽ നിന്നായിരുന്നു ഓഫർ.
എന്നാൽ റാസ്കോവിക് എന്നയാളെ അറിയുക പോലും ഇല്ലെന്നും, ഇത്തരം ഒരു ജോലി ഓഫർ നൽകിയിട്ടേ ഇല്ല എന്നുമായിരുന്നു ഈ കന്പനിയുടെ സി ഇ ഒ നൽകിയ മറുപടി.
വീണ്ടും പല ജോലികളും നോക്കി പരാജയപ്പെട്ട ശേഷം സുനീൽ കുമാറിന് തൻറെ കുടുംബത്തെയും കൊണ്ട് ഇന്ത്യയിലേക്ക് തിരികെ പോകേണ്ടി വന്നു.
ഈ ആരോപണങ്ങളെക്കുറിച്ചെല്ലാം ഞങ്ങൾ റാസ്കോവിക്കിനോട് ചോദിച്ചെങ്കിലും, അതിനൊന്നും മറുപടി പറയാൻ അയാൾ തയ്യാറായില്ല. ഞങ്ങളോട് സംസാരിക്കേണ്ടതില്ല എന്ന് ഉപദേശം ലഭിച്ചതായാണ് റാസ്കോവിക് അറിയിച്ചത്.

Ankur has never received a refund. His calls to Jack Raskovic go unanswered. Source: SBS
തട്ടിപ്പിനിരയായതിൽ സ്പോൺസർമാരും
തൊഴിലും വിസയും തേടുന്നവർ മാത്രമല്ല, വിസ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകളും തട്ടിപ്പിനിരയായതിൽപ്പെടുന്നു.
വിദേശത്തു നിന്നുള്ള വിസ അപേക്ഷകർക്ക് സ്പോൺസർഷിപ്പ് നൽകുകയാണെങ്കിൽ പണം നൽകാമെന്ന വാഗ്ദാനവുമായി ഗ്ലോബൽ സർവീസസ് തൊഴിലുടമകളെ സമീപിച്ചിരുന്നു.
2015 ഡിസംബറിൽ നിലവിൽ വന്ന നിയമപ്രകാരം സ്പോൺസർഷിപ്പ് വിസക്ക് പണം വാങ്ങുന്നത് കുറ്റമാണ്. അതിനാൽ ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ, ക്യാഷ് ആയി തുക നൽകാം എന്നായിരുന്നു വാഗ്ദാനം.
അത്തരത്തിലുള്ള വാഗ്ദാനം സ്വീകരിച്ച് ഒരാളെ ജോലിക്കെടുത്തതാണ് ക്വീൻസ്ലാൻറിലെ വെസ്റ്റേൺ ഡൗൺസിലുള്ള ക്രിസ് വെൽഡിംഗ് ആൻറ് സ്റ്റീലിൻറെ ഉടമ ക്രിസ് ഓം.
കുടിയേറ്റകാര്യ വകുപ്പ് വിസ നൽകിക്കഴിയുന്പോൾ ക്രിസിന് പതിനായിരം ഡോളർ പണമായി നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ വിസ നൽകിക്കഴിഞ്ഞതോടെ ഗ്ലോബൽ സർവീസസ് പിന്നെ പ്രതികരിക്കാതെയായി എന്ന് ക്രിസ് ഓം പറയുന്നു.
പണം നഷ്ടമായ മലയാളികൾ
ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധി പേരുമായാണ് എസ് ബി എസ്- ഫെയർഫാക്സ് അന്വേഷണ സംഘം സംസാരിച്ചത്. റാസ്കോവിക്കിൻറെ ഗ്ലോബൽ സർവീസസ് മാത്രമല്ല, സമാനമായ തട്ടിപ്പ് നടത്തുന്ന മറ്റു നിരവധി വിസ ഏജൻറുമാരുമുണ്ട്.
കോട്ടയം സ്വദേശികളായ സിജിമോനും ലീനയും അത്തരത്തിൽ ഒരു ഏജന്റിൻറെ തട്ടിപ്പിന് ഇരയായി 32,000 ഡോളർ നഷ്ടമായവരാണ്.
ന്യൂസൗത്ത് വെയിൽസിലെ ഒരു ഉൾനാടൻ പ്രദേശത്ത് ഹോട്ടലിൽ ജോലി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞാണ് ഏജൻറ് ഇവരിൽ നിന്ന് പണം തട്ടിയത്. എന്നാൽ പണം കിട്ടിയ ശേഷം ഏജൻറുമായി ബന്ധപ്പെടാൻ പോലും ഇവർക്ക് കഴിയുന്നില്ല.
സിജിമോനും ലീനയും തങ്ങളുടെ അനുഭവം എസ് ബി എസ് മലയാളവുമായി വിവരിക്കുന്നത് കേൾക്കാം, വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് എസ് ബി എസ് മലയാളം റേഡിയോയിൽ.
You can watch SBS' full investigation of Australia's underground visa market at 7.30pm tonight on SBS Viceland or 10pm on SBS TV.