അടുത്ത അദ്ധ്യേന വർഷം മുതൽ കായികവിനോദങ്ങളിൽ ഏർപ്പെടുന്ന സ്‌കൂൾ കുട്ടികൾക്കാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത് .
നാലര വയസു മുതൽ 18 വയസ്സ് വരെ പ്രായമുള്ള അതായത് കിൻഡർഗാർട്ടൻ മുതൽ 12 ആം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂൾ കുട്ടികൾക്കാണ് 100 ഡോളറിന്റെ ആക്റ്റീവ് കിഡ്സ് വൗച്ചർ ലഭ്യമാകുക. ഹോം -സ്കൂൾ വഴിയും TAFE വഴിയും സെക്കന്ററി സ്കൂൾ പഠനം നടത്തുന്ന കുട്ടികൾക്കും ഇത് ലഭ്യമാകും.
കുട്ടികൾ കായിക വിനോദങ്ങളിൽ കൂടുതൽ സജ്ജീവമാകുക അതുവഴി ഇവരിൽ കണ്ടുവരുന്ന അമിതവണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ഇത് 2018 ജനുവരി 31 മുതൽ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
കുട്ടികൾക്കായുള്ള സംസഥാന സർക്കാരിന്റെ 207 മില്യൺ ഡോളർ പദ്ധതിയുടെ ഭാഗമാണിത്. ഒരു കുട്ടിക്ക് ഒരു വൗച്ചർ എന്ന നിലക്ക് ഇത് അടുത്ത നാല് വർഷം തുടർച്ചയായി കുട്ടികൾക്ക് അനുവദിച്ചു നൽകാനാണ് പദ്ധതി.
ഇത് കായികവിനോദങ്ങളിൽ ഏർപ്പെടാൻ താല്പര്യം കാണിക്കുന്ന കുട്ടികളുടെ കുടുംബത്തിന് ഒരു സഹായമാകുമെന്നും, ഈ സ്കീയിം എല്ലാവരും പ്രയോജനപ്പെടുത്തുമെന്നും കരുതുന്നതായി ട്രഷറർ ഡൊമിനിക് പെർറോട്ടേട് പ്രതീക്ഷ പ്രകടിപ്പിച്ചു.
ജനുവരി അവസാനം മുതൽ രക്ഷിതാക്കൾക്ക് ഇതിനായി അപേക്ഷിക്കാം. സർവീസ് എൻ എസ് ഡബ്യു വിന്റെ വെബ്സൈറ്റിൽ നിന്നും വൗച്ചർ ഡൌൺലോഡ് ചെയ്യാവുന്നതാണ്.