കൈത്താങ്ങായി ഓസ്ട്രേലിയയും: കേരളത്തിന് സഹായമെത്തിക്കാൻ നിരവധി ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മകൾ

ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ആയിരക്കണക്കിന് ഓസ്‌ട്രേലിയൻ മലയാളികൾ രംഗത്തെത്തി. ഓണാഘോഷം റദ്ദാക്കിയും ധനസമാഹരണം നടത്തിയും രക്ഷാപ്രവർത്തനത്തിനുള്ള സന്ദേശങ്ങൾ കൈമാറിയുമാണ് ഓസ്ട്രലിയൻ മലയാളികൾ സഹായമെത്തിക്കുന്നത്.

Kerala floods

Source: SBS

കേരളം ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും 324 പേർ മരിക്കുകയും, മുന്നേകാൽ ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. ദുരിതത്തിൽ നിന്ന് കരകയറുന്നതിന് ലോകമെങ്ങുമുള്ള മലയാളികളുടെയും മറ്റു രാജ്യാന്തര സമൂഹത്തിന്റെയും സഹായം സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു.

Kerala floods
Source: Supplied

നിരവധി ഓസ്ട്രേലിയൻ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും വ്യക്തികളുമാണ് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓണാഘോഷം റദ്ദാക്കി ഫണ്ട് ശേഖരണം

വരും ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടികൾ റദ്ദാക്കിക്കൊണ്ടാണ് നിരവധി ഓസ്‌ട്രേലിയൻ മലയാളികൾ ഫണ്ട് സ്വരൂപിക്കുന്നത്. ഓണാഘോഷങ്ങൾക്കായി ചിലവിടുന്ന പണം പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് സംഭാവനയായി നൽകാനാണ് പല മലയാളി കൂട്ടായ്മകളും പദ്ധതിയിട്ടിരിക്കുന്നത്.

കേരളത്തിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോൾ ഇവിടെ ഓണാഘോഷം നടത്തുന്നത് ഉചിതമല്ലെന്ന് മലയാളി അസോസിയേഷൻ ഓഫ്  പെർത്തിലെ അപർണ സുഭാഷ് പറഞ്ഞു. ശനിയാഴ്ച നടത്താനിരുന്ന ഓണാഘോഷം MAP റദ്ദാക്കിയെന്നും, അതിനു പകരം ധനസമാഹരണം നടത്തി കേരളത്തിന് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും അപർണ പറഞ്ഞു. 

ഓണാഘോഷം റദ്ദാക്കിയതിന് പുറമെ ഇതിനായി പാചകം ചെയ്ത പല വിഭവങ്ങളും വിൽക്കാനും ഇതിൽ നിന്നും ലഭിക്കുന്ന പണം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാനുമാണ് പദ്ധതിയിടുന്നതെന്ന് അപർണ വ്യക്തമാക്കി.

kerala flood
Source: Facebook

ഇത്തരത്തിൽ ഓണാഘോഷം റദ്ദാക്കാൻ പദ്ധതിയിട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയതിനാൽ വൻ തുക സാമ്പത്തിക നഷ്ടമുണ്ടാകുമെങ്കിലും അതിനെക്കാൾ പ്രധാനം കേരളത്തെ സഹായിക്കുക എന്നതാണെന്നും, അതിനാലാണ് ഓണാഘോഷം റദ്ദാക്കുന്നതെന്നും നിരവധി അസോസിയേഷനുകൾ പറഞ്ഞു. 

മലയാളി അസോസിയേഷനുകൾ മാത്രമല്ല, ചെറു കൂട്ടായ്മകളും ഓണാഘോഷം റദ്ദാക്കാനും ആ തുക ദുരിതാശ്വാസത്തിനായി കൈമാറാനും തീരുമാനിച്ചിട്ടണ്ട്.

ഓണാഘോഷം റദ്ദാക്കി രണ്ടായിരം ഡോളറെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മെൽബണിലെ മെറാണ്ടയിൽ മലയാളി കൂട്ടായ്മയിൽ അംഗമായ സൗമ്യ ജിറ്റോ പറഞ്ഞു. 

ഇത്തരത്തിൽ ഓണാഘോഷം റദ്ദാക്കിക്കൊണ്ട് പണം സ്വരൂപിക്കുന്നതിന് പുറമെ തുണികളും, കമ്പിളികളും മറ്റ് അവശ്യ സാധനങ്ങളും ശേഖരിച്ച് കാർഗോ വഴി അയക്കാൻ പദ്ധതിയിടുകയാണ് മെൽബൺ മൈത്രി കൂട്ടായ്മയും മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയയും.

An elderly man is rescued from flood waters in Kochi, Kerala state
An elderly man is rescued from flood waters in Kochi, Kerala state Source: AAP

അതേസമയം, മറ്റു പല സംഘടനകളും ഓണാഘോഷം റദ്ദാക്കുന്നതിനു പകരം മുൻനിശ്ചയിച്ച പ്രകാരം ഒത്തുകൂടി ധനസമാഹരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആഘോഷപരിപാടികൾ വെട്ടിക്കുറച്ച് പകരം ധനസമാഹരണം എന്ന രീതിയിലാണ് ഈ ഒത്തുകൂടലെന്ന് കേരള ഹിന്ദു സൊസൈറ്റി മെൽബണിന്റെ പ്രസിഡന്റ് ശ്രീകുമാർ ശ്രീലകം പറഞ്ഞു. 

ഓസ്ട്രേലിയയിൽ ധനസമാഹരണം നടത്തുന്നതിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം സ്വരൂപിക്കാനുള്ള പ്രചാരണവും നിരവധി സംഘടനകൾ നടത്തുന്നുണ്ട്. ഏറ്റവും എളുപ്പത്തിൽ കേരളത്തിലേക്ക് ധസഹായം എത്തിക്കുന്നതിനു വേണ്ടിയാണ് ഇതെന്ന് നവോദയ ഓസ്ട്രേലിയയുടെ റെജിൽ പൂക്കുത്ത് പറഞ്ഞു.

ഫണ്ട് സമാഹരണ പേജുകൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഫണ്ട് ശേഖരണത്തിനായി പേജുകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ചില ഓസ്‌ട്രേലിയൻ മലയാളികളും ഫണ്ട് റേയ്‌സിംഗ് പേജുകൾ രൂപീകരികരിച്ചുകൊണ്ടാണ് ധനസമാഹരണം നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഓണാഘോഷം റദ്ദാക്കിക്കൊണ്ട് ഫേസ്ബുക്കിലൂടെ ഫണ്ട് സമാഹരിക്കുകയാണ് മെൽബണിലെ ജീളോങ്ങിലുള്ള ഒരു കൂട്ടം മലയാളികൾ.

നൂറിൽ പരം കുടുംബങ്ങൾ അവരുടെ ഒരു ദിവസത്തെ ശമ്പളം ഇതിലേക്ക് സംഭാവന ചെയ്തുകൊണ്ടാണ് ധനസമാഹരണം നടത്തുന്നതെന്ന് ഇതിനു മുൻകൈയെടുത്ത മജോഷ് ജോസഫ്  പറഞ്ഞു.

10,000 ഡോളറാണ് ഇതിലൂടെ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും മലയാളികൾക്ക് പുറമെ മറ്റ് ഓസ്‌ട്രേലിയക്കാരുടെ ഇടയിലേക്കും ഇത് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇതിനു പുറമെ ലോകമെങ്ങുമുള്ളവരിൽ നിന്നും പണം സ്വരൂപിച്ച് നാട്ടിലേക്ക് നൽകാൻ GOFUNDME പേജ് രൂപീകരിച്ച് ഫണ്ട് ശേഖരിക്കുകയാണ് ന്യൂ സൗത്ത് വെയില്സിലുള്ള റെജു റാഫേലും സുഹൃത്തുക്കളും. 50,000 ഡോളറാണ് ഇതിലൂടെ സമാഹരിക്കാൻ ഇവർ ലക്ഷ്യമിടുന്നത്.

രക്ഷാപ്രവർത്തനത്തിന് സഹായം

ഫണ്ട് ശേഖരണത്തിന് പുറമെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കെട്ടിടങ്ങളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനും നിരവധി പേർ സഹായിക്കുന്നുണ്ട്.  രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളെ വിവരം അറിയിച്ച് നിരവധി പേരെ രക്ഷപ്പെടുത്താൻ സഹായിച്ച ഓസ്‌ട്രേലിയൻ മലയാളികളിൽ ഒരാളാണ് മെൽബണിലുള്ള സഞ്ജയ് പരമേശ്വരൻ.

ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും സഹായം അഭ്യർത്ഥിച്ച ആലുവ, റാന്നി എന്നീ പ്രദേശങ്ങളിലുള്ള അഞ്ചു കുടുംബങ്ങളെ രക്ഷിക്കാൻ തന്റെ സുഹൃത്തുക്കൾക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 

ഇത്തരത്തിൽ നിരവധി മാർഗ്ഗങ്ങളിലൂടെ ഓസ്‌ട്രേലിയൻ മലയാളികൾ കേരളത്തെ സഹായിക്കാൻ മുൻപോട്ടു വന്നിട്ടുണ്ട്. കേരളത്തിന്റെ ഈ ദുരിതപൂർണമായ അവസ്ഥയിൽ ഒറ്റക്കെട്ടായി നിന്ന് കൈത്താങ്ങാകുകയാണ് ഓസ്‌ട്രേലിയൻ മലയാളികൾ.

സഹായവുമായി മുന്നിട്ടുവരുന്ന മറ്റ് ചില മലയാളി കൂട്ടായ്മകൾ

·         Pulari Victoria

·       Ente Keralam Australia

·       Gold Coast Malayalee Association

·       Canberra Malayalee Association

·       Sydney Malayalee Association

·       Adelaide and Metropolitan Malayalee Association

·       Ozincare Sydney

·       Central Coast Malayalee Association

·       Malayalee Association of Cairns

·       Malayalee Association of Victoria

·       Melbourne Malayalee Federation

·       Navodaya Australia

·       Ipswich Malayalee Association

·       Sree Narayana Mission Sydney

·       Springfield Malayalee Association

·       Wyndham Malayalee Community Group

·       Kerala Food Relief Fund, Geelong

·       Kairali Federation, Sydney

·       North West Malayalee Association, Sydney

·       Kairali Federation & Nanma, Sydney

·       Illawara Malayalee Association

·       Soorya Cricket Club, Melbourne

·       Alice Springs Malayalee Association

·       Essence Melbourne

·       Nadam Melbourne

·       Kerala Hindu Society of Melbourne

·       Malayalee Association of Perth

·       Darwin Malayalee Association

·       Darwin Malayalee Federation

·       IOC Australia

·       Essence Perth

·       Kairali Brisbane

·       Malarvadi Mebourne

·       Berwick AyaIkootam 

·       Melbourne Maithri

·       Brisbane Association of Malayali Students and Alumni

·       Illawarra Kerala Samajam

·       Shepparton Malayalee Association

·       Geelong Mythri Inc

·       Hunter Malayali Samajam, Newcatle

  •   Sree Narayana Mission, Melbourne
  •   Nepolians Cricket Club, Brisbane
  •   Armidale Malayalee Association
  •   Geelong Kerala Community

  

  •  ഇതിനു പുറമെ മറ്റേതെങ്കിലും സംഘടനകളോ കൂട്ടായ്മകളോ ഏതെങ്കിലും വിധത്തിൽ സഹായവുമായി മുൻപോട്ടു വരുന്നുണ്ടെങ്കിൽ ഈ പട്ടികയിൽ ഉൾപ്പെടുത്താം. അതിനായി  എസ് ബി എസ് മലയാളത്തെ ബന്ധപ്പെടാവുന്നതാണ്.

4 min read

Published

Updated

By Salvi Manish



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now