ന്യൂസിലന്റിലെ വൈക്കാട്ടോയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അപകടമുണ്ടായത് വിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. വൈക്കാട്ടോ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ് കുടുംബത്തെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയൽ എന്നിവരെയാണ് അബോധാവസ്ഥയിൽ നവംബർ പത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബാക്ടീരിയബാധ മൂലമുണ്ടാകുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയാണ് ഇവർക്കെന്നായിരുന്നു ഡോക്ടർമാർ ആദ്യം സംശയിച്ചിരുന്നത്. ബോട്ടുലിസം രോഗമാണെങ്കിൽ ഇവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ആക്സിഡന്റ് കോംപൻസേഷൻ കോർപ്പറേഷൻ (ACC) വ്യക്തമാക്കിയിരുന്നു.
ഇതോടെ ഭീമമായ മെഡിക്കൽ ചെലവ് ഇവർ സ്വയം വഹിക്കേണ്ടി വരും എന്ന അവസ്ഥയിലായിരുന്നു.
മാത്രമല്ല, ഇനി എത്ര കാലം കഴിഞ്ഞ് ജോലിക്ക് പോകാൻ കഴിയുമെന്ന് വ്യക്തമല്ലാത്തതിനാൽ ഈ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചും ആശങ്കകളുണ്ടായിരുന്നു.
എന്നാൽ ഇത് ബോട്ടുലിസം അല്ലെന്ന് കഴിഞ്ഞ മാസം ഡിസ്ചാർജ് നോട്ടിൽ ആശുപത്രി അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഷിബുവിന്റെ കുടുംബ സുഹൃത്തുക്കള് അഭിഭാഷകർ മുഖേന വീണ്ടും ആരോഗ്യവകുപ്പിനെ സമീപിച്ചത്. മെഡിക്കൽ പരിശോധന ഫലങ്ങളും എന്താണ് സംഭവിച്ചതെന്ന കണ്ടെത്തലും നൽകിയില്ലെങ്കിൽ നിയമനടപടികൾ തുടങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതോടെയാണ് ഷിബുവിനും കുടുംബത്തിനുമുണ്ടായത് നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷബാധയാണെന്ന് ജില്ലാ ആരോഗ്യബോർഡ് രേഖാമൂലം വ്യക്തമാക്കിയത്. എന്നാൽ ഏതു വിഷമാണെന്നോ, എങ്ങനെ വിഷബാധയുണ്ടായെന്നോ ഉള്ളകാര്യം അവർ വ്യക്തമാക്കിയിട്ടില്ലെന്ന് ഷിബുവിന്റെ കുടുംബവക്താവ് ജോജി വർഗീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ആശുപത്രി ബിൽ ലക്ഷങ്ങൾ; നഷ്ടപരിഹാരം ലഭിച്ചേക്കും
സർക്കാർ ഹെൽത്ത്കെയർ ഉള്ളതിനാൽ ഷിബുവിനും ഭാര്യ സുബിക്കും ചികിത്സ സൗജന്യമായിരുന്നു. എന്നാൽ ഷിബുവിന്റെ അമ്മ ഏലിക്കുട്ടിക്ക് രണ്ടു ലക്ഷം ഡോളറിന്റെ ആശുപത്രി ബില്ലാണ് ലഭിച്ചത്.
സന്ദർശക വിസയിലുള്ള ഏലിക്കുട്ടിക്ക് ഇൻഷുറൻസ് പരിരക്ഷയും ഇല്ലായിരുന്നു.
ഇത് 70,000 ഡോളർ ആക്കി കുറയ്ക്കാമെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ അത്രയും വലിയ തുക എങ്ങനെ കണ്ടെത്തും എന്നറിയാത്ത ആശങ്കയിലായിരുന്നു കുടുംബം.
എന്നാൽ, ബോട്ടുലിസമല്ല വിഷബാധയാണ് എന്ന് സ്ഥിരീകരണം ലഭിച്ച സാഹചര്യത്തിൽ ഇനി നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോജി വർഗ്ഗീസ് വ്യക്തമാക്കി.
നഷ്ടപരിഹാരം ലഭിക്കുകയാണെങ്കിൽ ആശുപത്രി ചെലവിന് പുറമേ, ഷിബുവിനും സുബിക്കും ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയുന്നതു വരെ മാസവരുമാനവും, തുടർചികിത്സയുടെ ചെലവും ലഭിക്കും.

Joji Varghese, spokesperson of Waikato family Source: Courtesy of Joji Varghese
ആരോഗ്യം പൂർവസ്ഥിതിയിലെത്തുമോ എന്ന് വ്യക്തതയില്ല
ഷിബുവിനെയും കുടുംബത്തെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും ഇപ്പോഴും ജോലിക്കു പോകാനോ വാഹനമോടിക്കാനോ യാത്ര ചെയ്യാനോ അനുവാദം നൽകിയിട്ടില്ല.
ശരീരം വിറയലും, അമിതമായ ക്ഷീണവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇപ്പോഴും ഇവർ നേരിടുന്നുണ്ട്. കൈ വിറയൽ മാറിയില്ലെങ്കിൽ നഴ്സായ സുബിക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്നും ജോജി വർഗീസ് പറഞ്ഞു.
ഇവർ ആശുപത്രിയിൽ കഴിഞ്ഞ സമയത്തുള്ള സാഹചര്യവും ജോജി വർഗീസ് വിശദീകരിച്ചു. നിയന്ത്രണമില്ലാതെ കൈകാലുകളിട്ടടിച്ചിരുന്ന ഇവരെ മുന്നോ നാലോ നഴ്സുമാർ ചേര്ന്ന് നിയന്ത്രിക്കേണ്ടി വന്നിരുന്നു.
പലപ്പോഴും കട്ടിലിനോട് ചേർത്ത് ബന്ധിപ്പിച്ചാണ് ഇവരെ ആശുപത്രിയിൽ കിടത്തിയിരുന്നതെന്നും ജോജി വർഗീസ് പറഞ്ഞു. അക്കാര്യങ്ങൾ ജോജി വർഗീസ് വിശദീകരിക്കുന്നത് കേൾക്കാം.
ഇറച്ചി കിട്ടിയത് എങ്ങനെ?
ഷിബുവിനും കുടുംബത്തിനും കാട്ടുപന്നിയുടെ ഇറച്ചി കിട്ടിയത് എങ്ങനെ എന്ന കാര്യവും വ്യക്തമായിട്ടുണ്ട്. അതേക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ....