ടാസ്‌മേനിയയില്‍ കാട്ടുതീ സീസണ്‍ തുടങ്ങി എന്നായിരുന്നു ഒരാഴ്ച മുമ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉണ്ടായ കാട്ടുതീയില്‍ 1000 ഹെക്ടറിലേറെ പ്രദേശമാണ് കത്തിയമര്‍ന്നത്.
എന്നാല്‍ കാട്ടുതീ നാശം വിതച്ച സെന്‍ട്രല്‍ ഹൈലാന്റ്‌സിലെ മിയെന പ്രദേശത്തുള്ളവര്‍ വ്യാഴാഴ്ച പുലര്‍ച്ചെ കണ്ടത് മറ്റൊരു കാഴ്ചയാണ്. നോക്കെത്താ ദൂരത്തോളം മഞ്ഞിന്റെ വെള്ളപ്പുതപ്പ് മാത്രം.
വെള്ളനിറമല്ലാതെ മറ്റൊന്നും കാണാനേയില്ല എന്നാണ് മിയെനയിലെ ഗ്രേറ്റ് ലേക്‌സ് ഹോട്ടലിന്റെ മാനജേര്‍ റോബ് മോര്‍ട്ടന്‍ പറയുന്നത്.
പുറത്തു ക്യാമ്പു ചെയ്യുകയായിരുന്ന ചിലര്‍ക്ക് അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞുവീഴ്ച ആശങ്ക പടര്‍ത്തിയെങ്കിലും, അവരെ ഹോട്ടലിന് ഉള്ളിലേക്ക് കൊണ്ടുവന്ന് സുരക്ഷിതരാക്കിയെന്നും അദ്ദേഹം അറിയിച്ചു.
പൂജ്യം ഡിഗ്രിക്കും താഴെയായിരുന്നു വ്യാഴാഴ്ച ഈ പ്രദേശങ്ങളിലെ താപനില.
ടാസ്‌മേനിയയുടെ തലസ്ഥാനമായ ഹോബാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഈ മഞ്ഞുവീഴ്ചയുണ്ടായി.

അതേസമയം, നവംബര്‍ മാസത്തിലെ മഞ്ഞുവീഴ്ച അസാധാരണ സംഭവമല്ല എന്ന് കാലാവാസ്ഥാ വകുപ്പിലെ ലൂക്ക് ജോണ്‍സന്‍ ചൂണ്ടിക്കാട്ടി.
എല്ലായ്‌പ്പോഴും ഇത് ഉണ്ടാകാറില്ലെങ്കിലും, ശീതക്കാറ്റ് ഉണ്ടായാല്‍ ഇത്തരം മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂപ്രതലത്തിന് ചൂടുള്ളതിനാല്‍ ഈ മഞ്ഞ് അധികനേരം നിലനില്‍ക്കില്ല.
അതേസമയം വാരാന്ത്യത്തിലും തണുത്ത കാലാവസ്ഥ തുടരും എന്നാണ് സംസ്ഥാനത്തെ മുന്നറിയിപ്പ്.
അപ്രതീക്ഷിതമായി മഞ്ഞുവീഴ്ചയുണ്ടായതോടെ പലരെയും എമര്‍ജന്‍സി വിഭാഗത്തിന് രക്ഷിക്കേണ്ടിയും വന്നു.

ക്രേഡ്ല്‍ പര്‍വതത്തിലെ ഓവര്‍ലാന്റ് ട്രാക്കില്‍ നിന്ന് ഒരു കുഞ്ഞുള്‍പ്പെട്ട മൂന്നംഗ കുടുംബത്തെയാണ് രക്ഷിച്ചത്. ഹൈക്കിംഗിന് പോയിരുന്ന ഈ കുടുംബം മഞ്ഞുവീഴ്ചയുണ്ടായതോടെ രാത്രി ടെന്റില്‍ അഭയം തേടുകയായിരുന്നു.

