കേരളത്തെ പുനർനിർമ്മിക്കാനായി ധനസമാഹരണം നടത്താനും സഹായമെത്തിക്കാനുമായി ഓസ്ട്രേലിയൻ മലയാളികൾ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നതിനൊപ്പമാണ്, ഓസ്ട്രേലിയയിൽ ജനിച്ചുവളർന്ന ഒട്ടേറെ മലയാളി കുട്ടികളും കേരളത്തിനു വേണ്ടി മുന്നോട്ടുവരുന്നത്.
മെൽബണിൽ വിക്ടോറിയൻ സ്കൂൾ ഓഫ് ലാംഗ്വേജസിന്റെ കീഴിൽ പ്രവർത്തിക്കുന്ന റോക്‌സ്ബർഗ്പാർക്ക് മലയാളം സ്‌കൂളിലെ കുട്ടികൾ ഒരു വീഡിയോയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചു.
കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ദൃശ്യങ്ങൾ ക്ലാസിൽ പ്രദർശിപ്പിച്ച ശേഷമാണ് സഹായം ചെയ്യാനായി ഇവർ മുന്നോട്ടുവന്നത്.
ചിലർ കളിപ്പാട്ടം വാങ്ങാൻ കരുതിവച്ച പണം കേരളത്തിന് സംഭാവനയായി നൽകാനാണ് തീരുമാനിച്ചതെങ്കിൽ, മറ്റു ചിലർ കുടുക്കയിൽ ഏറെക്കാലമായി ശേഖരിച്ചുവച്ച നാണയങ്ങളാണ് ദുരിതാശ്വാസഫണ്ടിലേക്ക് നൽകുന്നത്.
മറ്റു ചിലർ പ്രകൃതിയെ സംരക്ഷിക്കും എന്ന പ്രതിജ്ഞയെടുത്തിരിക്കുന്നു. ഭാവിയിൽ മരം മുറിക്കുകയോ പ്രകൃതിയെ നശിപ്പിക്കുകയോ ചെയ്യില്ലെന്നാണ് ഇവരുടെ ഉറപ്പ്.
ഇത്തരം സാഹായങ്ങളുമായി മുൻപോട്ടു വരുന്ന കുട്ടികൾ ഇനിയും ഉണ്ടെങ്കിൽ എസ് ബി എസ് മലയാളത്തെ അറിയിക്കുക. അവരെക്കുറിച്ചുള്ള വിവരങ്ങളും എസ് ബി എസ് മലയാളത്തിലൂടെ പങ്കുവയ്ക്കാം.