ഓസ്‌ട്രേലിയയിലെ സ്‌കൂളുകളിൽ കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രാവിണ്യം ലഭിച്ച അധ്യാപകരുടെ കുറവ് ഹൈ സ്‌കൂൾ കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നതായാണ് റിപോർട്ടുകൾ. ഇതേത്തുടർന്നാണ് കണക്കിലും, ശാസ്ത്രത്തിലും വിദഗ്ദ്ധരായ അധ്യാപകരെ രാജ്യത്തേക്ക് കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം പറഞ്ഞു.
ഇതിനായി കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ വിദേശത്തുനിന്നും വിദഗ്ദ്ധരായ അദ്ധ്യാപകരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ പ്രത്യേക വിസ പ്രാബല്യത്തിൽ കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി സൈമൺ ബിർമിങ്ഹാം അറിയിച്ചതായി ദി ഓസ്‌ട്രേലിയൻ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ പഠന നിലവാരം വിലയിരുത്തുന്ന പുതിയ പദ്ധതിയായ പ്രോഗ്രാം ഫോർ ഇൻറ്റർനാഷണൽ സ്റ്റുഡൻറ് അസ്സെസ്സ്മെൻറ് (PISA ) ൻറെ ഭാഗമായി നടത്തിയ പഠനങ്ങളാണ് കണക്കിലും, ശാസ്ത്രത്തിലും, വായനയിലും ഓസ്‌ട്രേലിയയിലെ 15 വയസ്സുകാരായ ഹൈ സ്‌കൂൾ കുട്ടികൾ പിന്നോട്ടാണെന്ന് കണ്ടെത്തിയത്.ഇതിനായി അദ്ധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
PISA യുടെ റിപ്പോർട്ട് പ്രകാരം നോർത്തേൺ ടെറിറ്റോറി, ടാസ്മാനിയ എന്നിവടങ്ങളിലെ കുട്ടികൾ ശരാശരി നിലവാരത്തിലും താഴെയാണെന്നും, സർക്കാർ സ്‌കൂളുകളിലെ കുട്ടികളെ അപേക്ഷിച്ച് സ്വകാര്യ സ്‌കൂളുകളിലെയും കത്തോലിക്കാ സ്‌കൂളുകളിലെയും കുട്ടികൾ മെച്ചപ്പെട്ട പഠന നിലവാരമാണ് കാഴ്ചവയ്ക്കുന്നതെന്നുമാണ് കണ്ടെത്തൽ.