പൗരത്വവും പാസ്സ്പോർട്ടുമൊക്കെ ഓസ്ട്രേലിയയിലാണെങ്കിലും കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പോലും സാകൂതം നിരീക്ഷിക്കുന്നവരാണ് ഓസ്ട്രേലിയൻ മലയാളികളിൽ പകുതിയോളം പേരും.
മറ്റ് പലരുടെയും പേര് കേരളത്തിലെ വോട്ടർ പട്ടികയിലുണ്ടെങ്കിലും വോട്ട് ചെയ്യാൻ കഴിയാറില്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇവരിൽ പലരും ആകാംക്ഷയുടെ മുൾ മുനയിലാണ് നിൽപ്. തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾ പുറത്തു വന്നതോടെ ചിലരുടെയെങ്കിലും രക്ത സമ്മർദ്ദം കൂടുകയും ചെയ്തു.
കേരളത്തിൽ വോട്ട് എണ്ണി തുടങ്ങുമ്പോൾ തന്നെ ഓസ്ട്രേലിയയിലെ ഹൈക്കമാൻറ്-പോളിറ്റ് ബ്യൂറോ യോഗങ്ങൾ ആരംഭിക്കുമെന്നാണ് ഓസ്ട്രേലിയയിലെ കേരള രാഷ്ട്രീയ പ്രവർത്തകർ പറയുന്നത്.
എല്ലാവരും ഒരുമിച്ച് കൂടിയിരുന്ന് റിസൾട്ട് കാണുമെങ്കിലും വിപുലമായ ആഘോഷ പരിപാടികൾ ഫല പ്രഖ്യാപനം വന്നിട്ട് മതിയെന്നാണ് സംഘടനകളുടെ തീരുമാനം. ആഘോഷമൊക്കെ സംഘടിപ്പിച്ചിട്ട് അവസാനം തോറ്റുപോയാൽ നാണക്കേടെന്നതു തന്നെ കാരണം.
തിരഞ്ഞെടുപ്പിൽ ഇടതുസർക്കാരിനൊരു മേൽക്കൈ ഉണ്ടെന്നാണ് നവോദയ ഓസ്ട്രേലിയയുടെ സെൻട്രൽ എക്സിക്യൂട്ടിവ് അംഗമായ റോയ് വർഗീസിന്റ വിലയിരുത്തൽ. നാട്ടിൽ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ഓരോ സംസ്ഥാനത്തെയും കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചിരുന്ന് വോട്ടെണ്ണൽ കാണുമെന്നും റോയ് വർഗീസ് പറയുന്നു.
ആഘോഷങ്ങളെല്ലാം ഫലം അറിഞ്ഞശേഷമെന്നാണ് കോൺഗ്രസ്സ് അനുകൂല സംഘടനയായ OICC യുടെ പ്രവർത്തകരും പറയുന്നത്. എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ OICC വിക്ടോറിയൻ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ്, കേരളത്തിൽ യുഡിഎഫ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.
ഇന്ത്യ ഭരിക്കുന്ന പാർട്ടി കേരളത്തിൽ ഇത്തവണ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബിജെപി അനുഭാവികളുടെ പ്രതീക്ഷ.
തിരഞ്ഞെടുപ്പിനോടടുത്ത രണ്ടു ദിവസങ്ങളിൽ, കേരളത്തിൽ ശക്തമായ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ബിജെപി അനുഭാവിയായ ഷൈൻ നായർ തുടർ ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയുന്നു. നാലു സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മിനിമം രണ്ട് സീറ്റെങ്കിലും ബിജെപിക്ക് നിയമസഭയിൽ ഉണ്ടാകുമെന്നാണ് ഷൈൻ നായരുടെ വിലയിരുത്തൽ.
ഓസ്ട്രേലിയൻ സമയം ഉച്ചക്ക് 12.30ന് ആരംഭിക്കുന്ന വോട്ടെണ്ണൽ കാണുവാൻ ഓസ്ട്രേലിയയിലെ കേരള രാഷ്ട്രീയക്കാർ മാത്രമല്ല മലയാളികളിൽ നല്ലൊരുഭാഗവും സ്ക്രീനുകൾക്ക് മുൻപിലുണ്ടാകുമെന്ന് ഉറപ്പാണ്.
തിരഞ്ഞെടുപ്പ് ഫലത്തിന്റ വിശദാംശങ്ങളും, ഫലത്തെ പറ്റിയുള്ള ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങളും എസ് ബി എസ് മലയാളത്തിന്റെ വെബ്സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും ലഭ്യമാകും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഫേസ്ബുക്കിലുടെ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.