കൊച്ചിയിലെ മുനമ്പത്ത് നിന്ന് കഴിഞ്ഞ ജനുവരി 12നാണ് ദേവമാതാ എന്ന മൽസ്യബന്ധന ബോട്ട് ന്യൂസിന്യൂസിലാന്റിലേക്ക് പുറപ്പെട്ടത്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ 240 ലേറെ പേരുമായി മാല്യങ്കര ബോട്ടുജെട്ടിയിൽനിന്നു പുറപ്പെട്ട ബോട്ട് കാണാതായിട്ട് ഒരു വർഷം പിന്നിടുമ്പോൾ ഇതേക്കുറിച്ച് വിവരം ഒന്നും ലഭിക്കാതെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്.
ഇതിനിടെ ബോട്ട് കാണാതായി ഒരു വർഷം കഴിയുമ്പോൾ കൂടുതൽ അന്വേഷണത്തിനായി കേരള പൊലീസിന്റെ പ്രത്യേക സംഘത്തെ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും അയയ്ക്കാൻ തീരുമാനിച്ചതായി കേസിന്റെ അന്വേഷണച്ചുമതലയുള്ള എറണാകുളം റൂറൽ എസ് പി കെ. കാർത്തിക് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കേരള പൊലീസിന്റെ പ്രത്യേക സംഘത്തെ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും അയയ്ക്കും
എസ് പി കെ. കാർത്തിക്
ഇതിനായി കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും എസ് പി കെ. കാർത്തിക് അറിയിച്ചു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുക്കളുടെ കണ്ണീരിൽ കുതിർന്ന കാത്തിരിപ്പ്
അതേസമയം, ഒരു വർഷമായി തങ്ങളുടെ ഉറ്റവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ തോരാത്ത കണ്ണീരുമായി കഴിയുകയാണ് ഇവരുടെ ബന്ധുക്കൾ.
2013ൽ ശ്രീലങ്കയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് ബോട്ടിലെത്തിയതാണ് സെന്തിൽ. സെന്തിലിന്റെ അമ്മയും സഹോദരിയുമടക്കം പത്ത് ബന്ധുക്കളാണ് ഈ ബോട്ടിലുള്ളത്. കാണാതായി ഒരു വർഷം പിന്നിടുമ്പോഴും ഇവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ ആശങ്കയോടെ ഓരോ ദിവസവും തള്ളിനീക്കുകയാണ് സെന്തിൽ.
"ഇവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യമെങ്കിലും അറിയാൻ കഴിഞ്ഞാൽ മതി," സെന്തിൽ എസ് ബി എസ് തമിഴിനോട് പറഞ്ഞു.
ബോട്ടിലുള്ളവർക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ കേരള പൊലീസിനും ചെന്നൈ പൊലീസിനും തുമ്പ് കിട്ടിയിട്ടും ഇവർ പുറത്ത് വിടാതിരിക്കുകയാണെന്ന് സംശയിക്കുന്നതായും ഇദ്ദേഹം സൂചിപ്പിച്ചു.
ഇത്തരത്തിൽ തങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയും വരവ് കാത്തിരിക്കുന്ന നിരവധി പേരാണുള്ളത്. ഡൽഹി അംബേദ്കർ നഗർ കോളനിയിലുള്ള കുറച്ച് ശ്രീലങ്കൻ തമിഴരും, ചെന്നൈയിൽ നിന്നുള്ളവരുമാണ് ഇതിൽ അധികവുമെന്നാണ് റിപ്പോർട്ടുകൾ.
കാണാതായ ബന്ധുക്കളെക്കുറിച്ച് വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ച് ഇവർ കഴിഞ്ഞ ജൂണിൽ ഡൽഹിയിൽ എത്തി നിവേദനം സമർപ്പിച്ചിരുന്നു.
വഴിമുട്ടി അന്വേഷണം
2019 ജനുവരി 12ന് മുനമ്പം തീരത്ത് നിന്നും പുറപ്പെട്ട ദേവമാതാ ബോട്ടിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസും അധികൃതരും.
ഇത് സംബന്ധിച്ച് ഇന്ത്യൻ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം എസ് ബി എസ് നോട് സ്ഥിരീകരിച്ചിരുന്നു.
കൂടാതെ, ഇന്ത്യൻ അധികൃതർ ഇന്റർപോളിന്റെ സഹായം തേടിയെങ്കിലും അന്വേഷണത്തിന് ഫലമുണ്ടായില്ലന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പുറമെ ഇന്ത്യൻ കോസ്റ്റ് ഗാർഡും നേവിയും കാണാതായവരെ കണ്ടെത്താൻ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇതും ഫലം കണ്ടില്ല.
ഇന്ത്യയിലും വിദേശത്തുമുള്ള അന്വേഷണ ഏജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.
കേസിന്റെ അന്വേഷണത്തിൽ കഴിഞ്ഞ വർഷം ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ഡസനിലേറെ ബാഗുകൾ മുനമ്പം തീരത്ത് നിന്നും കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
കടൽ മാർഗം വിദേശത്തേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് ഏജന്റുമാർ ആളുകളിൽ നിന്നും പണം വാങ്ങിയാണ് ഇവരെ ബോട്ടിൽ കയറ്റിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കാണാതായി ബോട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിവരങ്ങൾ അറിയാൻ ന്യൂസിലാന്റ് കുടിയേറ്റകാര്യ വകുപ്പിനെയും എസ് ബി എസ് മലയാളം ബന്ധപ്പെട്ടിരുന്നു.
2019 ജനുവരി 12ന് കേരളത്തിൽ നിന്നും ഒരു ബോട്ട് പുറപ്പെട്ടതായും ഇതുവരെ ഇതേക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നുമുള്ള കാര്യത്തെക്കുറിച്ചും അറിവുണ്ടെന്ന് ന്യൂസിലാന്റ് കുടിയേറ്റകാര്യ വകുപ്പ് എസ് ബി എസ് മലയാളത്തെ അറിയിച്ചു.
ന്യൂസിലാന്റ് ലക്ഷ്യമിട്ട് മനുഷ്യക്കടത്ത് വ്യാപകമാണെന്നും ഇത്തരത്തിൽ അനധികൃതമായി രാജ്യത്തെത്തുന്നവരെ പിടികൂടാൻ കർശന നിയമമാണ് ഇവിടെ നിലവിലുള്ളതെന്നും കുടിയേറ്റകാര്യ വകുപ്പ് അസോസിയേറ്റ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കാട്രിയോണ റോബിൻസൺ ഇമെയിൽ സന്ദേശത്തിലൂടെ എസ് ബി എസ് മലയാളത്തെ അറിയിച്ചു.
കാണാതായ ബോട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിവരങ്ങൾക്ക് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയത്തെയും എസ് ബി എസ് മലയാളം ബദ്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് വരെ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല.