ബൈ പറഞ്ഞാല്‍ പിഴ കിട്ടും: ഓസ്‌ട്രേലിയയിലെ ചില വിചിത്രമായ റോഡ് നിയമങ്ങള്‍

കാല്‍നടക്കാര്‍ക്കുമേല്‍ വെള്ളം തെറിപ്പിക്കാം, ബസ് സ്‌റ്റോപ്പിലല്ലെങ്കില്‍! അങ്ങനെ പല വിചിത്ര റോഡ് നിയമങ്ങളുമുണ്ട് ഓസ്‌ട്രേലിയയില്‍...

Vacation and travel

Source: iStockphoto

റോഡ് നിയമങ്ങള്‍ ശക്തമായ രാജ്യമാണ് ഓസ്‌ട്രേലിയ. അമിത വേഗത്തില്‍ വണ്ടിയോടിച്ചാലും, റെഡ് ലൈറ്റില്‍ നിര്‍ത്താതെ പോയാലും, മൊബൈല്‍ ഉപയോഗിച്ചാലുമെല്ലാം പിഴ ഉറപ്പ്.

പക്ഷേ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ചില റോഡ് നിയമങ്ങളുണ്ട്. കേട്ടാല്‍ അതിശയം തോന്നുന്നവ.

വെള്ളം തെറിപ്പിക്കാം, ബസ് സ്റ്റോപ്പല്ലെങ്കില്‍

ന്യൂ സൗത്ത് വെയില്‍സിലെ വിചിത്ര നിയമമാണ് ഇത്. ബസ് കാത്തു നില്‍ക്കുന്നവരുടെ മേല്‍ വെള്ളമോ ചെളിയോ തെറിപ്പിച്ചാല്‍ 187 ഡോളര്‍ പിഴ കിട്ടും. മൂന്നു ഡീമെറിറ്റ് പോയിന്റും കിട്ടാവുന്ന കുറ്റമാണിത്.
car splashes pedestrian, illustration of discourtesy
car splashes pedestrian, illustration of discourtesy Source: iStockphoto
എന്നാല്‍ മറ്റേതെങ്കിലും കാല്‍നടക്കാര്‍ക്കുമേല്‍ ചെളി തെറിപ്പിച്ചാലോ? നിയമം അതേക്കുറിച്ച് മിണ്ടുന്നതേയില്ല.

ഡോര്‍ ലോക്ക് ചെയ്തില്ലെങ്കില്‍ പിഴ

കാറില്‍ നിന്നിറങ്ങി പുറത്തേക്ക് പോകുമ്പോള്‍ ഡോര്‍ പൂട്ടാന്‍ മറന്നുപോകാറുണ്ടോ? പല സംസ്ഥാനങ്ങളിലും പിഴയും ഡീമെറിറ്റ് പോയിന്റും കിട്ടാവുന്ന കുറ്റമാണിത്.

ന്യൂ സൗത്ത് വെയില്‍സില്‍ ഡോര്‍ പൂട്ടാതെ പോയാല്‍ 112 ഡോളറാണ് പിഴ. രണ്ടു ഡീമെറിറ്റ് പോയിന്റും കിട്ടും.

എന്നാല്‍ കാറില്‍ നിന്ന് മൂന്നു മീറ്റര്‍ അകലെയായാല്‍ മാത്രമേ ഇത് കുറ്റമാകുന്നുള്ളൂ. അതായത്, കാറില്‍ നിന്ന് മൂന്നു മീറ്ററിനുള്ളിലാണെങ്കില്‍ ശിക്ഷയില്ലാതെ രക്ഷപ്പെടാം.

ക്വീന്‍സ്ലാന്റില്‍ ഈ മൂന്നു മീറ്റര്‍ കഴിഞ്ഞാല്‍ 40 ഡോളറാണ് പിഴ

ഡോര്‍ മാത്രമല്ല, വിന്‍ഡോയും പ്രശ്‌നമാണ്. പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ രണ്ടു സെന്റിമീറ്ററില്‍ കൂടുതല്‍ വിന്‍ഡോ തുറന്നു കിടന്നാല്‍ പിഴയീടാക്കും എന്നാണ് NSWലെ നിയമം. ക്വീന്‍സ്ലാന്റിലും വിക്ടോറിയയിലും അഞ്ചു സെന്റിമീറ്റര്‍ വരെ തുറന്നുകിടക്കാം.

ബൈ പറയരുത്, പിഴ കിട്ടും

കാറോടി തുടങ്ങുമ്പോള്‍ പുറത്തു നില്‍ക്കുന്നയാള്‍ക്ക് ബൈ പറഞ്ഞാല്‍ ചിലപ്പോള്‍ കാശ് പോകും. ഡ്രൈവറുടെയോ യാത്രക്കാരുടെയോ ശരീരഭാഗങ്ങളൊന്നും വാഹനത്തിന് പുറത്തുണ്ടാകാന്‍ പാടില്ല എന്നാണ് നിയമം.

കൈയും തലയും പുറത്തിടരുത് എന്നര്‍ത്ഥം. വിന്‍ഡോയില്‍ കൈമുട്ട് വച്ച് ഡ്രൈവ് ചെയ്താലും ഇതേ കുറ്റമാകാം.

ന്യൂ സൗത്ത് വെയില്‍സില്‍ 298 ഡോളറും മൂന്നു ഡീമെറിറ്റ് പോയിന്റും വിക്ടോറിയയില്‍ 141 ഡോളറുമാണ് ഇതിന്റെ ശിക്ഷ.
Vacation and travel
Source: iStockphoto
പക്ഷേ കൈ കൊണ്ട് സിഗ്നല്‍ കൊടുക്കാം. അതില്‍ പ്രശ്‌നമില്ല (വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ സിഗ്നല്‍ ഇല്ലാത്ത വാഹനങ്ങളില്‍ മാത്രമേ ഹാന്‍ഡ് സിഗ്നല്‍ പാടുള്ളൂ)

കുതിരയ്ക്കു വഴികൊടുക്കുക

കാറോടിക്കുമ്പോള്‍ പിറകേ ഒരു കുതിര വന്നാല്‍ എന്തു ചെയ്യും. ക്വീന്‍സ്ലാന്റിലാണെങ്കില്‍ കുതിരയുടെ അവസ്ഥ നോക്കണം. അല്‍പം അസ്വസ്ഥനാണ് കുതിരയെന്ന് കണ്ടാല്‍ - കുതിരക്കാരന്‍ കൈയുയര്‍ത്തി കാണിച്ചാല്‍ - കാര്‍ റോഡിന്റെ ഇടതുവശം ചേര്‍ത്ത് നിര്‍ത്തണം.

കാറിന്റെ ശബ്ദം കുതിരയെ വെകിളി പിടിപ്പിക്കില്ല എന്നുറപ്പിക്കാവുന്നത്ര അകലത്തില്‍ കുതിര എത്തിയിട്ടേ പിന്നെ ഡ്രൈവിംഗ് തുടങ്ങാവൂ.

ഹോണടിക്കാം, പക്ഷേ പൊല്ലാപ്പാകും

ഓസ്‌ട്രേലിയയില്‍ കാറോടിച്ചുതുടങ്ങുന്ന ഇന്ത്യാക്കാര്‍ ആദ്യം ചിന്തിക്കുന്ന കാര്യമായിരിക്കും - ഈ ഹോണ്‍ കൊണ്ടൊരു പ്രയോജനവുമില്ലല്ലോ എന്ന്. പക്ഷേ അതു വിചാരിച്ച് വെറുതേ ഹോണടിച്ചേക്കരുത്.

മറ്റു ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനല്ലാതെ ഹോണ്‍ ഉപയോഗിച്ചാല്‍ പിഴ ഉറപ്പാണ്. റോഡില്‍ അമിതമായി നിര്‍ത്താതെ ഹോണടിച്ചാല്‍ മാത്രമല്ല, ആര്‍ക്കെങ്കിലും ബൈ പറയാന്‍ ചെറുതായൊന്ന് ഹോണടിച്ചാലും.

76 ഡോളര്‍ മുതല്‍ 325 ഡോളര്‍ വരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇതിനുള്ള പിഴശിക്ഷ.

ട്രെയിന്‍ ട്രാക്ക് മറികടക്കുമ്പോള്‍...

ട്രെയിന്‍ പോയിക്കഴിഞ്ഞാലുടന്‍ ട്രാക്കു മുറിച്ചുകടക്കാന്‍ നോക്കരുത്. 800 ഡോളര്‍ വരെയാണ് പിഴ.

റെയില്‍വേ ക്രോസിംഗിലുള്ള എല്ലാ സിഗ്നലുകളും അണയും വരെ ട്രാക്കിലേക്ക് കടക്കാന്‍ പാടില്ല എന്നാണ് നിയമം. ട്രാക്കില്‍ നിന്ന് 20 മീറ്ററെങ്കിലും അകലെ മാത്രമേ കാര്‍ നിര്‍ത്തിയിരിക്കാന്‍ പാടുള്ളൂ.
Rail track
Source: Supplied

സ്റ്റോപ്പ് സിഗ്നലില്‍ മൂന്നു സെക്കന്റ്

റോഡില്‍ സ്റ്റോപ്പ് സിഗ്നല്‍ ഉണ്ടെങ്കില്‍ എന്തു ചെയ്യണം? കാര്‍ പൂര്‍ണമായും നിര്‍ത്തിയിട്ട് മാത്രമേ മുന്നോട്ടെടുക്കാവൂ എന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കും.

പക്ഷേ വെറുതേ ഒന്നു നിര്‍ത്തിയാല്‍ പോര, മൂന്നു സെക്കന്റെങ്കിലും നിര്‍ത്തിയിട്ടിരിക്കണം. ഇത് രണ്ടു സെക്കന്റായാല്‍ പോലും കുറ്റകരമാണ്.

ന്യൂ സൗത്ത് വെയില്‍സില്‍ 337 ഡോളറും മൂന്ന് ഡീമെറിറ്റ് പോയിന്റും, വിക്ടോറിയയില്‍ 322 ഡോളറും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 300 ഡോളറുമാ്ണ് ഇതിന്റെ ഫൈന്‍. ACTയിലും സൗത്ത് ഓസ്‌ട്രേലിയയിലും 419 ഡോളറും മൂന്നു പോയിന്റും പോകും.

കാര്‍ വില്‍ക്കാം, പക്ഷേ ബോര്‍ഡ് വേണ്ട

കാര്‍ വില്‍ക്കുന്നതിനായി അതിന്റെ വിന്‍ഡോയില്‍ തന്നെ ഫോര്‍ സെയില്‍ ബോര്‍ഡ് വച്ച് പോകുന്ന നിരവധി പേരുണ്ട്. പക്ഷേ ഇങ്ങനെ കാറോടിക്കുന്നതും, പാര്‍ക്കിംഗ് മേഖലകളില്‍ ഇടുന്നതും 360 ഡോളര്‍ വരെ ഫൈന്‍ കിട്ടാവുന്ന കുറ്റമാണ്.
For sale sign on car window
For sale sign on car window Source: Tetra images RF
മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കും എന്നതാണ് കാരണം.

ക്വീന്‍സ്ലാന്റില്‍ പല കൗണ്‍സിലുകളും റോഡ് സൈഡ് വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് എടുത്താല്‍ മാത്രമേ കാറില്‍ ഇത്തരം ബോര്‍ഡ് വയ്ക്കാന്‍ പാടുള്ളൂ.

(അവലംബം: സംസ്ഥാന റോഡ് ഗതാഗത വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍)




 


Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service