രാജ്യത്ത് അടുത്ത തിങ്കളാഴ്ച (ഫെബ്രുവരി 22) മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇതിനായി തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകിയ ഫൈസർ വാക്‌സിൻറെ ആദ്യ ഡോസ് തിങ്കളാഴ്ച സിഡ്‌നിയിലെത്തി.
വാക്‌സിൻ വിതരണത്തിനായി എല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളും സജ്ജമായതായി ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചിരുന്നു.
-60 ഡിഗ്രിക്കും -90 ഡിഗ്രി താപനിലക്കുമിടയിൽ ഫൈസർ വാക്‌സിൻ സൂക്ഷിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും വാക്‌സിനേഷൻ ഹബുകൾ പ്രവർത്തിക്കും.
ഈ ഹബുകളിലാണ് ആദ്യ ഘട്ടത്തിൽ ഫൈസർ വാക്‌സിൻ വിതരണം ചെയ്യുന്നതും.
ഓരോ സംസ്ഥാനത്തും ടെറിട്ടറിയിലുമുള്ള ഒന്നാം ഘട്ട എ വിഭാഗത്തിലുള്ളവർക്ക് എവിടെ നിന്നാണ് വാക്‌സിൻ ലഭിക്കുന്നതെന്ന് അറിയാം.
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്തെ ഏറ്റവും വലിയ 11 ആശുപത്രികളിലാണ് വാക്‌സിൻ സൂക്ഷിക്കുന്നത്.
വൈറസ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്കാണ് ഒന്നാം ഘട്ടത്തിൽ വാക്‌സിനേഷൻ നൽകുന്നത്.
റോയൽ പ്രിൻസ് ആൽഫ്രഡ്, വെസ്റ്റ്മീഡ്, ലിവർപൂൾ ആശപത്രികൾ, ഹോൺസ്ബി, സെയിന്റ് ജോർജ്, നേപ്പിയൻ, ന്യൂകാസിൽ, വൊള്ളോഗോങ്, കോഫ്സ് ഹാർബർ, ഡബ്ബോ, വാഗ വാഗ ആശുപത്രികൾ എന്നിവിടങ്ങിലുള്ള വാക്‌സിനേഷൻ ഹബുകളിലാണ് വാക്‌സിൻ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും.
സംസ്ഥാനത്ത് വാക്‌സിൻ ആദ്യം നൽകുന്നത് ക്വാറന്റൈൻ കേന്ദ്രത്തിലെ ജീവനക്കാർക്കാകുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറാജ്കളിയൻ അറിയിച്ചു.
ഇതിന് ശേഷം RPA, വെസ്റ്റ്മീഡ്, ലിവർപൂൾ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്കാകും വാക്‌സിനേഷൻ നൽകുക.
വിക്ടോറിയ
-60 ഡിഗ്രിക്കും -90 ഡിഗ്രി താപനിലക്കുമിടയിൽ സൂക്ഷിക്കേണ്ട ഫൈസർ വാക്‌സിനായി രണ്ട് ഫ്രീസറുകളാണ് മൊണാഷ് ഹെൽത്തിൽ തയ്യാറാക്കിയിരിക്കുന്നത്.
180,000 ഡോസുകൾ ഇവിടെ സൂക്ഷിക്കാൻ കഴിയുമെന്ന് മൊണാഷ് ഹെൽത്തിലെ ഇൻഫെക്ഷൻ പ്രിവൻഷന്റെ മെഡിക്കൽ ഡയറക്ടർ റോണ്ട സ്റ്റുവർട്ട് പറഞ്ഞു.
മൊണാഷ് ഹെൽത്തിലെ 20,000 ജീവനക്കാർക്ക് വാക്‌സിൻ നൽകും. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ജീവനക്കാർക്കാണ് ആദ്യം 5,000 ഡോസുകൾ നൽകുകയെന്ന് സ്റ്റുവർട്ട് പറഞ്ഞു.
വെസ്റ്റേൺ ഹെൽത്ത്, ഓസ്റ്റിൻ ഹെൽത്ത്, മൊണാഷ് ഹെൽത്ത്, ബാർവൺ ഹെൽത്ത്, ഗോൽബൻ വാലി ഹെൽത്ത്, ലാട്രോബ് ഹെൽത്ത്, ബെൻഡിഗോ ഹെൽത്ത്, ബല്ലാരറ്റ് ഹെൽത്ത്, ഓൾബറി-വൊടോംഗ ഹെൽത്ത് എന്നിവിടങ്ങളാണ് മറ്റ് ഹബുകൾ.
ക്വീൻസ്ലാൻറ്
കെയിൻസ് മുതൽ ഗോൾഡ് കോസ്റ്റ് വരെയുള്ള ആറ് ആശുപത്രികളിലാണ് ക്വീൻസ്ലാന്റിൽ ഫൈസർ വാക്‌സിൻ സൂക്ഷിക്കുന്നത്.
കെയിൻസ് ആശുപത്രി, ടൗൺസ്‌വിൽ ആശുപത്രി, റോയൽ ബ്രിസ്‌ബൈൻ- വിമൻസ് ആശുപത്രി, പ്രിൻസസ് അലക്‌സാൻട്ര ആശുപത്രി, സൺഷൈൻ കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രി, ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രി എവിടങ്ങളാണ് ഹബുകളായി പ്രവർത്തിക്കുന്നത്.
സൗത്ത് ഓസ്ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയിൽ മെട്രോപൊളിറ്റൻ പ്രദേശത്ത് നാല് ആശുപത്രികളിലും സംസ്ഥാനത്തിന്റെ ഉൾപ്രദേശത്തെ അഞ്ച് ആശുപത്രികളുമാണ് വാക്‌സിൻ ഹബുകളാകുന്നത്.
റോയൽ അഡ്‌ലൈഡ് ആശുപത്രി, ഫ്ലിൻഡേഴ്‌സ് മെഡിക്കൽ സെന്റർ, ലയേൽ മക്എവിൻ ആശുപത്രി, വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രി എന്നിവിടങ്ങളാണ് മെട്രോ പ്രദേശത്തെ വാക്‌സിൻ ഹബ്.
ബെറിയിലുള്ള റിവേർലാൻഡ് ജനറൽ ആശുപത്രി, മൗണ്ട് ഗാംബിയർ ആശുപത്രി,
Whyalla ആശുപത്രി, Pt Pirie ആശുപത്രി, Pt Augusta ആശുപത്രി തുടങ്ങിയവയാണ് ഉൾപ്രദേശങ്ങളിൽ ഹബുകൾ.
വെസ്റ്റേൺ ഓസ്ട്രേലിയ
സംസ്ഥാനത്തെ ആറ് ഹബുകളിലാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകി തുടങ്ങുന്നത്.
പെർത്ത് ചിൽഡ്രൻസ് ആശുപത്രി, ആൽബനി, കാൽഗൂർലി, പോർട്ട് ഹെഡ്ലാൻഡ്, ജെറാൾട്ടൻ ബ്രൂം എന്നിവിടങ്ങളിലുള്ള ഹെൽത് കാമ്പസുകളിലുമാണ് ആദ്യ ഘട്ട എ വിഭാഗത്തിലുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകുന്നത്.
ടാസ്മേനിയ
സംസ്ഥാനത്തെ മൂന്ന് ആശുപത്രികളാണ് വാക്‌സിനേഷൻ ഹബുകൾ.
റോയൽ ഹൊബാർട്ട് ആശുപത്രി (RHH), ലൻസെസ്റ്റൻ ജനറൽ ആശുപത്രി (LGH), ബേണിയിലുള്ള നോർത്ത്-വെസ്റ്റ് റീജിയണൽ ആശുപത്രി (NWRH) എന്നിവിടങ്ങളിലാണ് മുൻഗണന പട്ടികയിലുള്ളവർക്ക് വാക്‌സിൻ നൽകുന്നത്.
വാക്‌സിന്റെ ആദ്യ ബാച്ച് റോയൽ ഹൊബാർട്ട് ആശുപത്രിയിലാകും സൂക്ഷിക്കുക. പിന്നീട് മാർച്ച് മാസത്തോടെ ഇത് ലൻസെസ്റ്റൻ ജനറൽ ആശുപത്രി (LGH), നോർത്ത്-വെസ്റ്റ് റീജിയണൽ ആശുപത്രി
എന്നിവിടങ്ങളിലേക്ക് മാറ്റും.
നോർത്തേൺ ടെറിട്ടറി
ഫൈസർ വാക്‌സിൻ വിതരണം ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ ടെറിട്ടറിക്ക് 4,000 ഡോസുകൾ ലഭിക്കുമെന്ന് നോർത്തേൺ ടെറിട്ടറി സർക്കാർ പറഞ്ഞു.
റോയൽ ഡാർവിൻ ആശുപത്രിയാണ് ടെറിട്ടറിയിലെ ആദ്യ ഹബായി പ്രവർത്തിക്കുന്നത്.
കൂടാതെ ആലിസ് സ്‌പ്രിംഗ്‌സിലുള്ള 500 പേർക്കായി വരുന്ന ആഴ്ചകളിൽ ഒരു ഹബ് തുടങ്ങാനാണ് സർക്കാരിന്റെ പദ്ധതി.
ഇവിടെയുള്ളവർക്ക് വാക്‌സിൻ ലഭ്യമായ ശേഷം മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് വാക്‌സിൻ എങ്ങനെയാണ് ലഭ്യമാകുന്നതെന്ന കാര്യം വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി മൈക്കൽ ഗണ്ണർ പറഞ്ഞു.
ഓസ്‌ട്രേലിയൻ കാപിറ്റൽ ടെറിട്ടറി
ACT യിലെ Garran Surge Centre ആണ് വാക്‌സിനേഷൻ ഹബ്. മുൻഗണന പട്ടികയിലുള്ള അരിജിയ പ്രവർത്തകർക്ക് ആദ്യം വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി ആൻഡ്രൂ ബർ പറഞ്ഞു.
വാക്‌സിനേഷനായി എങ്ങനെ ബുക്ക് ചെയ്യണമെന്ന കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ഇമെയിൽ സന്ദേശം ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.