മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
2020-2021ലെ ലാ നിന പ്രതിഭാസത്തിന്റെ തീവ്രത കുറഞ്ഞതായി ഓസ്‌ട്രേലിയൻ കാലാവസ്ഥാ അധികൃതർ സ്ഥിരീകരിച്ചു.
ലാ നിന പ്രതിഭാസം ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ ഏതാനും ആഴ്ചകളായി കനത്ത നാശം വിതച്ചിരുന്നു .
ഈ വർഷം ഇനി ലാ നിനയിൽ നിന്ന് വലിയ ഭീഷണിയുണ്ടാകില്ല എന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്.
എന്നാൽ മഴയും കാറ്റുമില്ലാത്ത കാലാവസ്ഥയല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്നും ബ്യുറോ ഓഫ് മീറ്റിയറോളജിയിലെ നയോമി ബെന്ഗർ ചൂണ്ടിക്കാട്ടി.
ലാ നിന പ്രതിഭാസത്തിന്റെ സ്വാധീനം ഓസ്‌ട്രേലിയയിൽ കുറഞ്ഞിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ എന്ന് നയോമി വ്യക്തമാക്കി.
ലാ നിനയുടെ തീവ്രത കുറയുന്നതോടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ മഴക്കും മേഘാവൃതമായ അന്തരീക്ഷത്തിനും കാരണമാകാം എന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
ഉഷ്ണമേഖലയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ കാരണം ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്ത് അടുത്ത രണ്ടാഴ്ചകളിലായി മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.