വോട്ടെണ്ണൽ തുടങ്ങി നാലു മണിക്കൂറോളമായപ്പോഴാണ് ലിബറൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്കോട്ട് മോറിസൻ തോൽവി സമ്മതിച്ചത്.
ലേബർ നേതാവ് ആന്തണി അൽബനീസിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി മോറിസൻ അറിയിച്ചു.
അടുത്ത പ്രധാനമന്ത്രി എന്ന് അൽബനീസിയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മോറിസന്റെ പ്രസംഗം.
ലിബറൽ-നാഷണൽസ് സഖ്യത്തിന്റെ കൈവശമുണ്ടായിരുന്ന നിരവധി സീറ്റുകൾ പിടിച്ചെടുത്താണ് ലേബർ അധികാരത്തിലേക്ക് എത്തുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ നാലു മണിക്കൂർ കഴിഞ്ഞപ്പോൾ, 151 അംഗ പാർലമെന്റിൽ കുറഞ്ഞത് 72 സീറ്റുകൾ ലേബർ ജയിക്കുമെന്നാണ് പല തെരഞ്ഞെടുപ്പ് വിദഗ്ധരും പ്രവചിക്കുന്നത്.
ലിബറൽ-നാഷണൽ സഖ്യത്തിന് 52 സീറ്റുകൾ മാത്രമാണ് ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞത്.
ഗ്രീൻസും, സ്വതന്ത്രരും ഉൾപ്പെടെ മറ്റുള്ളവർ 11 സീറ്റുകൾ ഉറപ്പിച്ചു. 16ഓളം സീറ്റുകളിൽ ഇപ്പോഴും വ്യക്തതയില്ല.
എല്ലാ സീറ്റുകളിലും വോട്ടെണ്ണൽ തുടരുകയാണ്. വലിയൊരു വിഭാഗം പോസ്റ്റൽ വോട്ടുകളുള്ളതിനാൽ പല സീറ്റുകളിലെയും അന്തിമ ഫലം വരാൻ ഏറെ സമയമെടുത്തേക്കും.
നിലവിലെ പാർലമെന്റിൽ ലിബറൽ സഖ്യത്തിന് 75 സീറ്റുകളും, ലേബറിന് 68 സീറ്റുകളുമായിരുന്നു. ക്രോസ് ബഞ്ചിൽ എട്ടു പേരും.
പുതിയ പാർലമെന്റിൽ ക്രോസ് ബഞ്ച് അംഗങ്ങളുടെ എണ്ണം കൂടുമെന്നാണ് ഇതുവരെയുള്ള ട്രെന്റ് സൂചിപ്പിക്കുന്നത്.
ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ 76 സീറ്റുകളാണ് വേണ്ടത്. ലേബറിന് ഒറ്റയ്ക്ക് അത് ലഭിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സ്വതന്ത്രരുടെയോ, ചെറുപാർട്ടികളുടെയോ പിന്തുണയോടെ മാത്രമേ ലേബറിന് സർക്കാർ രൂപീകരിക്കാൻ കഴിയൂ.
മോറിസൻ പാർട്ടി നേതൃസ്ഥാനം ഒഴിയും
ലിബറൽ പാർട്ടിയുടെ അടുത്ത നേതൃയോഗത്തിൽ താൻ നേതൃസ്ഥാനം കൈമാറുമെന്ന് സ്കോട്ട് മോറിസൻ വ്യക്തമാക്കി.
ഭരണം നഷ്ടമായാൽ പ്രധാനമന്ത്രി പാർട്ടി നേതൃസ്ഥാനം ഒഴിയുന്നതാണ് ഓസ്ട്രേലിയയിൽ പതിവ്. ഭൂരിഭാഗം പേരും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാറുമുണ്ട്.
ലിബറൽ പാർട്ടിയെയും ഓസ്ട്രേലിയയെയും നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സ്കോട്ട് മോറിസൻ പറഞ്ഞു.
പ്രവചനങ്ങൾ എല്ലാം എതിരായിരുന്ന സാഹചര്യത്തിൽ നിന്നാണ് 2019ൽ സ്കോട്ട് മോറിസന്റെ നേതൃത്വത്തിൽ ലിബറൽ സഖ്യം അധികാരം നിലനിർത്തിയത്.
എന്നാൽ അതിനു ശേഷം, കാട്ടുതീ നേരിടുന്നതിലുണ്ടായ വീഴ്ചയും, പാർലമെന്റിൽ സ്ത്രീകൾക്കെതിരെയുണ്ടായ പീഡനങ്ങൾ നേരിടുന്നതിലെ കാലതാമസവും മോറിസനെതിരെ ജനവികാരം ഉയർത്തി.
ലിബറൽ പാർട്ടിയിലെ തന്നെ പലരും സ്കോട്ട് മോറിസനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Scott Morrison arrives to concede defeat at the Federal Liberal Reception during the at The Fullerton Hotel 2022 Federal Election, Sydney, Saturday 21 May 2022. Source: AAP
കൊവിഡ് കാലത്ത് സർക്കാർ സ്വീകരിച്ച നടപടികൾ വ്യാപകമായി സ്വീകരിക്കപ്പെടുകയും, രാജ്യത്തെ സാമ്പത്തികരംഗം മെച്ചപ്പെടുകയും ചെയ്തെങ്കിലും, മറ്റു ഘടകങ്ങൾ എതിരായതാണ് സ്കോട്ട് മോറിസനെ അധികാരത്തിന് പുറത്തേക്ക് നയിച്ചത്.